ദുബായിൽ മലയാളിയെ തട്ടിക്കൊണ്ടുപോയി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ മൂന്ന് പാക്കിസ്ഥാനികൾക്കെതിരെ കേസ്. പേരൂർക്കട സ്വദേശി അനിൽ വിൻസെന്റിനെയാണ് കൊലപ്പെടുത്തിയത്. ഇദ്ദേഹത്തോടൊപ്പം ജോലി ചെയ്തിരുന്നവർ ഉൾപ്പെടെ മൂന്നു പേർക്കെതിരെയാണ് കേസ്. ജനുവരി രണ്ടിനാണ് അനിലിനെ കാണാതായത്.
ദുബായിലെ ട്രേഡിങ് കമ്പനിയിൽ പിആർഒയാണ് അനിൽ. ഇതേ കമ്പനിയിൽ ജോലി ചെയ്യുന്ന സഹോദരൻ പ്രകാശിന്റെ നിർദേശപ്രകാരം സ്റ്റോക്ക് പരിശോധനയ്ക്ക് അനിൽ പാക്കിസ്ഥാൻ സ്വദേശിക്കൊപ്പം പോവുകയായിരുന്നു. പിന്നെ മടങ്ങിയെത്തിയില്ല. കുടുംബത്തിന്റെ പരാതിയെ തുടർന്നുള്ള അന്വേഷണത്തിലാണു പ്രതികൾ പിടിയിലായത്.
കേസ് കൊടുക്കാനും അന്വേഷണത്തിനും പ്രകാശിനും ഓഫിസ് ജീവനക്കാർക്കും ഒപ്പം പ്രതിയായ പാക്കിസ്ഥാനിയും ഉണ്ടായിരുന്നു. പിന്നീട് ഒളിവിൽ പോയ ആളെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൃതദേഹം മറവു ചെയ്യാൻ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറായ പാക്കിസ്ഥാനി പൗരൻ നാട്ടിലേക്ക് കടന്നുകളഞ്ഞു.
കൊലപാതകത്തിനു സഹായിച്ച മറ്റു രണ്ടുപേരാണ് കസ്റ്റഡിയിലുള്ളത്. ജോലി സംബന്ധമായ മുൻ വൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന നിഗമനമാണു പൊലീസിന്റേതെന്നു ബന്ധുക്കൾ പറയുന്നു. അനിലിന്റെ ഭൗതികശരീരം നാട്ടിലെത്തിച്ച് സംസ്കരിച്ചു.