തിരുവനന്തപുരം: കേരളം വീണ്ടും ഓവർ ഡ്രാഫ്റ്റിൽ. 3000 കോടി രൂപയുടെ ഓവർ ഡ്രാഫ്റ്റിലാണ് കേരളം.

ട്രഷറിയിൽ പണം ഇല്ലാതെ വരുമ്പോൾ റിസർവ് ബാങ്ക് നിത്യനിദാന ചെലവിനായി താൽക്കാലിക വായ്പ ( Ways and Means Advance ) നൽകും. 1670 കോടി രൂപയാണ് ഇതിന്റെ പരിധി. ഈ പരിധി കഴിഞ്ഞ് കൂടുതൽ തുക എടുക്കുമ്പോഴാണ് ഓവർ ഡ്രാഫ്റ്റിലാവുന്നത്.

വെയ്സ് ആന്റ് മീൻസ് അഡ്വാൻസിന് തുല്യമായ തുക കൂടി ഓവർ ഡ്രാഫ്റ്റ് എടുക്കാം. അതായത് 3340 കോടി. ഇതാണ് 3000 കോടിയിൽ എത്തി നിൽക്കുന്നത്.

14 ദിവസത്തിനകം ഇത് രണ്ടും തിരിച്ചടച്ചില്ലെങ്കിൽ ട്രഷറി ഇടപാടുകൾ പൂർണ്ണമായും നിർത്തി വക്കേണ്ടിവരും. ഓവർ ഡ്രാഫ്റ്റ് തുക വർദ്ധിക്കാതിരിക്കാൻ പെൻഷൻ ആനുകൂല്യങ്ങൾ വരെ ട്രഷറിയിൽ തടഞ്ഞ് വച്ചിരിക്കുകയാണ്.

ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷൻ തുടങ്ങിയ പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങിക്കാൻ വരുന്നവരെ ആനുകൂല്യങ്ങൾ വൈകാതെ തരാം എന്ന് പറഞ്ഞ് ആശ്വസിപ്പിക്കാനാണ് ട്രഷറി ഉദ്യോഗസ്ഥർക്ക് ബാലഗോപാലിന്റെ വക വാക്കാൽ നിർദ്ദേശം. ഓവർ ഡ്രാഫ്റ്റ് തുക കൂടാതിരിക്കാൻ കടുത്ത നിയന്ത്രണം എടുത്തതോടെ മറ്റ് ബില്ലുകൾ ഒന്നും ട്രഷറിയിൽ നിന്ന് മാറുന്നില്ല.

ശമ്പളവും പെൻഷനും വരെ മുടങ്ങുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക് . ഖജനാവിലേക്ക് പണം വരാൻ ശ്രമിക്കാതെ നവകേരള സദസ്സിന്റെ തിരക്കിലാണ് ബാലഗോപാൽ . ധന സെക്രട്ടറിമാർ ന്യൂഡെൽഹിയിലും ബാംഗ്ലൂരും ട്രെയിനിംഗിലും. ട്രഷറിയിൽ നിന്ന് ഒന്നും കൊടുക്കണ്ട, എല്ലാവരെയും നല്ല വാക്കുകൾ പറഞ്ഞ് ആശ്വസിപ്പിക്ക് എന്ന നിർദ്ദേശം നൽകുക എന്ന ജോലി മാത്രമാണ് ബാലഗോപാലിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.