മറിയക്കുട്ടിയോട് ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി; വ്യാജ വാർത്തക്ക് കാരണം സഹോദരിയെ മകളായി തെറ്റിദ്ധരിച്ചതു കൊണ്ടെന്ന്

തിരുവനന്തപുരം: വിധവ പെന്‍ഷന്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് തെരുവില്‍ ഭിക്ഷാടന പ്രതിഷേധം നടത്തിയ മറിയക്കുട്ടിക്കെതിരെ നല്‍കിയ വ്യാജ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി ദിനപത്രം. മറിയക്കുട്ടിക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ടും വീടുമുണ്ടെന്നായിരുന്നു ദേശാഭിമാനിയുടെ വാര്‍ത്ത.

വാര്‍ത്തയില്‍ പിശക് സംഭവിച്ചതാണെന്നും ഇതില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും ദേശാഭിമാനി ഇതുമായി ബന്ധപ്പെട്ട് ഇന്ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

മറിയക്കുട്ടി താമസിക്കുന്ന വീടും പുരയിടവും ഇളയമകള്‍ പി.സി പ്രിന്‍സിയുടെ പേരിലുള്ളതാണ്. ഈ മകള്‍ ന്യൂസിലാന്റിലാണെന്ന വാര്‍ത്ത പിശകാണ്. മറിയക്കുട്ടിയുടെ സഹോദരി വര്‍ഷങ്ങളായി വിദേശത്താണ്. ഇതാണ് തെറ്റിദ്ധാരണക്ക് ഇടയാക്കിയതെന്നും ദേശാഭിമാനി വിശദീകരിക്കുന്നു.

അടിമാലി പഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് 200 ഏക്കറില്‍ പൊന്നടത്തുപാറ 486ാം നമ്പര്‍ പുരയിടത്തിന് പ്രിന്‍സിയുടെ പേരിലാണ് കരമടക്കുന്നത്. മറിയക്കുട്ടിക്ക് പഴമ്പള്ളിച്ചാലില്‍ ഭൂമിയുണ്ടായിരുന്നു. എന്നാല്‍, ഇതിന് പട്ടയമില്ലായിരുന്നുവെന്നും ദേശാഭിമാനി ഇന്ന് നല്‍കിയ വാര്‍ത്തയില്‍ പറയുന്നു.

അപവാദ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സത്യാവസ്ഥ ബോധ്യപ്പെടുത്താന്‍ മന്നാങ്കണ്ടം വില്ലേജില്‍നിന്ന് തന്റെ പേരില്‍ സ്വത്തുക്കളില്ലെന്ന സക്ഷ്യപത്രം വാങ്ങിയ ശേഷം ഹൈകോടതിയെ സമീപിക്കാനൊരുങ്ങുകയായിരുന്നു മറിയക്കുട്ടി.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments