തിരുവനന്തപുരം: ജെസ്ന തിരോധാന കേസിലെ അന്വേഷണം സിബിഐ അവസാനിപ്പിച്ചു. ജെസ്നയെ കണ്ടെത്താനായില്ലെന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചെന്നതിനും തെളിവില്ലെന്നു കോടതിയിൽ സിബിഐ അറിയിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ലെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

കാഞ്ഞിരപ്പള്ളി എസ്‍ഡി കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനി ജെസ്നയെ 2018 മാർച്ച് 22 മുതലാണു കാണാതായത്. മാർച്ച് 23നു പത്തനംതിട്ട ജില്ലയിലെ വെച്ചൂച്ചിറ പൊലീസ് ജെസ്‌ന കേസ് റജിസ്റ്റർ ചെയ്‍തു. ആദ്യം ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും കേസ് അന്വേഷണം നടത്തിയപ്പോഴും തിരോധാനത്തിനു പിന്നിലെ പ്രതിയെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

പല ഘട്ടങ്ങളിലായി ഐജി മനോജ് ഏബ്രഹാം ഉൾപ്പടെയുള്ളവർ കേസ് അന്വേഷിച്ചെങ്കിലും കാര്യമായ തുമ്പുണ്ടാക്കാൻ സാധിച്ചിരുന്നില്ല. ജെസ്നയെ കണ്ടെത്തുന്നവർക്കുള്ള പാരിതോഷികം അഞ്ചുലക്ഷം രൂപ വരെ വാഗ്ദാനം ചെയ്യുന്ന സാഹചര്യവുമുണ്ടായി. നിരവധിപ്പേർ ജെസ്നയെ കണ്ടെത്തിയതായി അറിയിച്ച് രംഗത്തു വന്നിരുന്നെങ്കിലും അന്വേഷണത്തിൽ അത് ജെസ്നയല്ല എന്ന് വ്യക്തമായിരുന്നു. തുടർന്നു ജെസ്നയുടെ സഹോദരൻ ജെയ്സ് ജോൺ ജെയിംസ്, കെഎസ്‍യു നേതാവ് അഭിജിത്ത് തുടങ്ങിയവർ നൽകിയ ഹർജിയെ തുടർന്നാണു കേസ് അന്വേഷണം സിബിഐക്ക് വിട്ടത്.