Crime

ലുലുമാളില്‍ സ്ത്രീകളെ കയറിപ്പിടിച്ച റിട്ട ഹെഡ്മാസ്റ്റര്‍ പോലീസില്‍ കീഴടങ്ങി

ബംഗളൂരു: മാളുകളില്‍ കറങ്ങി നടന്ന് സ്ത്രീകളോട് ലൈംഗികാതിക്രമം നടത്തുന്ന മുന്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ കീഴടങ്ങി. അശ്വത് നാരായണന്‍ എന്ന 60 വയസ്സുകാരനാണ് കസ്റ്റഡിയിലായിരിക്കുന്നത്. ലുലു മാളില്‍ വെച്ച് സ്ത്രീകളെയും പെണ്‍കുട്ടികളെയും ശല്യം ചെയ്യുന്ന വീഡിയോ വൈറലായതോടെയാണ് കീഴടങ്ങല്‍.

മാളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പ്രതി നിരവധി സ്ത്രീകളോട് ഇത്തരത്തില്‍ മോശമായി പെരുമാറിയതായി കണ്ടെത്തി. വാരാന്ത്യങ്ങളില്‍ മാളില്‍ എത്തുന്ന ഇയാള്‍ സ്ത്രീകളെയും പെണ്‍കുട്ടികളേയും അനുചിതമായി സ്പര്‍ശിക്കുകയാണ് പതിവ്

തിരക്കേറിയ മാളിലെ ഗെയിംസ് സോണില്‍ വെച്ച് പ്രതി യുവതിയുടെ പിറകില്‍ മനപ്പൂര്‍വ്വം സ്പര്‍ശിക്കുന്നത് വീഡിയോ പ്രചരിച്ചതിനെ തുടര്‍ന്നായിരുന്നു അന്വേഷണം. ബംഗളൂരുവിലെ പ്രശസ്തമായ ലുലു മാളിലാണ് സംഭവം നടന്നതെന്ന് വീഡിയോ അപ്ലോഡ് ചെയ്തയാള്‍ വ്യക്തമാക്കിയിരുന്നു. ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ അപ്ലോഡ് ചെയ്ത വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

തിരക്കേറിയ സ്ഥലത്ത് കണ്ടപ്പോള്‍ സംശയം തോന്നി വീഡിയോ റെക്കോര്‍ഡുചെയ്യാന്‍ അനുഗമിക്കുകയായിരുന്നുവെന്നാണ് അപ്‌ലോഡ് ചെയ്തയാള്‍ പറഞ്ഞത്. സെക്യൂരിറ്റി ജീവനക്കാരന്റെ സഹായത്തോടെ ഇയാളെ തെരഞ്ഞെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് മാള്‍ മാനേജ്‌മെന്റിനെയും സെക്യൂരിറ്റി ഉദ്യോഗസ്ഥരേയും അറിയിച്ചു.

പോലീസ് അന്വേഷണം ആരംഭിച്ചതോടെയാണ് റിട്ട. ഹെഡ്മാസ്റ്റര്‍ കീഴടങ്ങിയതെന്ന് പോലീസ് പറഞ്ഞു. ആരോപണവിധേയനായ പ്രധാനാധ്യാപകന്‍ മറ്റ് മാളുകളിലും ഇത് ചെയ്തിട്ടുണ്ടെന്ന് സംശയിക്കുന്നു. കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *