മുഖ്യന്റെ ഹെലികോപ്റ്ററിന് വാടക: 50 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചു

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനാണോ കേരളത്തില്‍ ഏറ്റവും ചെലവുള്ള വ്യക്തിയെന്ന് സംശയമുണ്ടാക്കുന്ന കണക്കുകളാണ് ഓരോദിവസവും പുറത്തുവരുന്നത്.

വര്‍ഷംതോറും കോടികളുടെ അറ്റകുറ്റപ്പണികളും നിര്‍മ്മാണ പ്രവൃത്തികളും നടക്കുന്ന ഔദ്യോഗിക വസതിയും, വര്‍ഷാവര്‍ഷം മാറുന്ന കാറുകളുടെ എണ്ണവും, ദിവസേനയെന്നോണം കൂടുന്ന അകമ്പടി സേനകളുടെയും കണക്കുകള്‍ കേട്ട് മലയാളികള്‍ ഞെട്ടുന്നുണ്ടെന്നത് വസ്തുതയാണ്.

അതേ മുഖ്യമന്ത്രിയുടെ യാത്രക്കുവേണ്ടി വാടകക്ക് എടുത്തിട്ടിരിക്കുന്ന ഹെലികോപ്റ്ററിന്റെ വാടക നല്‍കാന്‍ 50 ലക്ഷം രൂപ അധിക ഫണ്ടായി അനുവദിച്ചിരിക്കുകയാണ് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിലെ ധനസ്ഥിതി പരുങ്ങലിലാണെന്ന കാരണം പറഞ്ഞ് അടച്ചിടലിന് സമാനമായ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ട്രഷറി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് അരക്കോടി രൂപ അനുവദിച്ചിരിക്കുന്നത്.

80 ലക്ഷം രൂപയാണ് മുഖ്യന്റെ ഹെലികോപ്റ്ററിന്റെ ഒരു മാസത്തെ വാടക. ഹെലികോപ്റ്ററിന്റെ വാടക നല്‍കാന്‍ പോലിസിന്റെ ബജറ്റ് ശീര്‍ഷകത്തില്‍ 30 ലക്ഷം രൂപ മാത്രമാണ് ഉണ്ടായിരുന്നത്. വാടക നല്‍കാന്‍ 50 ലക്ഷം അധിക ഫണ്ട് വേണമെന്ന് ഡിസംബര്‍ 4 ന് സംസ്ഥാന പോലീസ് മേധാവി മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

പണം ഉടന്‍ അനുവദിക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആഭ്യന്തരവകുപ്പ്അധിക ഫണ്ട് ആവശ്യപ്പെട്ട് ധനവകുപ്പിനെ സമീപിക്കുക ആയിരുന്നു. ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തി 50 ലക്ഷം അധിക ഫണ്ട് അനുവദിച്ച് ധനവകുപ്പ് ഇന്നലെ ഉത്തരവിറക്കി.

1 ലക്ഷം രൂപക്ക് മുകളില്‍ ഉള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ മുന്‍കൂര്‍ അനുമതി വേണമെന്നുള്ള ട്രഷറി നിയന്ത്രണത്തില്‍ ഇളവ് വരുത്തിയതു കൊണ്ട് ഹെലിക്കോപ്റ്റര്‍ വാടക ചിപ്‌സണ്‍ ഏവിയേഷന് ലഭിക്കും. ഒക്ടോബര്‍ 20 മുതല്‍ നവംബര്‍ 19 വരെയുള്ള വാടകയാണ് സര്‍ക്കാര്‍ അനുവദിച്ചത്.

2 മാസത്തെ ഹെലികോപ്റ്റര്‍ വാടക കുടിശികയാണ്. നവംബര്‍ 20 മുതല്‍ ഡിസംബര്‍ 19 വരെയുള്ള വാടക കുടിശിക ലഭിക്കണമെന്നാവശ്യപ്പെട്ട് ചിപ്‌സണ്‍ ഏവിയേഷന്‍ പോലിസ് മേധാവിക്ക് കത്ത് നല്‍കിയിട്ടുണ്ട്. കത്ത് ഉടന്‍ സര്‍ക്കാരിലേക്ക് കൈമാറും. 80 ലക്ഷം വാടകക്ക് 25 മണിക്കൂര്‍ പറക്കാം. തുടര്‍ന്നുള്ള ഓരോ മണിക്കൂറിനും 90000 രൂപ അധികം നല്‍കണം. ഒരു വര്‍ഷം ഹെലികോപ്റ്റര്‍ വാടകക്ക് വേണ്ടത് 9.6 കോടി രൂപയാണ്. ഉപയോഗം കൂടിയാല്‍ തുക ഉയരും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments