അയോധ്യ ; അയോധ്യയിലെ രാമക്ഷേത്രത്തിൽ രാംലല്ല പ്രതിഷ്ഠ പൂർത്തിയായി.51 ഇഞ്ച് ഉയരമുള്ള കൃഷ്ണശിലയിൽ കൊത്തിയെടുത്ത മൂന്നടി വീതിയുള്ള വിഗ്രഹം അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ ഗർഭഗൃഹത്തിൽ പ്രതിഷ്ഠിച്ച ഭക്തിസാന്ദ്രമായ നിമിഷം കൊണ്ടാടുകയാണ് അയോധ്യ .
കാശിയിലെ ഗണേശ്വർ ശാസ്ത്രി ദ്രാവിഡിന്റെ മേൽനോട്ടത്തിൽ പണ്ഡിറ്റ് ലഷ്മീകാന്ത് ദീക്ഷിതാണ് പൂജകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചത്. 12:29:8 മുതൽ 12:30: 32 നാഴിക വരെയുള്ള പവിത്രമായ അഭിജിത്ത് മുഹൂർത്തത്തിലായിരുന്നു പ്രാണ പ്രതിഷ്ഠ. 84 സെക്കൻഡ് നേരത്തോളം ചടങ്ങ് നീണ്ടു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങ് .
ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്, ശ്രീരാമ ജന്മഭൂമി തീർത്ഥ ട്രസ്റ്റ് അദ്ധ്യക്ഷൻ മഹന്ത് നൃത്യഗോപാൽ ദാസ്, ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവരുടെയും സാന്നിധ്യമുണ്ടായിരുന്നു. രാം ലല്ലയുടെ വിഗ്രഹത്തിന്റെ കണ്ണുകൾ തുറന്ന് അഞ്ജനമെഴുതി. കണ്ണാടി ഉപയോഗിച്ച് ഭഗവാൻ തന്നെ ആദ്യം ഭഗവാനെ കണ്ട ഈ ധന്യമുഹൂർത്തത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ ഹെലികോപ്റ്ററുകൾ അയോദ്ധ്യയുടെ മണ്ണിലേക്ക് പുഷ്പവൃഷ്ടി നടത്തി. ചടങ്ങുകൾക്ക് മുന്നോടിയായി 50 സംഗീതോപകരണങ്ങൾ ഉപയോഗിച്ചുള്ള മംഗളധ്വനി ക്ഷേത്ര പരിസരത്ത് മുഴങ്ങി.
അഞ്ച് വയസുകാരന്റെ രൂപത്തിലാണ് ശ്രീരാമ വിഗ്രഹം കൊത്തിയെടുത്തത്. 300 കോടി വർഷം പഴക്കമുള്ള കല്ലിലാണ് പ്രശസ്തനായ അരുൺ യോഗി രാജ് വിഗ്രഹം കൊത്തിയെടുത്തത്. ആടയാഭരണങ്ങൾ അണിഞ്ഞ വിഗ്രഹത്തിന്റെ ഇടതുകയ്യിൽ അമ്പും വില്ലുമുണ്ട്. 200 കിലോയോളം ഭാരമാകും വിഗ്രഹത്തിനുള്ളത്.