കൊച്ചി: പ്രാര്‍ഥനയ്ക്കിടെയുണ്ടായ ഉഗ്രസ്‌ഫോടനത്തിന് ഞെട്ടലിലാണ് യഹോവ സാക്ഷി കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ വിശ്വാസികള്‍. കണ്ണടച്ചുള്ള പ്രാര്‍ഥന തുടങ്ങി അഞ്ചുമിനിറ്റിനു ശേഷമാണ് ഹാളിന്റെ നടുക്കായി മൂന്നു സ്‌ഫോടനങ്ങളുണ്ടായതെന്നും ഉഗ്രശബ്ദം കേട്ട് കണ്ണുതുറന്നപ്പോള്‍ കണ്ടത് ആളിപ്പടരുന്ന തീയാണെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പല കൂട്ടായ്മകളില്‍ നിന്നുള്ള വിശ്വാസികളാണ് പ്രാര്‍ഥനയ്ക്കായി ഇവിടെ സമ്മേളിച്ചിരുന്നത്. എത്തുന്നവര്‍ക്കായി രജിസ്‌ട്രേഷന്‍ ഇല്ലായിരുന്നു. 2,500 പേരാണ് ഹാളിലുണ്ടായിരുന്നത്.

കണ്ണടച്ചുനിന്ന് പ്രാര്‍ഥിക്കവേയാണ് ഹാളിന്റെ ഒത്തനടുക്കായി വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. മൂന്നു തവണ സ്‌ഫോടനമുണ്ടായി. കണ്ണുതുറന്നുനോക്കിയപ്പോള്‍ വലിയ തീപിടിത്തം കണ്ടു.

കുട്ടികളും മുതിര്‍ന്നവരുമെല്ലാം കസേരകളുടെ ഇടയിലൂടെ തിക്കിത്തിരക്കി പുറത്തേക്കോടി. ആകെ മൂന്നു വാതിലുകളാണുള്ളത്. പൊള്ളലേറ്റവരെ കൂടാതെ പരിഭ്രാന്തരായി പുറത്തേക്ക് ഓടിയപ്പോഴുണ്ടായ തിക്കിലും തിരക്കിലുംപെട്ടാണ് നിരവധി പേര്‍ക്ക് പരിക്കേറ്റതെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു.

ഞായറാഴ്ച രാവിലെ 9.30നാണ് കളമശേരിക്കു സമീപമുള്ള സാമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ സ്‌ഫോടനമുണ്ടായത്. ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു.