Business

സഹാറ ഗ്രൂപ്പ് സ്ഥാപകൻ സുബ്രത റോയ് അന്തരിച്ചു | Subrata Roy

രാജ്യത്തെ വ്യവസായ രംഗത്തെ പ്രമുഖനും സഹാറ ഇന്ത്യ പരിവാര്‍ സ്ഥാപകനുമായ സുബ്രത റോയ് അന്തരിച്ചു. ദീര്‍ഘനാളായി രോഗബാധിതനായിരുന്ന സുബ്രതയുടെ അന്ത്യം 75ാം വയസ്സിലാണ്.

ഈമാസം 12നാണ് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രക്തസമ്മര്‍ദം, പ്രമേഹം എന്നിവയെത്തുടര്‍ന്നുണ്ടായ ഹൃദയാഘാതമാണ് മരണകാരണം.

1948 ജൂണ്‍ 10ന് ബിഹാറില്‍ ജനിച്ച റോയ് ധനകാര്യം, റിയല്‍ എസ്റ്റേറ്റ്, മാധ്യമപ്രവര്‍ത്തനം, ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിവിധ മേഖലകളില്‍ വ്യാപിച്ചു കിടക്കുന്ന സഹാറയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനായിരുന്നു. ഇന്ത്യന്‍ റെയില്‍വേ കഴിഞ്ഞാല്‍ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴില്‍ദാതാവെന്ന് സഹാറയെ ടൈം മാഗസില്‍ പ്രശംസിച്ചിരുന്നു. 12 ലക്ഷത്തോളംപേരാണ് സഹാറയില്‍ ജോലി ചെയ്യുന്നത്. 9 കോടി ഇന്‍വെസ്‌റ്റേഴ്‌സ് കമ്പനിക്കുണ്ടെന്നാണ് അവകാശവാദം.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡുമായുള്ള (സെബി) തര്‍ക്കത്തില്‍ കോടതിയില്‍ ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് 2014ല്‍ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കിയതോടെ നിയമയുദ്ധം ആരംഭിച്ചു. തിഹാര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹം പിന്നീട് പരോളില്‍ പുറത്തിറങ്ങിയിരുന്നു.

സുബ്രത റോയിയുടെ കരിയര്‍ ആരംഭിക്കുന്നത് ഗോരഖ്പുര്‍ ഗവണ്‍മെന്റ് ടെക്‌നിക്കല്‍ സ്ഥാപനത്തില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടിയതിന് ശേഷമായിരുന്നു. 1976 ല്‍ സഹാറ ഫിനാന്‍സ് ഏറ്റെടുത്തായിരുന്നു വ്യവസായ രംഗത്തേക്കുള്ള കടന്നുവരവ്. 1978ല്‍ ഈ സ്ഥാപനത്തെ സഹാറ ഇന്ത്യ പരിവാര്‍ ആക്കിയതോടെ ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനമായി വളരുകയായിരുന്നു.

1992 ല്‍ രാഷ്ട്രീയ സഹാറ എന്ന ദിനപത്രം ആരംഭിച്ചിരുന്നു. 90കളിലെ പൂനയുടെ മുഖം മാറ്റിമറിച്ച ആമ്പി വാലി സിറ്റി പ്രോജക്റ്റിന്റെ നടത്തിപ്പും സഹാറ ഗ്രൂപ്പ് ഏറ്റെടുത്തിരുന്നു. 2000 ആയപ്പോഴും രാജ്യന്തര തലത്തില്‍ തന്നെ വ്യാപാര ഇടപാടുകളുള്ള സ്ഥാപനമായ സഹാറ ലണ്ടന്‍ ഗ്രോസവര്‍ പോലുള്ള ന്യൂയോര്‍ക്ക് ആസ്ഥാനമായ ഹോട്ടലുകളെ ഏറ്റെടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *