സിനിമാ പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബ്ലെസി – പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. മലയാളികള്‍ നെഞ്ചേറ്റിയ ബെന്യാമിന്റെ നോവലിന്റെ ചലച്ചിത്രാവിഷ്‌കാരം എന്നത് സാഹിത്യപ്രേമികളെയും കാത്തിരിപ്പിന് പ്രേരിപ്പിക്കുന്നുണ്ട്.

ഹൃദയസ്പര്‍ശിയായ ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ച ബ്ലെസി പത്ത് വര്‍ഷങ്ങള്‍ക്കുശേഷം ഒരു ചിത്രവുമായി എത്തുന്നതും ആടുജീവിതത്തിലൂടെയാണ്. എ.ആര്‍. റഹ്‌മാന്‍ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് മറ്റൊരു പ്രത്യേകതയാണ്. ചിത്രത്തിന്റെ റിലീസിംഗ് ഡേറ്റ് അടുക്കുന്നതായി വ്യക്തമാക്കി പൃഥ്വിരാജ് സിനിമയുടെ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മരുഭൂമിയില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന നജീബായാണ് പൃഥ്വിരാജ് പോസ്റ്ററില്‍. അസ്തമയ സൂര്യന്റേതെന്ന് തോന്നിപ്പിക്കുന്ന പശ്ചാത്തലത്തിലാണ് പോസ്റ്റര്‍. പാറിപ്പറന്ന മുടിയും തളര്‍ന്ന് വൃത്തിഹീനമായ മുഖവുമൊക്കെയായാണ് പോസ്റ്ററില്‍ നജീബിന്റെ നില്‍പ്പ്.

മേക്കോവര്‍ മാത്രമല്ല, പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍. സിനിമകളുടെ പ്രധാനപ്പെട്ട അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ ഒന്നായ അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്‌വര്‍ക്കിന്റെ ഡിസ്‌പ്ലേ ബോര്‍ഡില്‍ നിന്നുള്ള പോസ്റ്റര്‍ ആണിത്.

ആടുജീവിതത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ എന്ന തരത്തിലാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളടക്കം ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് പോസ്റ്റര്‍.

160 ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസിക്കും സംഘത്തിനും വേണ്ടിവന്നത്. എന്നാല്‍ നാലര വര്‍ഷം കൊണ്ടാണ് ബ്ലെസിയും സംഘവും ഇത് സാധിച്ചെടുത്തത്. മരുഭൂമിയിലെ ചിത്രീകരണവും ഇടയ്ക്ക് വിലങ്ങുതടിയായി വന്ന കൊവിഡ് മഹാമാരിയുമൊക്കെയായിരുന്നു ഇതിന് പ്രധാന കാരണങ്ങള്‍.