വാഷിംഗ്ടണ്‍: യുഎസില്‍ വീണ്ടും വെടിവെയ്പ്പ്. ബുധനാഴ്ച വൈകുന്നേരം മെയ്‌നിലെ ലെവിസ്റ്റണ്‍ നഗരത്തില്‍ വിവിധയിടങ്ങളിലായി നടന്ന വെടിവയ്പ്പില്‍ 22 പേര്‍ കൊല്ലപ്പെട്ടു. അറുപതിലേറെപ്പേര്‍ക്ക് പരിക്കേറ്റു. തോക്കുധാരി ഇപ്പോഴും ഒളിവിലാണെന്ന് പോലീസ് അറിയിച്ചു.

ഒരു ബൗളിംഗ് കേന്ദ്രത്തിലും ബാറിലും പ്രാദേശിക റസ്റ്ററന്റിലും വാള്‍മാര്‍ട്ട് വിതരണകേന്ദ്രത്തിലുമാണ് വെടിവയ്പ്പുണ്ടായത്. ബൗളിംഗ് കേന്ദ്രത്തിനുള്ളില്‍ സെമി ഓട്ടോമാറ്റിക് ശൈലിയിലുള്ള ആയുധമേന്തി നടക്കുന്ന ഷൂട്ടറുടെ ഫോട്ടോ ലോക്കല്‍ പോലീസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. ബ്രൗണ്‍ ടോപ്പും നീല പാന്റ്‌സും ബ്രൗണ്‍ ഷൂസുമാണ് ഇയാള്‍ ധരിച്ചിരുന്നത്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഉടന്‍ ബന്ധപ്പെടണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

അക്രമി എത്തിയതെന്ന് സംശയിക്കുന്ന ഒരു വെള്ള എസ്യുവി കാറിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്.. ഒന്നില്‍ കൂടുതല്‍ അക്രമികളുണ്ടായിരുന്നോ എന്നും പോലീസ് സംശയിക്കുന്നുണ്ട്.