പത്തനംതിട്ട : റവ.ഫാ.ഷൈജുകുര്യന്‍ ബിജെപി അംഗത്വം സ്വീകരിച്ചതോടെ സഭാ ആസ്ഥാനമുള്‍പ്പെടെ അസ്വസ്ഥമായിരിക്കുകയാണ്.ഫാദര്‍ ഷൈജുകുര്യനെിരെ പ്രതിഷേധം കടുപ്പിച്ച് ഒരു വിഭാഗം വിശ്വാസികള്‍ സഭാ ആസ്ഥാനത്തേക്ക് മാര്‍ച്ചു സംഘടിപ്പിച്ചു. ഓര്‍ത്തഡോക്‌സ് സഭ നിലയ്ക്കല്‍ ഭദ്രാസന സെക്രട്ടറിയായ റവ. ഫാ.ഷൈജു കുര്യനെ വൈദികവൃത്തിയില്‍നിന്നു മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.
ബിജെപി അംഗത്വമെടുത്ത ഫാ. ഷൈജു കുര്യനെതിരെ നിരവധി പരാതികള്‍ നേരത്തെതന്നെ ഉണ്ടെന്നും ഇതില്‍നിന്നു രക്ഷനേടാനാണ് ദേശീയ പാര്‍ട്ടിയെ സമീപിച്ചതെന്നും ഇവര്‍ ആരോപിക്കുന്നു. നിരവധിആരോപണം നേരിടുന്ന ഒരാള്‍ സഭാ സെക്രട്ടറിയായിരിക്കാന്‍ യോഗ്യനല്ലെന്നും വൈദിക സ്ഥാനത്തുനിന്ന് അടിയന്തരമായി ഇദ്ദേഹത്തെ വിലക്കണമെന്നും ആവശ്യപ്പെട്ടാണ് സഭാ വിശ്വാസികള്‍ പ്രതിഷേധിച്ചത്. ചൊവ്വാഴ്ച ഭദ്രാസന ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍ വൈദികനെ വെല്ലുവിളിക്കുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് ഫാ. ഷൈജു കുര്യന്‍ പത്തനംതിട്ടയില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പങ്കെടുത്ത ക്രിസ്മസ് സ്‌നേഹസംഗമത്തില്‍ വെച്ച് ബിജെപിയില്‍ അംഗത്വമെടുത്തത്.വൈദികനടക്കം 47 പേര്‍ക്ക് അംഗത്വം നല്‍കി എന്‍ഡിഎ പത്തനംതിട്ട ജില്ലാ ക്രിസ്മസ് ആഘോഷം നടത്തിയത് വലിയ വിവാദത്തിന് വഴി തെളിച്ചിരിക്കുകയാണ്.
അതേ സമയം പ്രതിഷേധം ഉണ്ടാവുമെന്ന് സൂചനകള്‍ ലഭിച്ചതിനാല്‍ സഭാ നേതൃത്വം ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന ഭദ്രാസന കൗണ്‍സില്‍ യോഗം മാറ്റിവെച്ചു. എന്നാല്‍ പ്രതിഷേധം ഭയന്ന് സഭാ നേതൃത്വം മുങ്ങിയെന്നാണ് പ്രതിഷേധവുമായി രംഗത്തിറങ്ങിയ വിശ്വാസികള്‍ പറയുന്നത്. ഇതിനു പിന്നിലും രാഷ്ട്രീയം ഉണ്ടെന്നാണ് മറുഭാഗത്തിന്റെ വാദം