പട പേടിച്ച് സെക്രട്ടേറിയറ്റിലെത്തിയപ്പോള്‍ അവിടെ പന്തം കൊളുത്തി പടയെന്ന് പിണറായി; ശുചീകരണ തൊഴിലാളികള്‍ക്ക് ഇനിമുതല്‍ കറുത്ത ഓവർകോട്ട്
തിരുവനന്തപുരം: കേരള മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ കറുപ്പില്‍ നിന്ന് അകറ്റി നിർത്താൻ അഹോരാത്രം പണിയെടുക്കുന്നവരാണ് കേരളത്തിലെ പോലീസുകാർ. മുഖ്യമന്ത്രി സഞ്ചരിക്കുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച് ആരെയെങ്കിലും കണ്ടാൽ ആട്ടിയോടിക്കപ്പെടുന്നതും അകത്താക്കപ്പെടുന്നതും കേരളത്തില്‍ ഇപ്പോള്‍ സർവ്വ സാധാരണമാണ്.
അതേ, പിണറായുടെ ഭരണസിരാകേന്ദ്രത്തില്‍ ഇനി കറുപ്പിൻ്റെ അഴക് നിറയും. കറുത്ത വസ്ത്രത്തോടുള്ള പിണറായിയുടെ അലർജി കേരളം മുഴുവൻ പാട്ടാണെങ്കിലും സെക്രട്ടേറിയറ്റിൽ ഇതൊന്നും ഒരു വിഷയമല്ല.
സെക്രട്ടേറിയേറ്റിലെ ശുചീകരണ ജീവനക്കാർക്ക് കറുത്ത കളർ ഓവർ കോട്ട് വാങ്ങിച്ചിരിക്കുകയാണ് . 188 കറുത്ത ഓവർ കോട്ടാണ് വാങ്ങിയിരിക്കുന്നത്. കൈത്തറി വികസന കോർപ്പറേഷനിൽ നിന്ന് വാങ്ങിയ 188 കറുത്ത ഓവർ കോട്ടിന് 96,726 രൂപയാണ് വില. പണം സർക്കാർ ഖജനാവിൽ നിന്ന് നൽകി പുതുവർഷദിനം ഉത്തരവും ഇറങ്ങി.
ഒരു ഓവർ കോട്ടിന് 514 രൂപയാണ് വില. കറുത്ത ഓവർ കോട്ടും അണിഞ്ഞ് സെക്രട്ടേറിയേറ്റ് വൃത്തിയാക്കാൻ ശുചീകരണ തൊഴിലാളികൾ ഇറങ്ങിയാൽ പ്രതിഷേധം ആണോയെന്ന് പോലിസോ , പിണറായിയോ തെറ്റിദ്ധരിക്കുമോ എന്ന ആശങ്കയിലാണ് ശുചീകരണ തൊഴിലാളികൾ .
എ.ഡി.ജി.പി അജിത് കുമാർ അറിഞ്ഞാൽ ഓവർ കോട്ടിന്റെ കളർ മാറ്റാൻ ശുപാർശ നൽകാനും സാധ്യതയുണ്ടെന്നുവരെ സെക്രട്ടേറിയറ്റിലെ കോറിഡോറുകളില്‍ അടക്കം പറച്ചിലുകളുണ്ട്. കറുത്ത ഓവർ കോട്ട് വാങ്ങാൻ ഉത്തരവിറക്കിയ അഡീഷണൽ സെക്രട്ടറി സി.പി.എമ്മിന്റെ സംഘടന നേതാവ് കൂടിയാണ്.
സി.പി.എമ്മിന്റെ സെക്രട്ടേറിയേറ്റ് വിലാസം സംഘടനയായ കേരള സെക്രട്ടേറിയേറ്റ് എംപ്ലോയിസ് അസോസിയേഷന്റെ പ്രസിഡണ്ടാണ് ഉത്തരവിറക്കിയ അഡീഷണൽ സെക്രട്ടറി പി. ഹണി. മുഖ്യമന്ത്രിയുടെ സുരക്ഷയെ കരുതി കറുത്ത ഓവർ കോട്ട് മാറ്റാൻ തീരുമാനിച്ചാൽ ഖജനാവിൽ നിന്ന് ഓവർ കോട്ട് വാങ്ങാൻ വീണ്ടും 96,726 രൂപ കൂടി ചെലവിടേണ്ടി വരും.
പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തളം ബാലന്റെ ഗാനമേള എന്ന അവസ്ഥയിലായി പിണറായി വിജയൻ. നവകേരള ബസിന് കാസർകോഡ് മുതൽ തിരുവനന്തപുരം വരെ കറുത്ത വസ്ത്രം അണിഞ്ഞുള്ള പ്രതിഷേധം കണ്ട് കലിപ്പിലായ പിണറായി വിജയൻ സെക്രട്ടേറിയേറ്റിൽ എത്തിയപ്പോൾ 188 ജീവനക്കാർ കറുത്ത ഓവർ കോട്ട് അണിഞ്ഞ് നിൽക്കുന്ന കാഴ്ച കണ്ടാൽ എങ്ങനെയാകും പ്രതികരണം എന്ന് കാത്തിരുന്ന് കാണേണ്ടിവരും.
- ട്രഷറി നിയന്ത്രണം 25 ലക്ഷമാക്കി ഉയർത്തി കെ.എൻ. ബാലഗോപാൽ
- ആശ്രിത നിയമനം: ജീവനക്കാരൻ മരണമടഞ്ഞ് ഒരു വർഷത്തിനകം വരുമാന സർട്ടിഫിക്കറ്റ് സമർപ്പിക്കണം
- നോർക്ക റൂട്ട്സില്‍ പെൻഷൻ പ്രായം 60 വയസാക്കാൻ തീരുമാനം
- ധനവകുപ്പിനെ സംരക്ഷിക്കുക; KSR എടുത്തു മാറ്റിയതിനെതിരെ ജീവനക്കാർ
- തദ്ദേശത്തിൽ UDF മിന്നും വിജയം; ഭരണ വിരുദ്ധ വികാരം അതിശക്തം