ഗായകൻ, നടൻ, മുൻ ക്രിക്കറ്റ് താരം എന്നീ നിലകളിലെല്ലാം ആരാധകരെ സമ്പാദിച്ച താരമാണ് ഹാർദി സന്ധു. സന്ധു ഈയിടെ നടത്തിയ ഒരു വെളിപ്പെടുത്തൽ ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ഒരു സം​ഗീത പരിപാടിക്കിടെ പരിപാടി കാണാനെത്തിയ ഒരു സ്ത്രീയിൽ നിന്നും സഭ്യമല്ലാത്ത രീതിയിലുള്ള പെരുമാറ്റം നേരിടേണ്ടിവന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. പുരുഷന്മാരും ലൈം​ഗികാതിക്രമം നേരിടുന്നുണ്ടെന്നും ഹാർദി ചൂണ്ടിക്കാട്ടി.

രണ്ടുവർഷം മുമ്പുള്ള സംഭവമാണ് ഹാർദി സന്ധു തുറന്നുപറഞ്ഞത്. ഒരു വിവാഹ പാർട്ടിക്കിടെ വേദിയിൽ പാട്ട് പാടുകയായിരുന്നു സന്ധു. വേദിക്കു മുന്നിലായി ഒരു സ്ത്രീ പാട്ടിനൊപ്പം നൃത്തം വയ്ക്കുന്നത് തന്റെ ശ്രദ്ധയിൽപ്പെട്ടു. അവർക്ക് ഏകദേശം 45 വയസ്സുണ്ടാകും. വേദിയിൽ വന്ന് നൃത്തം ചെയ്തോട്ടെയെന്ന് അവർ ചോദിച്ചെങ്കിലും താനത് നിരസിച്ചു. ഒരാൾക്ക് അങ്ങനെയൊരു അവസരം കൊടുത്താൽ വീണ്ടും അതേ ആവശ്യം ഉന്നയിച്ച് പലരും വരുമെന്ന് തോന്നിയതിനാലാണ് അങ്ങനെ ചെയ്തത്. പക്ഷേ അവർ അത് അംഗീകരിക്കാൻ ഒരുക്കമായിരുന്നില്ല. വീണ്ടും നിർബന്ധിച്ചപ്പോൾ മനസ്സില്ലാ മനസ്സോടെ തനിക്കതു സമ്മതിക്കേണ്ടി വന്നെന്ന് ഹാർദി സന്ധു ഓർമിച്ചു.

“ഒരു പാട്ടിന്റെ തുടക്കം മുതൽ ഒടുക്കം വരെ ഞങ്ങൾ ഒരുമിച്ചു നൃത്തം ചെയ്തു. നിങ്ങൾക്കു സന്തോഷമായില്ലേ എന്നു ഞാൻ ചോദിച്ചപ്പോൾ, എന്നെ ഒന്നു കെട്ടിപ്പിടിച്ചോട്ടെ എന്നായി അവരുടെ മറുചോദ്യം. ഞാൻ സമ്മതിച്ചു. കെട്ടിപ്പിടിക്കുന്നതിടയിൽ അവർ എന്റെ ചെവിയിൽ നാവുകൊണ്ട് സ്പർശിച്ചു. അനാവശ്യമായ ആ സ്പർശനം എനിക്ക് അരോചകമായി തോന്നി. ഇതേ സമീപനം ഒരു പുരുഷനിൽ നിന്നു സ്ത്രീക്കാണ് നേരിടേണ്ടി വന്നതെങ്കിലോ? എന്തായിരിക്കും പിന്നീട് സംഭവിക്കുകയെന്നു ഞാൻ പറഞ്ഞു തരേണ്ടതില്ലല്ലോ? ഇവിടെ സ്ത്രീകൾക്കെതിരെ മാത്രമല്ല, പുരുഷന്മാർക്കെതിരെയും ഇത്തരം ലൈംഗികാതിക്രമ ശ്രമങ്ങൾ നടക്കുന്നുണ്ട്’’. ഹാർദി സന്ധു പറഞ്ഞു.

പഞ്ചാബിൽ നിന്നുള്ള ​ഗായകനാണ് ഹാർദി സന്ധു. കബീർ ഖാൻ നായകനായ 83 എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ഈ മാസം മുതൽ ​സന്ധുവിന്റെ ആദ്യ അഖിലേന്ത്യാ സം​ഗീത പര്യടനം ആരംഭിക്കുകയാണ്. എല്ലാത്തിനും അതിന്റേതായ സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് താൻ. ഇതാണ് ശരിയായ സമയം എന്നാണ് സം​ഗീ പര്യടനത്തേക്കുറിച്ച് ഹാർദി സന്ധു ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്