13,000 രൂപ കൊണ്ട് തുടങ്ങിയ 8000 കോടിയുടെ വ്യാപാര സാമ്രാജ്യം

RG Chandramogan

ജീവിതത്തിലെ കൈപ്പേറിയ നിമിഷങ്ങളെ അനുഭവ പാഠവമാക്കിക്കൊണ്ട് വിജയം കൈവരിച്ച ഒരു മനുഷ്യനുണ്ട് തമിഴ്‌നാട്ടില്‍. ആത്മവിശ്വാസവും കഠിനാധ്വാനവും കൊണ്ട് ജീവിത വിജയത്തിന്റെ തണുത്ത മധുരം നുണയുന്ന വ്യക്തി, ആര്‍ ജി ചന്ദ്രമോഹന്‍.

ഇന്ന് രാജ്യമൊട്ടാകെ വ്യാപിച്ചു കിടക്കുന്ന അരുണ്‍ ഐസ്‌ക്രീം കമ്പനിയുടെ അമരക്കാരന്‍. വെറും പതിമൂവായിരം രൂപയില്‍ നിന്ന് ആരംഭിച്ച ബിസിനസ്സ് 8000 കോടി വരുമാനത്തിലാണിന്ന്. ആത്മവിശ്വാസവും കഠിനാധ്വാനവും ഉണ്ടെങ്കില്‍ ഏതൊരാള്‍ക്കും ജീവിതത്തില്‍ വിജയം ഉറപ്പ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന അദ്ദേഹം വളര്‍ന്നുവരുന്ന ഓരോ സംരംഭകനും മാതൃകയാണ്.

തമിഴ്‌നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ തിരുതങ്കളില്‍നിന്ന് 1970ല്‍, 21ാം വയസ്സില്‍ ചെന്നൈയിലെത്തി റോയാപുരത്ത് 250 ചതുരശ്ര അടി മുറിയില്‍ മൂന്നു പേരുമായി ഐസ് മിഠായി ഉല്‍പാദനത്തില്‍ തുടങ്ങി ഇന്ന് 8000 കോടിയിലേറെ ആസ്തിയുള്ള ഹട്‌സന്‍ അഗ്രോ പ്രോഡക്ട് എന്ന, ഇന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഡെയറി ഉല്‍പന്ന കമ്പനിയില്‍ എത്തി നില്‍ക്കുന്നു. തുടക്കം ഐസ് മിഠായിയില്‍.പിതൃസ്വത്തു വിറ്റുകിട്ടിയ 13,000 രൂപ മൂലധനം ഉപയോഗിച്ച് ഐസ് മിഠായി ഉല്‍പാദനം തുടങ്ങി.

മൂന്നു ജോലിക്കാരും 15 ഉന്തുവണ്ടികളുമായി അങ്കത്തട്ടിലിറങ്ങിയ ചന്ദ്രമോഹനു നിലനില്‍പിന് ഏറെ വിയര്‍പ്പൊഴുക്കേണ്ടിവന്നു. മത്സരാര്‍ത്ഥികള്‍ ഒരുപാടുണ്ടായിരുന്നിട്ടും അയാള്‍ തളര്‍ന്നില്ല. അങ്ങനെ 1981ല്‍ ആരംഭിച്ച സംരംഭം 4.25 ലക്ഷം വിറ്റുവരവ് നേടി.

ചെന്നൈയില്‍ മാത്രം ലഭ്യമായിരുന്ന ഐസ്‌ക്രീം, ചെറുപട്ടണങ്ങളില്‍ ലഭ്യമാക്കി പുതിയ വിപണി കണ്ടെത്തി. 1995ലാണ് ചന്ദ്രമോഹന്‍ പാല്‍ വിപണനരംഗത്തേക്കു വരുന്നത്. അന്ന് ഐസ്‌ക്രീമില്‍ നിന്നുള്ള വിറ്റുവരവ് 11 കോടി രൂപ.

ക്ഷീര സഹകരണസംഘങ്ങള്‍ ശക്തമായ കാലഘട്ടമായിരുന്നു അത്. വിപണിയില്‍ ലഭ്യമായിരുന്ന ‘ടോണ്‍ഡ്’ മില്‍ക് 3% കൊഴുപ്പും 8.5% കൊഴുപ്പിതര ഖരവസ്തുക്കളുമുള്ളതാണെന്ന് മനസ്സിലാക്കിയ ചന്ദ്രമോഹന്‍ അതിലും മികച്ചതു നല്‍കാനുള്ള ശ്രമം തുടങ്ങി.അതായിരുന്നു വിജയത്തിലേക്കുള്ള ആദ്യ വാതില്‍. ‘ആരോഗ്യ’ ബ്രാന്‍ഡില്‍ 4.5% കൊഴുപ്പും 8.5% കൊഴുപ്പിതര ഖരവസ്തുക്കളുമായി ‘നാലരൈ പാല്‍’ പരസ്യത്തോടെ വിപണിയിലിറങ്ങിയ ചന്ദ്രമോഹനു പിഴച്ചില്ല.

