ഇടുക്കി : മാത്യു കുഴൽ നാടൻ എം.എൽ.എക്കെതിരെ നിർണായക കണ്ടെത്തലുമായി വിജിലൻസ് . മാത്യു കുഴല്‍നാടന്‍ എംഎല്‍എ വാങ്ങിയ ചിന്നക്കനാലിലെ ഭൂമി 2008 ലെ മിച്ചഭൂമി കേസിൽ ഉൾപ്പെട്ട സ്ഥലമാണെന്നും പുറമ്പോക്ക് ഭൂമി കയ്യേറിയാണ് മാത്യു കുഴൽ നാടൻ എം.എൽ.എ മതില്‍ നിര്‍മ്മിച്ചതെന്നും വിജിലൻസ് പറയുന്നു . കൂടാതെ 50 സെന്റ് ഭൂമി കയ്യേറിയതെന്നും കണ്ടെത്തി.

ഭൂമി രജിസ്‌ട്രേഷനിലും ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെന്നാണ് വിവരം. 1000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടം, രജിസ്‌ട്രേഷന്‍ സമയത്ത് മറച്ചുവെച്ചെന്നും ഇതിലൂടെ നികുതി വെട്ടിപ്പ് നടത്തിയെന്നും വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

അതേ സമയം ഇത് മാസപ്പടി വിവാദത്തിൽ വീണയ്ക്കെതിരെ താൻ പ്രതികരിച്ചതിന്റെ രാഷ്ട്രീയ പക പോക്കലാണെന്നും താൻ മിണ്ടാതിരുന്നുവെങ്കിൽ തനിക്കെതിരെ ഇത്തരമൊരു കേസ് ഉണ്ടാകുമായിരുന്നില്ലെന്നുമാണ് മാത്യു കുഴൽ എം.എൽ.എയുടെ പക്ഷം .


ഏത് അന്വേഷണവും സ്വാഗതം ചെയ്യുന്നു. വിഷയം പെട്ടെന്ന് ഉയർന്നുവന്നതു മാസപ്പടി വിഷയം ഉയർന്നുവന്നതിനു ശേഷമാണ്. പൊതുജനത്തിനു മുമ്പിൽ സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു നടപടിയെങ്കിൽ അത് അനുവദിക്കില്ല. ഭൂമി തന്ന ആളുകൾ ഇട്ടിട്ടുള്ള അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്.

ഞാൻ വാങ്ങിയശേഷം പ്രത്യേകമായി അളന്നിട്ടില്ല. ആധാരത്തിൽ ഉള്ളതിനെക്കാൾ കൂടുതൽ ഭൂമി കൈവശം ഉണ്ടെന്ന് അറിയാമോ എന്ന് വിജിലൻസ് ചോദിച്ചു. പരിശോധിച്ചിട്ടില്ലെന്നും നിങ്ങൾ പരിശോധിച്ചു കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതനുസരിച്ചുള്ള നടപടി സ്വീകരിക്കാമെന്നും പറഞ്ഞു’’– മാത്യു കുഴൽനാടൻ പറഞ്ഞു.