ന്യൂഡല്‍ഹി: ഹിന്ദി ഹൃദയഭൂമിയില്‍ അപ്രമാദിത്വം തുടര്‍ന്ന് ബിജെപി. രാജസ്ഥാനിനും ഛത്തീസ്ഗഡിലും ഭരണത്തിലേക്ക് തിരിച്ചെത്തിയും മധ്യപ്രദേശില്‍ ഭരണത്തുടര്‍ച്ച ഉറപ്പിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ശക്തമായ അടിത്തറ പാകിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് വലിയ പരാജയത്തിലേക്കാണ് പാര്‍ട്ടി കൂപ്പുകുത്തിയത്. നൂറ്റിയമ്പതോളം സീറ്റുകളിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ഇതോടെ തുടര്‍ഭരണം ഉറപ്പിച്ചു. 90 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.
രാജസ്ഥാനില്‍ ബിജെപി അധികാരം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. നൂറ്റിയിരുപതോളം സീറ്റുകളില്‍ ലീഡ് ചെയ്യുന്ന ബിജെപി രാജസ്ഥാനും പിടിച്ചു. ഹിന്ദി ഹൃദയഭൂമിയിലെ സുപ്രധാന സംസ്ഥാനങ്ങളെല്ലാം ഇതോടെ ബിജെപിയുടെ കീഴിലായി.
ഛത്തീസ്ഗഡില്‍ 51 സീറ്റുകളിലാണ് ബിജെപി ലീഡ്. കോണ്‍ഗ്രസിന് ലീഡുള്ളത് വെറും 38 സീറ്റുകളില്‍ മാത്രം.
അതേസമയം, തെലങ്കാനയില്‍ കോണ്‍ഗ്രസ് വന്‍ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. എഴുപതിലധികം സീറ്റുകളില്‍ മികച്ച മുന്നേറ്റമാണ് നടത്തുന്നത്. തുടര്‍ഭരണം നടത്തുമെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന ബിആര്‍എസ് 40 സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. കോണ്‍ഗ്രസിന് തെലങ്കാന മാത്രമാണ് ആശ്വാസം. ഇവിടെ ബിജെപി പത്ത് സീറ്റുകളില്‍ മാത്രമാണ് മുന്നേറുന്നത്. ഒരു സീറ്റില്‍നിന്നാണ് ബിജെപിയുടെ ഈ മുന്നേറ്റം.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സെമി ഫൈനല്‍ എന്ന വിശേഷിപ്പിക്കുന്ന, അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിലെ നാലു സംസ്ഥാനങ്ങളിലെ ഫലങ്ങളാണ് പുറത്തുവരുന്നത്.
എക്‌സിറ്റ് പോളുകള്‍ ഛത്തീസ്ഗഡിലും തെലങ്കാനയിലും കോണ്‍ഗ്രസിന്റെയും രാജസ്ഥാനില്‍ ബിജെപിയുടെയും മുന്നേറ്റമാണ് പ്രവചിച്ചത്. മധ്യപ്രദേശില്‍ 4 വീതം എക്‌സിറ്റ് പോളുകള്‍ ബിജെപിക്കും കോണ്‍ഗ്രസിനും മുന്‍തൂക്കം നല്‍കി. രാജസ്ഥാനും ഛത്തീസ്ഗഡും കോണ്‍ഗ്രസും മധ്യപ്രദേശ് ബിജെപിയുമാണു ഭരിക്കുന്നത്. തെലങ്കാനയില്‍ ബിആര്‍എസും മിസോറമില്‍ മിസോ നാഷനല്‍ ഫ്രണ്ടുമാണ് അധികാരത്തില്‍. മിസോറാമിലെ ഫലം നാളെ പുറത്തുവരും.
ആദ്യം പോസ്റ്റല്‍ വോട്ടുകളാണ് എണ്ണിയത്. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് ഒരുക്കിയിട്ടുള്ളത്. മധ്യപ്രദേശില്‍ 230. ഛത്തീസ്ഗഡില്‍ 90, തെലങ്കാനയില്‍ 119, രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കാണ് ജനവിധി. ആകെ 200 സീറ്റുകളുള്ള രാജസ്ഥാനില്‍ ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥി മരിച്ചതിനെത്തുടര്‍ന്നാണ് ഫലപ്രഖ്യാപനം മാറ്റിവച്ചത്.