കാലങ്ങള്‍ക്ക് ശേഷ ഹട്‌സന്‍ ദക്ഷിണേന്ത്യയില്‍ സ്വകാര്യമേഖലയിലെ ഏറ്റവും വലിയ ഐസ്‌ക്രീം, പാല്‍ കമ്പനിയായി. നാലു ലക്ഷത്തിലേറെ ക്ഷീരകര്‍ഷകരും അന്‍പതിനായിരത്തിലേറെ തൊഴിലാളികളും ഉള്‍പ്പെടുന്ന മഹത്തായ സാമൂഹിക പ്രതിബദ്ധതാ സംരംഭം.

കര്‍ഷകരില്‍നിന്നു പാല്‍ ശേഖരിക്കാന്‍ ഹട്‌സന്‍ കലക്ഷന്‍ സെന്ററുകള്‍. പാല്‍ വില നേരിട്ട് കര്‍ഷകരുടെ അക്കൗണ്ടില്‍. തമിഴ്‌നാട് കാര്‍ഷിക സര്‍വകലാശാലയുമായി സഹകരിച്ച് പശുവളര്‍ത്തലില്‍ കര്‍ഷകര്‍ക്ക് ശാസ്ത്രീയ പരിശീലനം. കാലിത്തീറ്റ സംബന്ധിച്ച പഠനം നടത്തി പുല്ലിന്റെ അളവു വര്‍ധിപ്പിച്ച് ഉല്‍പാദനച്ചെലവു കുറയ്ക്കാനുള്ള ശ്രമം. ഹൈബ്രിഡ് സിഒ3, സിഒ4, സിഒ5 പുല്ലു വളര്‍ത്താന്‍ പ്രോത്സാഹനം.

R.G. Chandramogan, Chairman and Managing Director of Hatsun Agro Product 

ന്യായവിലയ്ക്കു കാലിത്തീറ്റ ‘സന്തോഷ എക്‌സ്എല്‍’ ബ്രാന്‍ഡില്‍ ഹട്‌സന്‍ വിതരണ കേന്ദ്രങ്ങള്‍ ലഭ്യമാക്കി. 56 ഏക്കര്‍ സ്ഥലമുള്ള കര്‍ഷകരെ ഉള്‍പ്പെടുത്തി 4000 ഡെയറി ഫാമുകളുടെ ‘വൈറ്റ് ഗോള്‍ഡ് പ്രോജക്ട്’. എല്ലാ പശുക്കളെയും ടാഗ് ചെയ്ത് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍, ക്യുആര്‍ ബാര്‍ കോഡ് നല്‍കി വിവരങ്ങള്‍ ഹട്‌സന്‍ ആനിമല്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസ് ഡേറ്റാബേസില്‍ എത്തിച്ചു.

വിദഗ്ധര്‍ അതു പരിശോധിച്ച് കര്‍ഷകര്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കി. ഗുണമേന്മയുള്ള ബീജം ലഭ്യമാക്കി ഈ ഡെയറികളിലെ പശുക്കളുടെ നിലവാരവും ഉറപ്പാക്കി. ഇതെല്ലാം അദ്ദേഹത്തെ ജനങ്ങളിലേക്ക് കൂടുതല്‍ അടുപ്പിച്ചു. മാത്രമല്ല ഐസ്‌ക്രീമും പാലും തൈരും ഉള്‍പ്പെടെ എല്ലാ ഹട്‌സന്‍ ഉല്‍പന്നങ്ങളും കമ്പനി നേരിട്ടു വില്‍ക്കുന്ന ഹട്‌സന്‍ വിതരണകേന്ദ്രങ്ങള്‍ ആരംഭിച്ചത് കുതിപ്പിനു വേഗമേറ്റി.

ഹട്‌സന്‍ ഡെയ്‌ലി ഫ്രെഷ്, ഹട്‌സന്‍ ഡെയ്‌ലി ലോങ് ലൈഫ് എന്നീ പേരുകളില്‍ 2014ല്‍ കൂടുതല്‍ ഫ്രാഞ്ചൈസി വിതരണകേന്ദ്രങ്ങള്‍ ആരംഭിച്ചു. 201920ല്‍ എച്ച്ഡി ഫ്രെഷ് 2,447, എച്ച്ഡി എല്‍എല്‍ 533 വിതരണകേന്ദ്രങ്ങള്‍, 155 ഐബകോ, 170 ഒയാലോ സ്റ്റോറുകള്‍.ഏറ്റവും താഴെത്തട്ടില്‍ നിന്നായിരുന്നു ചന്ദ്രമോഹന്റെ സംരംഭത്തുടക്കം. അങ്ങനെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കികൊണ്ട് ആരംഭിച്ച ബിസിനസ്സ് ഇന്ന് കോടികള്‍ വരുമാനം ലഭിക്കുന്ന തലത്തില്‍ എത്തിയിരിക്കുകയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments