കേന്ദ്രം പിടിച്ചെടുത്തത് ലൈഫ് പദ്ധതിയുടെയും ശബരിമല തീര്‍ത്ഥാടകര്‍ക്ക് അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള തുകയും
പത്തനംതിട്ട: സിപിഎം ഭരിക്കുന്ന പത്തനംതിട്ട നഗരസഭക്ക് എട്ടിന്റെ പണി. കേന്ദ്രസര്‍ക്കാരിലേക്കുള്ള സേവന നികുതി അടയ്ക്കാതിരുന്ന നഗരസഭയുടെ 1.65 കോടി രൂപ പിടിച്ചെടുത്തു.
2007 മുതല്‍ 2017 ജൂണ്‍ വരെയുള്ള കാലയളവില്‍ സേവന നികുതിയായി കേന്ദ്ര സര്‍ക്കാരിലേക്ക് അടക്കാനുള്ള 1 കോടി 98 ലക്ഷം രൂപ ഈടാക്കുവാന്‍ സെന്‍ട്രല്‍ എക്സൈസ് വകുപ്പ് കടുത്ത നടപടി സ്വീകരിച്ചതാണ് നഗരസഭക്ക് വിനയായത്.
നഗരസഭ ആക്സിസ് ബാങ്ക് പത്തനംതിട്ട ബ്രാഞ്ചില്‍ സൂക്ഷിച്ചിരുന്ന 1 കോടി 65 ലക്ഷം രൂപ റിക്കവറി നടത്തി കേന്ദ്ര സര്‍ക്കാരിലേക്ക് മുതല്‍കൂട്ടി. ഇങ്ങനെ റിക്കവറി നടത്തിയ തുകയില്‍ 1 കോടി 10 ലക്ഷം ലൈഫ് ഭവനപദ്ധതിയുടെ കേന്ദ്ര വിഹിതവും 55 ലക്ഷം ശബരിമല തീര്‍ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനും നീക്കിവെച്ചിരുന്നതാണ്.
സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ ഇത്രയും വലിയ തുക ട്രഷറിയില്‍ നിക്ഷേപിക്കാതെ സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചതാണ് ഈ നടപടി നേരിടേണ്ടി വന്നതിന് പ്രധാന കാരണം.
2007-08 മുതല്‍ നഗരസഭയുടെ ബസ്റ്റാറ്റ് യൂസര്‍ ഫീ വിവിധ കെട്ടിടങ്ങളുടെ വാടക പിരിച്ചതുമായി ബന്ധപ്പെട്ട സേവന നികുതി ഒടുക്കുന്നതിലാണ് നഗരസഭ വീഴ്ച വരുത്തിയത്.
നഗരസഭയുടെ വേറെ ഒരു ബാങ്കിലും റിക്കവറി സംബന്ധിച്ച നോട്ടീസ് കേന്ദ്ര ഏജന്‍സി നല്കി കഴിഞ്ഞു. അടയ്ക്കാനുള്ള തുക തവണകളാക്കി തരണമെന്ന് ആവശ്യപ്പെട്ട് മുന്‍സിപ്പല്‍ ചെയര്മാന് കൊച്ചിയിലുള്ള കേന്ദ്ര ജി.എസ്.ടി പ്രിന്‍സിപ്പല്‍ കമ്മീഷണര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
- ഓണാവേശമായി എആര്‍എം എത്തുന്നു: ടൊവിനോ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി
- വിവാഹത്തിന് നാല് ദിവസം മുൻപ് കാണാതായ; നവവരനെ ഊട്ടിയിൽ കണ്ടെത്തി
- ദില്ലിയില്‍ പടക്കത്തിന് പൂര്‍ണ വിലക്ക്; നിര്‍മിക്കാനോ വില്‍ക്കാനോ വാങ്ങാനോ പാടില്ല സർക്കാർ ഉത്തരവ്
- സിമൻ്റ് കട്ടകള്‍ പാളത്തില്‍വെച്ച് ട്രെയിൻ അപകടമുണ്ടാക്കാൻ ശ്രമം; രക്ഷപ്പെട്ടത് തലനാരിഴക്ക്
- ഷംസീർ ഇറങ്ങിയത് മുഖ്യൻറെ ‘രക്ഷാപ്രവർത്തനത്തിനല്ല’; സിപിഎമ്മിലെ നാടകങ്ങളെക്കുറിച്ച് വിഡി സതീശൻ