പത്തനംതിട്ട : ബിജെപി അംഗത്വം സ്വീകരിച്ചതോടെ റവ.ഫാ.ഷൈജു കുര്യന്‍ സഭാ ചുമതലകളില്‍ നിന്ന് പുറത്ത്. ഭദ്രാസന സെക്രട്ടറി ഫാ. ഷൈജു കുര്യനെ നിലവിലെ എല്ലാ ചുമതലകളില്‍ നിന്നും നീക്കുകയായിരുന്നു.ഇന്നലെ രാത്രിയില്‍ ചേര്‍ന്ന ഭദ്രാസന കൗണ്‍സിലിന്റേതാണ് തീരുമാനം.
അതോടൊപ്പം ഷൈജു കുര്യനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കമ്മീഷനേ നിയോഗിച്ചു.ഓര്‍ത്തഡോക്‌സ് സഭ അധ്യക്ഷന്‍ നിയോഗിക്കുന്ന കമ്മീഷനാണ് പരാതികള്‍ അന്വേഷിക്കുക. രണ്ടു മാസത്തിനുള്ളില്‍ കമ്മീഷന്‍ അന്വേഷണം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് നല്‍കുവാനും തീരുമാനമായി.
അതേ സമയം നടപടിയില്‍ പ്രതികരിച്ച് ഫാ. ഷൈജു കുര്യന്‍ രംഗത്തെത്തി. തന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് സഭാനേതൃത്വം അവധി അനുവദിച്ചതെന്ന് ഷൈജു കുര്യന്റെ പ്രതികരണം. താന്‍ കൂടി ആവശ്യപെട്ടിട്ടാണ് അന്വേഷണമെന്നും ഷൈജു കുര്യന്‍ പറഞ്ഞു .
കഴിഞ്ഞ കൃസ്തുമസ് ആഘോഷ വേളയിലാണ് ഷൈജു കുര്യനോടൊപ്പം ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള 47 പേര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചത്. ഇതിന് ശേഷം പിന്നാലെ പരസ്യപ്രതിഷേധുമായി ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ രംഗത്തെത്തിയിരുന്നു.
ഫാദര്‍ ഷൈജു കുര്യനെിരെ പ്രതിഷേധം കടുപ്പിച്ച് ഒരു വിഭാഗം വിശ്വാസികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായ റവ. ഫാ. ഷൈജു കുര്യനെ വൈദികവൃത്തിയില്‍നിന്നു മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ബിജെപി അംഗത്വമെടുത്ത ഫാ. ഷൈജു കുര്യനെതിരെ നിരവധി പരാതികള്‍ നേരത്തെതന്നെ ഉണ്ടെന്നും ഇതില്‍നിന്നു രക്ഷനേടാനാണ് ദേശീയ പാര്‍ട്ടിയെ സമീപിച്ചതെന്നും ഇവര്‍ ആരോപിച്ചിരുന്നു. നിരവധിആരോപണം നേരിടുന്ന ഒരാള്‍ സഭാ സെക്രട്ടറിയായിരിക്കാന്‍ യോഗ്യനല്ലെന്നും വൈദിക സ്ഥാനത്തുനിന്ന് അടിയന്തരമായി ഇദ്ദേഹത്തെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് സഭാ വിശ്വാസികള്‍ പ്രതിഷേധിച്ചത്.
ചൊവ്വാഴ്ച ഭദ്രാസന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍ വൈദികനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.പ്രതിഷേധം ഉണ്ടാവുമെന്ന് സൂചനകള്‍ ലഭിച്ചതിനാല്‍ സഭാ നേതൃത്വം ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവെച്ച സംഭവും ഉണ്ടായിട്ടുണ്ട്.