ഇടുക്കി: ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അർജുനെ കോടതി വെറുതെ വിട്ടു.

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്.

പ്രതി അർജുനെതിരെ കുറ്റം തെളിയിക്കാനായില്ല. കട്ടപ്പന അതിവേ​ഗ കോടതിയുടേതാണ് വിധി. ബലാത്സം​ഗം, കൊലപാതകം എന്നീ കുറ്റങ്ങളായിരുന്നു പ്രതിക്കെതിരെ ചുമത്തിയിരുന്നത്.

കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെവിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിനു ശേഷമാണ് വിധി വരുന്നത്. 2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്.

കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു.

മൂന്ന് വയസുമുതൽ പ്രതി പെൺകുട്ടിയെ പീഡിപ്പിച്ചുവരികയായിരുന്നെന്നും മാതാപിതാക്കള്‍ ജോലിക്ക് പോയ സമയം മുതലെടുത്തായിരുന്നു പീഡനത്തിനിടെ പെണ്‍കുട്ടി കൊല്ലപ്പെടുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. 2021 സെപ്തംബർ 21ന് ഈ കേസിലെ കുറ്റപത്രം സമർപ്പിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷമാണ് കേസിന്റെ വിചാരണ തുടങ്ങിയത്. എന്നാൽ പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ തെളിയിക്കാൻ സാധിച്ചിരുന്നില്ല. ഇതിനാലാണ് പ്രതിയെ വെറുതെ വിടുന്നതെന്ന് കോടതി അറിയിച്ചു..

അതേസമയം, പ്രതിയെ വെറുതെ വിട്ട നടപടിയിൽ നിരാശയുണ്ടെന്നും മകള്‍ക്ക് നീതി ലഭിച്ചില്ലെന്നും മാതാപിതാക്കള്‍ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ കോടതി വിധി കേട്ടത്.

ആറുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ വെറുതെവിട്ട കോടതി വിധിയിൽ പ്രതികരിച്ച് സംസ്ഥാന ബാലാവകാശ കമ്മിഷൻ. വിധിയിൽ വീഴ്ചയുണ്ടായെന്നും വിശദമായി പരിശോധിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് കമ്മിഷൻ പ്രതികരിച്ചു. കമ്മിഷന്റെ പരിധിയിൽ നിന്നുകൊണ്ട് സാധ്യമായതെല്ലാം ചെയ്യുമെന്നും അപ്പീൽ നൽകാനുള്ള സാധ്യത പരിശോധിക്കുമെന്നും കെ വി മനോജ്കുമാർ പറഞ്ഞു.

കേസിൽ നീതി നടപ്പായെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ പ്രതികരണം. യഥാർത്ഥ പ്രതിയെ കണ്ടെത്താൻ പുനരന്വേഷണം ആവശ്യപ്പെടും. പ്രതിക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകൻ മാധ്യമങ്ങളോട് പറഞ്ഞു.