സഖാക്കളുടെ വ്യാജ വാര്‍ത്താ നിര്‍മിതി കേന്ദ്രമായ ദേശാഭിമാനിയുടെ ഒടുവിലത്തെ നുണയായിരുന്നു അടിമാലി സ്വദേശി മറിയക്കുട്ടിക്കെതിരെയുള്ളത്. ക്ഷേമപെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയാചിക്കാന്‍ മണ്‍ചട്ടിയുമായി ഇറങ്ങിയ വൃദ്ധരില്‍ ഒരാളായിരുന്നു മറിയക്കുട്ടി.

ഇവര്‍ക്ക് ഒന്നരയേക്കര്‍ സ്ഥലവും രണ്ട് വീടുമുണ്ടെന്നായിരുന്നു ദേശാഭിമാനിയുടെ കണ്ടെത്തല്‍. ഇതിനെ വില്ലേജ് ഓഫീസ് വഴി തന്നെ മറിയക്കുട്ടി പൊളിച്ചതോടെ നാണക്കേടിന്റെ മഹാമൗനത്തിലാണ് ദേശാഭിമാനിയും അതിന്റെ നടത്തിപ്പുകാരായ സിപിഎമ്മും.

പാര്‍ട്ടി പത്രത്തിലൂടെ വ്യാജ വാര്‍ത്ത സൃഷ്ടിക്കുന്നതില്‍ അഗ്രഗണ്യനാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജ്. ദേശാഭിമാനിയിലിരുന്ന് മനോജ് സൃഷ്ടിച്ച വ്യാജ വാര്‍ത്തകള്‍ക്ക് കയ്യും കണക്കുമില്ല. മനോരമക്കെതിരെ ദേശാഭിമാനി വ്യാജ വാര്‍ത്ത ചമച്ചതില്‍ പി.എം. മനോജിന്റെ പങ്ക് വെളിപ്പെടുത്തിയത് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍ ആയിരുന്നു. പിണറായി, വി എസ്, ജി. ശക്തിധരന്‍ എന്നിവരായിരുന്നു മനോജിന്റെ വ്യാജ വാര്‍ത്തയോടെ പ്രതികളായത്.

പി.എം. മനോജ്, പിണറായി വിജയൻ

ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായരുടെ ആത്മകഥയില്‍ ‘സില്‍ ബന്ധികളുടെ രാജ്യഭാരം ‘ എന്ന അധ്യായത്തിലാണ് മനോജിന്റെ തട്ടിപ്പിനെക്കുറിച്ച് എഴുതിയിട്ടുള്ളത് – മനോജിന്റെ വ്യാജ വാര്‍ത്തയില്‍ പ്രതിസ്ഥാനത്ത് വന്നെങ്കിലും മനോജിന്റെ ഇക്കിളി പെടുത്തുന്ന വ്യാജ വാര്‍ത്തയുടെ ആരാധകനാണ് എക്കാലത്തും പിണറായി വിജയന്‍.

പിണറായി മുഖ്യമന്ത്രിയായതോടെ ദേശാഭിമാനിയില്‍ നിന്ന് മനോജിനെ മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായി നിയമിച്ചു. 1.25 ലക്ഷം രൂപ ശമ്പളം, സര്‍ക്കാര്‍ കാര്‍, മറ്റ് ആനുകൂല്യങ്ങള്‍ എല്ലാം കിട്ടുന്ന ആകര്‍ഷക പദവിയില്‍ ഇരിക്കുമ്പോഴും ദേശാഭിമാനിക്ക് വേണ്ടി വ്യാജവാര്‍ത്തകള്‍ ചമയ്ക്കാനുള്ള വൈഭവം മനോജ് ആര്‍ക്കും വിട്ടുകൊടുത്തില്ല.

ശബരിമലയിലെ വ്യാജ ചെമ്പോല വാര്‍ത്ത, ആന്തൂരില്‍ ആത്മഹത്യ ചെയ്ത സാജന്റെ ഭാര്യയെ മോശമാക്കിയുള്ള ദേശാഭിമാനി വാര്‍ത്ത ഇതിന്റെയെല്ലാം പിന്നിലെ മാസ്റ്റര്‍ ബ്രയിന്‍ പി.എം. മനോജ് ആയിരുന്നു.

ഏറ്റവും ഒടുവില്‍ 87 വയസുള്ള അടിമാലിയിലെ മറിയകുട്ടി എന്ന അമ്മച്ചിക്കെതിരെ ദേശാഭിമാനി വ്യാജ വാര്‍ത്ത സൃഷ്ടിച്ചു. ക്ഷേമ പെന്‍ഷന്‍ മാത്രം വരുമാനമുള്ള മറിയകുട്ടി അമ്മച്ചി 5 മാസമായി ക്ഷേമ പെന്‍ഷന്‍ കുടിശിക ആയതോടെ ജീവിക്കാന്‍ നിവൃത്തിയില്ലാതെ ചട്ടിയുമായി പിച്ചതെണ്ടുന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മറിയകുട്ടി അമ്മച്ചിയുടെ വാര്‍ത്ത വന്‍ വാര്‍ത്ത പ്രാധാന്യം നേടിയതോടെ സര്‍ക്കാര്‍ നാണം കെട്ടു. തുച്ഛമായ ക്ഷേമ പെന്‍ഷന്‍ പോലും കൃത്യമായി കൊടുക്കാതെ 27 കോടിയുടെ കേരളീയം മാമാങ്കം നടത്തിയ പിണറായിയുടെ മുഖം പൊതു സമൂഹത്തില്‍ കൂടുതല്‍ വികൃതമായി. ഇതോടെ മറിയ കുട്ടി അമ്മച്ചിക്കെതിരെ ദേശാഭിമാനിയുടെ വക വ്യാജ വാര്‍ത്ത ഇറങ്ങി.

വാര്‍ത്ത ഇങ്ങനെ ‘പെന്‍ഷന്‍ മുടങ്ങിയെന്ന് പറഞ്ഞ് കോണ്‍ഗ്രസ് പിച്ചയെടുപ്പിച്ച മറിയക്കുട്ടിക്ക് ലക്ഷങ്ങളുടെ സ്വത്തുണ്ടെന്ന് കണ്ടെത്തല്‍. സ്വന്തമായി രണ്ട് വീടുണ്ട്. അതില്‍ ഒരു വീട് അടിമാലിയില്‍ ഇരുന്നൂറേക്കറില്‍ 5000 രൂപയ്ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുന്നു. പഴംമ്പിള്ളി ചാലില്‍ ഒന്നര ഏക്കറോളം സ്ഥലവുമുണ്ട്. മറിയക്കുട്ടിയുടെ മക്കളും സഹോദരങ്ങളും ഉള്‍പ്പെടെ വിദേശത്തുണ്ട്. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് അരി വാങ്ങാന്‍ ഗതിയില്ലാതെ ഭിക്ഷയെടുക്കേണ്ടി വന്നെന്ന കളവുമായി മറിയക്കുട്ടി ചാനലില്‍ എത്തിയത്….” .

സൈബര്‍ സഖാക്കള്‍ മറിയ കുട്ടി അമ്മച്ചിക്കെതിരെയുള്ള ദേശാഭിമാനി വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഉറക്കമൊഴിച്ച് പണിയെടുത്തു. ദേശാഭിമാനി വ്യാജ വാര്‍ത്ത മെഗാ ഹിറ്റായി സൈബറിടങ്ങളില്‍ ഓടി. വാര്‍ത്ത മറിയകുട്ടി അമ്മച്ചിയുടെ ചെവിയിലും എത്തി. ഒരു തുണ്ട് ഭൂമി പോലും ഇല്ലാത്ത അമ്മച്ചി ദേശാഭിമാനി വ്യാജ വാര്‍ത്ത പൊളിക്കാന്‍ അരയും തലയും മുറുക്കി രംഗത്ത് വന്നു.

തന്റെ പേരിലുള്ള സ്വത്ത് വിവരങ്ങളറിയാന്‍ വില്ലേജ് ഓഫീസില്‍ നവംബര്‍ 13 തിങ്കളാഴ്ച മറിയ കുട്ടി അമ്മച്ചി അപേക്ഷ നല്‍കി. അന്വേഷണം നടത്തിയ വില്ലേജാഫിസര്‍ മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് കണ്ടെത്തി അമ്മച്ചിക്ക് കത്തും നല്‍കി. ഇതോടെ ദേശാഭിമാനി വ്യാജ വാര്‍ത്ത പൊളിഞ്ഞു.

അടിമാലി ടൗണില്‍ ലോട്ടറി വിറ്റ് നടക്കുന്ന അമ്മച്ചിയുടെ മകള്‍ സ്വിറ്റ് സര്‍ലണ്ടില്‍ എന്നായിരുന്നു ദേശാഭിമാനിയുടെ മറ്റൊരു വ്യാജ വാര്‍ത്ത. സര്‍ക്കാരിനെതിരെ പറഞ്ഞാല്‍ 87 വയസ് കഴിഞ്ഞ അമ്മച്ചിക്ക് എതിരെ വ്യാജ വാര്‍ത്ത ചമയ്ക്കുന്ന തരംതാണ മഞ്ഞ പത്രമായി ദേശാഭിമാനി മാറി.

നേരറിയാന്‍ നേരത്തെ അറിയാന്‍ ദേശാഭിമാനി എന്നാണ് പത്രത്തിന്റെ ആപ്തവാക്യം. വ്യാജ വാര്‍ത്ത വായിക്കാന്‍ വ്യാജ വാര്‍ത്ത നേരത്തെ വായിക്കാന്‍ ദേശാഭിമാനി എന്ന രീതിയിലായി ദേശാഭിമാനി പത്രം. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പുത്തലത്ത് ദിനേശനാണ് ദേശാഭിമാനിയുടെ ചുമതല.

പുത്തലത്ത് ദിനേശൻ

16 ലക്ഷം രൂപയുടെ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ ആനുകൂല്യങ്ങളുമായാണ് ദേശാഭിമാനി പത്രത്തിന്റെ ചുമതല പുത്തലത്ത് ദിനേശന്‍ ഏറ്റെടുത്തത്. പി.എം മനോജ് മുഖ്യമന്ത്രിയുടെ ഓഫിസിലിരുന്ന് നിര്‍ദ്ദേശിക്കുന്നത് ദേശാഭിമാനി വാര്‍ത്തയായി പുറത്ത് വരിക എന്ന ജോലിയാണ് ദിനേശന് ഉള്ളത്.

വ്യാജവാര്‍ത്ത സൃഷ്ടിച്ച ദേശാഭിമാനിക്കെതിരെ മറിയകുട്ടി അമ്മച്ചി നിയമ പോരാട്ടത്തിനിറങ്ങുമ്പോള്‍ പൊതു സമൂഹത്തില്‍ പി.എം. മനോജും പുത്തലത്ത് ദിനേശനും തലയില്‍ മുണ്ടിട്ട് നില്‍ക്കേണ്ട അവസ്ഥയിലാണ്. ഒപ്പം ദേശാഭിമാനി എന്ന മഞ്ഞ പത്രവും. ദേശാഭിമാനിക്ക് ഇതൊന്നും പുത്തരിയല്ല എന്ന് മുന്‍കാല അനുഭവങ്ങള്‍ സാക്ഷ്യം.