പലവധത്തിലുള്ള ഓണ്‍ലൈന്‍ തട്ടിപ്പുകളാണ് 2023 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തട്ടിപ്പുകാര്‍ ഇരകളെ കണ്ടെത്താന്‍ വാട്‌സാപ്പ് വ്യാപകമായി ഉപയോഗിച്ചു. ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണം ഉയര്‍ന്നതോടെ സര്‍ക്കാര്‍ ഇടപെടേണ്ട സ്ഥിതി വന്നു. 2023 നവംബറില്‍ മാത്രം ഇന്ത്യയില്‍ നിന്നുള്ള 71 ലക്ഷം അക്കൗണ്ടുകള്‍ക്ക് വാട്‌സാപ്പ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2021 ലെ ഐടി നിയമങ്ങള്‍ അനുസരിച്ച് 2023 നവംബറില്‍ ഇന്ത്യയില്‍ 71 ലക്ഷത്തിലധികം സംശയാസ്പദമായ അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി വാട്‌സാപ്പ് തിങ്കളാഴ്ച വെളിപ്പെടുത്തിയതായി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിൽ ഉപഭോക്താക്കളുടെ പരാതികളില്ലാതെ തന്നെയാണ് 19,54,000 അക്കൗണ്ടുകള്‍ക്ക് വിലക്കേർപ്പെടുത്തിയെന്ന് വാട്‌സാപ്പിന്റെ പ്രതിമാസ റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ നവംബറില്‍ മാത്രം 8841 പരാതികളാണ് ഉപഭോക്താക്കളില്‍ നിന്ന് ലഭിച്ചത്.
വാട്‌സാപ്പിന്റെ ഉപഭോക്തൃ സുരക്ഷാ റിപ്പോര്‍ട്ടില്‍ വാട്‌സാപ്പ് സ്വീകരിച്ച നടപടികള്‍ക്കൊപ്പം ഉപഭോക്താക്കളുടെ പരാതികള്‍ സംബന്ധിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാറ്റ്‌ഫോമിന്‍രെ ദുരുപയോഗം തടയുന്നതിനായി സ്വീകരിച്ച പ്രതിരോധ നടപടികളും ഇതില്‍ വിവരിച്ചിട്ടുണ്ട്.
പുതിയ ഐടി നിയമങ്ങള്‍ പ്രകാരം സോഷ്യല്‍ മീഡിയയിലെ നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യേണ്ടതും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടതും പ്ലാറ്റ്‌ഫോമുകളുടെ ചുമതലയാണ്. ഉപഭോക്താക്കളുടെ പരാതിയില്‍ കൃത്യമായ നടപടി സ്വീകരിക്കാത്ത പക്ഷം കേന്ദ്രസര്‍ക്കാര്‍ രൂപീകരിച്ച ഗ്രിവന്‍സ് അപ്പല്ലറ്റ് കമ്മറ്റിയില്‍ ഉപഭോക്താക്കള്‍ക്ക് അപ്പീല്‍ നല്‍കാനാവും. ഇതനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുക ഈ കമ്മറ്റിയാണ്. നിയമം പാലിക്കുന്നതിനായി വിദഗ്ദരുടെ വലിയൊരു സംഘം തന്നെയാണ് വാട്‌സാപ്പിന് വേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്.