നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വിജയ പ്രതീക്ഷയെക്കുറിച്ച് പ്രിയങ്ക ഗാന്ധി. കോണ്‍ഗ്രസ് ആശയങ്ങള്‍ക്കുവേണ്ടിയുള്ള പോരാട്ടത്തിലാണ് താനെന്നും പ്രിയങ്ക ഗാന്ധി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാന്‍ മധ്യപ്രദേശ് തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച നേതാവാണ് പ്രിയങ്ക.

ബിജെപി ഭരിക്കുന്നിയടങ്ങളിലെല്ലാം കര്‍ഷകരും യുവാക്കളും പ്രതിസന്ധിയിലാണ്. തൊഴിലില്ല, വിദ്യാഭ്യാസത്തിനുള്ള വഴിയില്ല. തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ നല്‍കുന്ന സംഭാവന പ്രശംസിക്കാനും പ്രിയങ്കാ ഗാന്ധി മറന്നില്ല. എല്ലാ തെരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ വലിയ സംഭാവന നല്‍കുന്നതില്‍ സന്തോഷമുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

ജ്യോതിരാദിത്യ സിന്ധ്യ ഞങ്ങളെ അധിക്ഷേപിക്കുന്നത് തുടരുകയാണ്. ഞങ്ങളുടെ കുടുംബത്തിലെ കുട്ടികളെ പോലും വെറുതെ വിട്ടില്ല. ഞങ്ങള്‍ കരയുന്നില്ല. പൊതുജീവിതമായതിനാല്‍ നമ്മള്‍ കേള്‍ക്കണം, പോരാടണം. ഇതൊരു തെരഞ്ഞെടുപ്പ് വിഷയമല്ലെന്നും പ്രിയങ്ക പറഞ്ഞു.

എന്റെ പാര്‍ട്ടിയുടെ ആശയങ്ങള്‍ക്കുവേണ്ടി പോരാടുകയാണ് തെരഞ്ഞെടുപ്പിലെ തന്റെ റോളെന്ന് പ്രിയങ്ക പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ പ്രിയങ്കാ ഗാന്ധിയുടെ പങ്ക് എന്താണ് എന്ന ചോദ്യത്തിനായിരുന്നു ഈ മറുപടി. ഞങ്ങള്‍ പാവങ്ങള്‍ക്കും കര്‍ഷകര്‍ക്കും സ്ത്രീകള്‍ക്കുമായി പോരാടുന്നു. രാജസ്ഥാനില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ ഗെഹ്ലോട്ട് മുഖ്യമന്ത്രിയായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയാനാകില്ലെന്നായിരുന്നു പ്രതികരണം. ഇതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ മറുപടി നല്‍കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

2024ല്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കുമോ എന്ന ചോദ്യത്തിന് ഞാന്‍ എന്ത് ചെയ്യുമെന്ന് നിങ്ങള്‍ കണ്ടറിയൂ എന്നായിരുന്നു പ്രിയങ്ക പറഞ്ഞത്. രാജസ്ഥാനില്‍ ബിജെപി പൂര്‍ണമായും ചിതറിക്കിടക്കുകയാണ്. ഇവിടെ ഞങ്ങളുടെ പാര്‍ട്ടി ഒറ്റക്കെട്ടായി പോരാടുകയാണെന്നും പ്രിയങ്ക പറഞ്ഞു.

കഴിഞ്ഞ ദിവസം ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ജ്യോതിരാദിത്യ സിന്ധ്യക്കെതിരെ പ്രിയങ്ക നടത്തിയ പരാമര്‍ശത്തില്‍ രൂക്ഷ വിമര്‍ശനവുമായി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ രംഗത്തെത്തിയിരുന്നു. അസഭ്യവും അസഹനീയവുമായ ഇത്തരം പരാമര്‍ശങ്ങളും ധിക്കാരപരമായ വാക്കുകളും മധ്യപ്രദേശും രാജ്യവും ഒരിക്കലും പൊറുക്കില്ലെന്നാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു. എക്‌സിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

നവംബര്‍ 15ന് മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസമാണ് പ്രിയങ്ക ?ഗാന്ധി വിവാദ പരാമര്‍ശം നടത്തിയത്. ”ഉയരം അല്‍പം കുറവാണെങ്കിലും അഹങ്കാരത്തിന് ഒരു കുറവും ഇല്ല. ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ ഏതു പ്രവര്‍ത്തകനും അദ്ദേഹത്തെ കാണാന്‍ ചെന്നാല്‍ മഹാരാജാ എന്ന് വിളിക്കണം. അല്ലെങ്കില്‍ അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടില്ല” എന്നായിരുന്നു പ്രിയങ്ക ഗാന്ധി പറഞ്ഞത്. അതിനിടെ, പ്രിയങ്കാ ഗാന്ധിയുടെ പരാമര്‍ശം അഹങ്കാരത്തിന്റെ പാരമ്യത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് ബിജെപി നേതാവ് ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു. അവരുടെ വാക്കുകള്‍ പൊതുവികാരം വ്രണപ്പെടുത്തുക മാത്രമല്ല, ഹൃദയഭേദകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൗഹാന്‍ പ്രിയങ്ക ഗാന്ധിക്കെതിരെ സാങ്കല്‍പ്പികവും കെട്ടിച്ചമച്ചതുമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് മറുപടിയായി മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ് പറഞ്ഞു. സിന്ധ്യയ്ക്ക് കോണ്‍ഗ്രസിനോടുള്ള വിശ്വസ്തതയെക്കുറിച്ച് ശിവരാജ് ചൗഹാന്‍ നേരത്തെ പറഞ്ഞ വാക്കുകളും ഓര്‍മിപ്പിച്ചായിരുന്നു കമല്‍നാാഥിന്റെ പരാമര്‍ശം. രാവണന്റെ സഹോദരന്‍ ‘വിഭീഷണന്‍’ എന്ന് വിശേഷിപ്പിച്ചത് അദ്ദേഹമാണെന്നും പറഞ്ഞു.

‘നിങ്ങളുടെ അഭിനയത്തെ പ്രശംസിച്ച പ്രിയങ്ക ജിക്ക് നന്ദി പറയണം, ഡിസംബര്‍ മൂന്നിന് ശേഷം നിങ്ങള്‍ പുതിയ ജോലി കണ്ടെത്തൂ,’ ശിവരാജ് സിംഗ് ചൗഹാനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.