Kerala

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി വീണ്ടും നീട്ടി; ഉടനെ ശമ്പളവും വർദ്ധിപ്പിക്കും

മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി. പി.ആര്‍.ഡിയില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവ് ഈ മാസം 14 ന് ഇറങ്ങി.

സോഷ്യല്‍ മീഡിയ ടീമിന്റെ കാലാവധി നീട്ടാനുള്ള ഫയല്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയെന്ന് മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മുഖ്യമന്ത്രിയുടെ അനുമതി ലഭിച്ചതിനെ തുടര്‍ന്ന് പി.ആര്‍.ഡി ഉത്തരവും ഇറക്കി. നവംബര്‍ 15 നാണ് സോഷ്യല്‍ മീഡിയ ടീമിന്റെ കരാര്‍ കാലാവധി കഴിഞ്ഞത്. നവംബര്‍ 16 മുതല്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ നീട്ടിയത്.

ജീവിത ചെലവ് വര്‍ദ്ധിച്ചതിനാല്‍ ശമ്പളം ഉയര്‍ത്തണമെന്ന സോഷ്യല്‍ മീഡിയ ടീമിന്റെ ആവശ്യത്തിന് തീരുമാനമായില്ല. അത് ഉടനെ പരിഗണിക്കാം എന്നാണ് മുഖ്യമന്ത്രിയുടെ ഉറപ്പ്. 2 മാസത്തിനുള്ളില്‍ ഇവരുടെ ശമ്പളം ഉയര്‍ത്തും എന്നാണ് ഭരണ സിരാകേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍.

12 പേരാണ് മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ ടീമില്‍ ഉള്ളത്. 82 ലക്ഷം രൂപയാണ് ഇവരുടെ വാര്‍ഷിക ശമ്പളം. മുന്‍ മുഖ്യമന്ത്രിമാര്‍ ആര്‍ക്കും സോഷ്യല്‍ മീഡിയ ടീം ഉണ്ടായിരുന്നില്ല.സര്‍ക്കാര്‍ പ്രചരണത്തിന് പി.ആര്‍. ഡി യെ ആണ് മുന്‍ മുഖ്യമന്ത്രിമാര്‍ ആശ്രയിച്ചത്.

108 കോടി ഒരു വര്‍ഷം ചെലവഴിക്കുന്ന പി.ആര്‍.ഡി സര്‍ക്കാരിന്റെ പ്രചരണത്തിന് അഹോരാത്രം പണിയെടുക്കുന്നുണ്ടെങ്കിലും പിണറായി ഒരു സംഭവമാണ് എന്ന് പ്രചരിപ്പിക്കാന്‍ സോഷ്യല്‍ മീഡിയ ടീമിനെയാണ് ഉപയോഗിക്കുന്നത്.

സോഷ്യല്‍ മീഡിയ ടീമിന്റെ മേല്‍നോട്ടം മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിനാണ്. മുഖ്യമന്ത്രിയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുക, മുഖ്യമന്ത്രിക്കെതിരെയുള്ള വാര്‍ത്തകളെ പ്രതിരോധിക്കുക എന്നതാണ് സോഷ്യല്‍ മീഡിയ ടീമിന്റെ ചുമതല.

അടിമാലിയിലെ മറിയകുട്ടി അമ്മച്ചിക്കെതിരെയുള്ള ദേശാഭിമാനി വ്യാജ വാര്‍ത്ത സൈബറിടങ്ങളില്‍ പ്രചരിപ്പിക്കാന്‍ രാവും പകലും കഷ്ടപ്പെട്ട് സോഷ്യല്‍ മീഡിയ ടീം ഇറങ്ങിയിരുന്നു. അതിനുള്ള പ്രതിഫലനമാണ് ഇവരുടെ കരാര്‍ കാലാവധി നീട്ടി കൊടുക്കല്‍.

മുഖ്യമന്ത്രിയുടെ വെബ് സൈറ്റും സോഷ്യല്‍ മീഡിയയുടെയും സേവനം മുടക്കമില്ലാതെ കൊണ്ട് പോകാന്‍ ഇവരുടെ സേവനം അനിവാര്യമാണെന്നും അതുകൊണ്ടാണ് കാലാവധി കൂട്ടുന്നത് എന്നുമാണ് ഉത്തരവില്‍ സര്‍ക്കാര്‍ വക ക്യാപ്‌സൂള്‍.

പി.എസ്.സി പരീക്ഷ എഴുതി കെ.എസ്.ആര്‍.ടി.സിയില്‍ ജോലിക്ക് കയറിയവര്‍ക്ക് കൃത്യമായി ശമ്പളം കൊടുക്കാത്ത മുഖ്യമന്ത്രി ഒന്നാം തീയതി തന്നെ സോഷ്യല്‍ മീഡിയ ടീമിന് ശമ്പളം കൊടുക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *