തൃശ്ശൂർ : മകൾ ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരേഷ് ​ഗോപി സമ്മാനമായി നൽകുക സ്വർണത്തളിക. സ്വർണം കൊണ്ടുള്ള കരവിരുതിൽ വിദഗ്ധനായ അനു അനന്തനാണ് സ്വർണ തളിക നിർമ്മിച്ചത്.

സ്വർണ തളിക എസ്പിജി ഉദ്യോഗസ്ഥർ പരിശോധിക്കുകയും സുരക്ഷ ഉറപ്പാക്കുകയും ചെയ്തിട്ടുണ്ട്.‌പ്രധാനമന്ത്രി ഗുരുവായൂരിലെത്തുമ്പോഴാണ് മോദിയ്ക്ക് സുരേഷ് ഗോപി സ്വർണ തളിക സമ്മാനിക്കുക. ജനുവരി 17നാണ് ഭാ​ഗ്യ സുരേഷിന്റെ കല്യാണം.

അതേസമയം രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി കേരളത്തിലെത്തിയത്. നാളെ രാവിലെ ഏഴിനു ഗുരുവായൂർ ശ്രീകൃഷ്ണ കോളജ് ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രിയെ ജില്ലാ ഭരണകൂടവും ബിജെപി നേതാക്കളും സ്വീകരിക്കും.

ഗുരുവായൂർ ശ്രീവത്സം ഗസ്റ്റ് ഹൗസിലാണ് അദ്ദേഹത്തിനു വിശ്രമം. ഇവിടെ നിന്നു ക്ഷേത്രത്തിലേക്ക്. 7.40നായിരിക്കും അദ്ദേഹം ദർശനത്തിനായി എത്തുക. 20 മിനിറ്റ് സമയം അദ്ദേഹം ദർശനം നടത്തും. അവിടെ വച്ച് പ്രധാനമന്ത്രി താമര കൊണ്ടു തുലാഭാരം നടത്തുമെന്നുള്ള സൂചനയുണ്ട്.