CricketSports

ഏജ്ജാതി അടി; സഞ്ജുവിന് മരണമാസ് സെഞ്ച്വറി

ബംഗ്ലാദേശിനെതിരായ മൂന്നാം ട്വൻ്റി 20യില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ്. ഓപ്പണറായി ഇറങ്ങിയ സഞ്ജു 47 പന്തിൽ 111 റൺസെടുത്തു പുറത്തായി. 40 പന്തുകളിൽനിന്നാണ് സഞ്ജു ട്വന്റി20 രാജ്യാന്തര കരിയറിലെ ആദ്യ സെഞ്ച്വറിയിലെത്തിയത്. എട്ട് സിക്‌സുകളും 11 ഫോറുകളും സഞ്ജു അടിച്ചുകൂട്ടി.

താരത്തിന്‍റെ ആദ്യ അന്താരാഷ്ട്ര ട്വന്‍റി20 സെഞ്ച്വറിയാണിത്. ഓപ്പണ‍ർ അഭിഷേക് ശർമയെ തുടക്കത്തിലെ നഷ്ടമായി. പിന്നീട് ക്രീസിലെത്തിയ സൂര്യകുമാർ യാദവുമായി ചേർന്നാണ് സഞ്ജു സാംസൺ ബം​ഗ്ലാദേശിൻ്റെ ബോളർമാരെ അടിച്ചൊതുക്കുകയായിരുന്നു.

സ്‌കോര്‍ബോര്‍ഡില്‍ 23 റണ്‍സ് മാത്രമുള്ളപ്പോള്‍ അഭിഷേക് ശര്‍മ പുറത്താകുന്നത്. പിന്നീട് സഞ്ജു വെടിക്കെട്ട് ആരംഭിക്കുകയായിരുന്നു. സ്പിന്‍-പേസ് എന്ന് വ്യത്യാസമില്ലാതെ ബോളർമാരെ പൊതിരെ തല്ലി തകർത്താണ് താരത്തിന്റെ സെഞ്ച്വറി.

റിഷാദ് ഹുസൈന്റെ ഒരോവറില്‍ അഞ്ച് സിക്‌സുകളാണ് സഞ്ജു പായിച്ചത്. ഒരു ഇന്ത്യൻ താരത്തിന്‍റെ രണ്ടാമത്തെ അതിവേഗ ട്വന്‍റി20 സെഞ്ച്വറി കൂടിയാണ് സഞ്ജു നേടിയത്. 2017ൽ ശ്രീലങ്കക്കെതിരെ 35 പന്തിൽ സെഞ്ച്വറി തികച്ച രോഹിത് ശർമയാണ് ഒന്നാമത്.

ആദ്യ രണ്ടു മത്സരങ്ങളിലെ നിരാശ മൂന്നാം മത്സരത്തിൽ സഞ്ജു തീർക്കുകയാണെന്ന് തോന്നുന്ന രീതിയിലായിരുന്നു പ്രകടനം.

നാലു പന്തിൽ നാലു റൺസെടുത്ത ഓപ്പണർ അഭിഷേക് ശർമയാണ് ഇന്ത്യൻ നിരയിൽ ആദ്യം പുറത്തായത്. സ്‌കോർ 23ൽ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ മെഹ്ദി ഹസൻ മിറാസ് ക്യാച്ചെടുത്ത് അഭിഷേകിനെ പുറത്താക്കുകയായിരുന്നു. സൂര്യയും സഞ്ജുവും കൈകോർത്തതോടെ ആദ്യ 26 പന്തിൽ 50 ഉം 7.1 ഓവറിൽ (45 പന്തുകൾ) 100 ഉം കടക്കാൻ ഇന്ത്യയ്ക്കു സാധിച്ചു.

സ്‌കോർ 196ൽ നിൽക്കെ തൻസിം ഹസൻ സാക്കിബിന്റെ പന്തിൽ സഞ്ജു പുറത്തായി. തൊട്ടുപിന്നാലെ സൂര്യയും മടങ്ങി. പക്ഷേ ഫിനിഷർ റോളിൽ അടിച്ചുപറത്താനിറങ്ങിയ റിയാൻ പരാഗും ഹാർദിക് പാണ്ഡ്യയും സ്‌കോർ 298 ൽ എത്തിച്ചു.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യ: സഞ്ജു സാംസണ്‍ (wk), അഭിഷേക് ശര്‍മ, സൂര്യകുമാര്‍ യാദവ് (c), ഹാര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, റിങ്കു സിംഗ്, റിയാന്‍ പരാഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, വരുണ്‍ ചക്രവര്‍ത്തി, മായങ്ക് യാദവ്.

ബംഗ്ലാദേശ്: പര്‍വേസ് ഹൊസൈന്‍ ഇമോന്‍, ലിറ്റണ്‍ ദാസ് (wk), നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (c), തന്‍സീദ് ഹസന്‍, തൗഹിദ് ഹൃദോയ്, മഹ്‌മൂദുള്ള, മെഹിദി ഹസന്‍, ടസ്‌കിന്‍ അഹമ്മദ്, റിഷാദ് ഹുസൈന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, തന്‍സിം ഹസന്‍.

Leave a Reply

Your email address will not be published. Required fields are marked *