തിരുവനന്തപുരം: ക്ഷാമബത്തക്കായുള്ള (Dearness Allowance) സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും കാത്തിരിപ്പ് നീളും. ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും മൂലം ധനകാര്യ മാനേജ്മെന്റ് പാളം തെറ്റിയതോടെ ഡി.എ കുടിശിക 6 ഗഡുക്കളായി. 18 ശതമാനമാണ് കുടിശ്ശിക.

പ്രതിപക്ഷ സംഘടനകൾ ഡി എ കുടിശികക്കായി നിയമ പോരാട്ടത്തിലാണ് എങ്കിലും എന്ന് കൊടുക്കാൻ പറ്റുമെന്ന് ധനവകുപ്പിന് പോലും നിശ്ചയമില്ല. ഡി.എ കുടിശിക കൊടുക്കാൻ എത്ര പണം വേണമെന്നുപോലും ധനവകുപ്പ് കണക്കെടുത്തിട്ടില്ല.

ഈ സാമ്പത്തിക വർഷം ഡി.എ കുടിശിക കൊടുക്കാൻ സാധിക്കുകയില്ലെന്നാണ് ധനവകുപ്പിൽ നിന്നുള്ള സൂചന. ജനുവരി അവസാനമോ ഫെബ്രുവരി ആദ്യ മോ ബജറ്റ് അവതരിപ്പിക്കാനാണ് ധനമന്ത്രി ബാലഗോപാൽ ഉദ്ദേശിക്കുന്നത്. ഇതിനുള്ള തയ്യാറെടുപ്പുകൾ ധന ബജറ്റ് വിംഗിൽ ആരംഭിച്ചു.

നവകേരള സദസിന്റെ തിരക്കിലായതിനാൽ ഡിസംബർ 24 കഴിഞ്ഞേ ബജറ്റ് പ്രസംഗം തയ്യാറാക്കലിലേക്ക് ബാലഗോപാൽ കടക്കൂ.ഡി.എ ബജറ്റിൽ പ്രഖ്യാപിക്കാനാണ് നീക്കം. സാമ്പത്തിക വർഷം തുടങ്ങുന്ന ഏപ്രിൽ മാസം 2 ഗഡു ഡി എ ശമ്പളത്തോടൊപ്പം നൽകാൻ ബജറ്റ് പ്രഖ്യാപനം ഉണ്ടാകും. ലോകസഭ തെരഞ്ഞെടുപ്പിൽ ജീവനക്കാരുടേയും പെൻഷൻകാരുടേയും വോട്ട് ലക്ഷ്യമിട്ടാണ് ബജറ്റിലൂടെ ഡി.എ പ്രഖ്യാപിക്കാൻ സർക്കാർ ഒരുങ്ങുന്നത്.

4 ഗഡു ഡി.എ പിന്നേയും കുടിശികയാകും. 2024 ജനുവരിയിൽ കേന്ദ്രം ഒരു ഗഡു ഡി എ കൂടി പ്രഖ്യാപിക്കും. ഇതോടെ ഡി.എ കുടിശിക 7 ഗഡുക്കൾ ആകും. 2 ഗഡു ഡി എ ഏപ്രിലിൽ ലഭിച്ചാലും 5 ഗഡു ഡി.എ കുടിശികയാകും എന്നർത്ഥം. ഇതിനെ കുറിച്ച് ബജറ്റിൽ മൗനം പാലിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്ന മുറയ്ക്ക് ബാക്കി ഡി.എ കുടിശിക അനുവദിക്കും എന്നൊരു തലോടൽ ബജറ്റിൽ ഉണ്ടാകും. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഡി.എ കുടിശിക ഉള്ള സംസ്ഥാനമാണ് കേരളം.

6 ഗഡു ഡി എ കുടിശികയാകുന്നത് കേരള ചരിത്രത്തിൽ ആദ്യമാണ്. 4000 രൂപ മുതൽ 30,000 രൂപയാണ് ഓരോ ജീവനക്കാരനും ഡി എ ലഭിക്കാത്തതുമൂലം പ്രതിമാസ ശമ്പളത്തിൽ നഷ്ടപ്പെടുന്നത്. 2000 രൂപ മുതൽ 18000 രൂപ വരെയാണ് പെൻഷൻകാർക്ക് ഓരോ മാസവും പെൻഷനിൽ നഷ്ടമുണ്ടാകുന്നത്. 2 ഗഡു പെൻഷൻ പരിഷ്കരണ കുടിശികയും 2 ഗഡു ഡി.എ പരിഷ്കരണ കുടിശികയും പെൻഷൻകാർക്ക് ലഭിക്കാനുണ്ട്. ഇതിനെ കുറിച്ചും ബജറ്റിൽ പരാമർശം ഉണ്ടാകും.

1 ലക്ഷം പെൻഷൻകാരാണ് പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാതെ മരണപ്പെട്ടത്. ജനുവരി , ഫെബ്രുവരി , മാർച്ച് മാസത്തേക്ക് 4000 കോടി രൂപ കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയിട്ടുണ്ട്. ഇതിൽ 2000 കോടി നേരത്തെ കടമെടുക്കാൻ അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗികരിച്ചു.

1500 കോടി കടമെടുത്തു. ബാക്കിയുള്ള 2500 കോടി കൊണ്ട് ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങൾ തള്ളിനീക്കേണ്ടി വരും. കാലിയായ ഖജനാവ് നോക്കിയായിരിക്കും ബാലഗോപാലിന്റെ ബജറ്റ് പ്രസംഗം എഴുത്ത്. അതുകൊണ്ട് തന്നെ കണക്കുകളേക്കാൾ വാചകമടിയിൽ ഊന്നിയുള്ള ബജറ്റ് ആയിരിക്കും ഇത്തവണ സംഭവിക്കാൻ സാധ്യത.