കണ്ണൂര്: മുന് ഇന്ത്യന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിനെതിരായ വഞ്ചനാക്കേസ് പണം നല്കി ഒത്തുതീര്പ്പാക്കി. കര്ണാടകയിലെ കൊല്ലൂരില് വില്ല നിര്മ്മിച്ച് നല്കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന കണ്ണപുരം സ്വദേശി സരീഗ് ബാലഗോപാലന്റെ പരാതിയാണ് ഒത്തുതീര്പ്പാക്കിയത്. ശ്രീശാന്തിനും കര്ണാടക ഉഡുപ്പി സ്വദേശികളായ രാജീവ് കുമാര്, കെ വെങ്കടേഷ് കിനി എന്നിവര്ക്കുമെതിരെ കണ്ണൂര് ജുഡീഷല് ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി നിര്ദ്ദേശപ്രകാരം പൊലിസ് നേരത്തെ കേസെടുത്തിരുന്നു.
2019ല് കൊല്ലൂരില് വച്ച് പരിചയപ്പെട്ട രാജീവ് കുമാര്, വെങ്കിടേഷ് കിനി എന്നിവര് ചേര്ന്നാണ് പണം വാങ്ങിയതെന്ന് പരാതിയില് പറയുന്നു. അഞ്ച് സെന്റ് ഭൂമിയും അതിലൊരു വില്ലയും നല്കാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. വില്ല ലഭിക്കാതായപ്പോള്, പറഞ്ഞ സ്ഥലത്ത് ശ്രീശാന്തിന് ക്രിക്കറ്റ് പ്രൊജക്ട് തുടങ്ങുകയാണ് എന്നായിരുന്നു മറുപടി.
സരീഗ് ബാലഗോപാല് 2019ല് മൂകാംബിക ദര്ശനത്തിന് പോയപ്പോള് രാജീവ് കുമാര്, വെങ്കിടേഷ് കിനി എന്നീ ഉഡുപ്പി സ്വദേശികളായ രണ്ട് പേരെ പരിചയപ്പെട്ടിരുന്നു. ഇതില് വെങ്കിടേഷിന്റെ ഉടമസ്ഥതയിലുള്ള അഞ്ച് സെന്റ് സ്ഥലം മൂകാംബികയില് ഉണ്ടെന്നും അവിടെ വില്ല നിര്മ്മിച്ച് നല്കാമെന്നും പറഞ്ഞ് 18.70 ലക്ഷം രൂപ അഡ്വാന്സായി വാങ്ങിയെന്നാണ് പരാതി.
അതിന് ശേഷം തുടര്നടപടികളൊന്നും ഉണ്ടായില്ല. വെങ്കിടേഷിനെ ബന്ധപ്പെട്ടപ്പോള് സമീപത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനും സ്ഥലമുണ്ടെന്നും പറഞ്ഞു. പിന്നാലെ ശ്രീശാന്ത് പരാതിക്കാരനെ കാണുകയും സംസാരിക്കുകയും ചെയ്തു. ക്രിക്കറ്റുമായി ബന്ധപ്പെട്ട് അവിടെ ഒരു പ്രൊജക്ട് ഉദ്ദേശിക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ട് സ്ഥലത്ത് വില്ല നിര്മിച്ചുനല്കാമെന്ന് ശ്രീശാന്തും വാഗ്ദാനം ചെയ്തു. പിന്നീട് ശ്രീശാന്ത് ഈ വാഗ്ദാനത്തില് നിന്ന് പിന്നോട്ട് പോയി. പണം തിരികെ നില്കിയതുമില്ല.
നടപടി ഉണ്ടാകാത്തതിനെ തുടര്ന്നാണ് കണ്ണൂര് ഒന്നാം ക്ലാസ് മജിസ്ട്രേട്ടിന് ഹര്ജി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാജീവ്കുമാര്, വെങ്കിടേഷ് എന്നിവര്ക്കൊപ്പം ശ്രീശാന്തിനെക്കൂടി പ്രതിചേര്ത്ത് കേസെടുക്കാന് കോടതി നിര്ദ്ദേശിച്ചത്. ആരോപണം നിഷേധിച്ച് ശ്രീശാന്ത് രംഗത്തെത്തിയിരുന്നു. തന്റെ പേരില് ആരോപിച്ചിട്ടുള്ള കേസുമായി യാതൊരു ബന്ധവുമില്ലെന്നും, സാമ്പത്തിക ഇടപാടിലോ മറ്റു പ്രവര്ത്തനങ്ങളിലോ ഏര്പ്പെട്ടിട്ടില്ലെന്നും ശ്രീശാന്ത് അറിയിച്ചു.
- ജിഎസ്ടി കൗണ്സിൽ: ഹെൽത്ത്-ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന്റെ ജി.എസ്.ടി. കുറയ്ക്കാൻ തീരുമാനമെടുക്കും
- സ്കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരിവിതരണം
- മലയാള സിനിമയിൽ പെരുമാറ്റച്ചട്ടം ആവശ്യമാണെന്ന് ഡബ്ല്യൂസിസി: എല്ലാ ജോലികൾക്കും കൃത്യമായ കരാർ വേണം
- തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഓണം ഉത്സവബത്തയായി 1000 രൂപ വീതം ലഭിക്കും
- ക്രൂരമർദ്ദനം: എസ്.ഐക്കെതിരെ നടപടി ആവശ്യപ്പെട്ട് അബിൻ വർക്കി