കളമശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷന്‍ നടക്കുന്ന സ്ഥലത്ത് ഉഗ്രസ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. 23 പേര്‍ക്ക് പരിക്കേറ്റു. അഞ്ചുപേരുടെ നില ഗുരുതരം എന്നാണ് വിവരം.

ഇന്ന് രാവിലെ 9.30 മണിയോടെയാണ് സംഭവം. കളമശേരിയില്‍ മെഡിക്കല്‍ കോളേജിന് സമീപമുള്ള സാമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനം നടക്കുന്നിടത്താണ് പൊട്ടിത്തെറിയുണ്ടായത്. ഈ മാസം 27 മുതല്‍ നടന്നുവരുന്ന സമ്മേളനത്തിന്റെ അവസാന ദിവസമായിരുന്നു ഇന്ന്.

ഏകദേശം 2000ത്തിലധികം പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നതായാണ് വിവരം. ഉന്നത പോലീസ് ഉദ്യോഗസ്ഥരും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധനകളാരംഭിച്ചിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പരിക്കേറ്റവരെ കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. സ്ഫോടനം നടന്നത് എങ്ങനെയെന്ന് വ്യക്തമല്ല.

കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശവും നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താനാണ് നിര്‍ദേശം.

കളമശേരി മെഡിക്കല്‍ കോളേജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റ് ആശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.