വിദ്യാഭ്യാസ മന്ത്രി നവകേരള ബസില്‍; വിദ്യാഭ്യാസ സെക്രട്ടറി അവധിയില്‍

തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിനെ അനാഥമാക്കി മുഖ്യമന്ത്രിയും മന്ത്രിമാരും പോയതോടെ ഉന്നത ഉദ്യോഗസ്ഥരും അവധിയെടുത്ത് ഇറങ്ങുന്നു.

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിയുടെ വകുപ്പിലെ ഐ.എ.എസ് ഉദ്യോഗസ്ഥ മൂന്ന് ആഴ്ചത്തെ ലീവില്‍ പ്രവേശിച്ചു. വിദ്യാഭ്യാസ വകുപ്പിലെ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് ഡിസംബര്‍ 11 മുതല്‍ 31 വരെയാണ് ലീവെടുത്ത് പോയിരിക്കുകയാണ്.

വ്യക്തിപരം എന്നാണ് കാരണമായി കാണിച്ചിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇഷിതാ റോയിക്ക് വിദ്യാഭ്യാസവകുപ്പിന്റെ അധിക ചുമതല നല്‍കിയിരിക്കുകയാണ്.

ചോദിക്കാനും പറയാനും ആരുമില്ലാതായതോടെ സെക്രട്ടേറിയേറ്റ് ജീവനക്കാര്‍ പലരും ടൂറിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സെക്രട്ടേറിയേറ്റില്‍ ജോലിയും കുറവാണെന്ന് ലീവെടുക്കുന്നവര്‍ ന്യായം പറയുന്നുണ്ട്.

മുതിര്‍ന്ന പല ഐ.എ.എസ് ഉദ്യോഗസ്ഥരും ടൂറിലാണ്. ജനങ്ങളുമായി ഏറ്റവും ഇടപഴകേണ്ട ആരോഗ്യ വകുപ്പാണ് ഏറ്റവും കുത്തഴിഞ്ഞ് കിടക്കുന്നത്.

മന്ത്രി വീണ ജോര്‍ജ് നവകേരള ബസില്‍ യാത്ര ചെയ്യുമ്പോള്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് വിദേശത്തായിരുന്നു. വ്യക്തിപരമായ ആവശ്യത്തിനാണ് യാത്ര എന്നാണ് സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ സൂചിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 6 മുതല്‍ 10 വരെയായിരുന്നു ഹനീഷിന്റെ വിദേശ യാത്ര.

ഏത് രാജ്യത്തേക്കാണ് ഹനീഷ് പറന്നതെന്ന് ഉത്തരവില്‍ രഹസ്യം. ട്രഷറി നിയന്ത്രണം ഒരു ലക്ഷമാക്കി കടുപ്പിച്ച് ബാലഗോപാല്‍ നവകേരള ബസില്‍ ഊരു ചുറ്റുമ്പോള്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി രവീന്ദ്ര കുമാര്‍ അഗര്‍വാള്‍ ഡിസംബര്‍ 4 മുതല്‍ 8 വരെ ന്യൂഡല്‍ഹിയില്‍ ട്രെയിനിംഗിനാണ് .

ധനകാര്യ റിസോഴ്‌സ് സെക്രട്ടറി സഫറുള്ള ഡിസംബര്‍ 11 മുതല്‍ ബാംഗ്ലൂരില്‍ ട്രെയിനിംഗിന് പോകും. ഡിസംബര്‍ 15 വരെയാണ് ട്രെയിനിംഗ് . മറ്റ് വകുപ്പുകളിലെ ഐ എ എസ് ഉദ്യോഗസ്ഥരും വിവിധ യാത്രകള്‍ പ്ലാന്‍ ചെയ്യുകയാണ്. ഹോളിഡേ മൂഡിലാണ് സെക്രട്ടറിയേറ്റ് എന്ന് വ്യക്തം. വര്‍ഷാവസാനം ആയതോടെ മിക്ക ഉദ്യോഗസ്ഥരും മിച്ചമുള്ള ലീവ് എടുത്ത് കൂട്ടത്തോടെ പോകുകയാണ്. ഡിസംബര്‍ 24 ന് നവകേരള സദസ് തീര്‍ന്നാലും സെക്രട്ടേറിയേറ്റ് ഉണരണമെങ്കില്‍ 2024 ജനുവരി പിറക്കണം.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments