Cinema

പ്രണവ് മോഹന്‍ലാലിനെ ഒരുക്കിയത് മുരളിയെയും മോഹന്‍ലാലിനെയും റഫറന്‍സാക്കി: വിനീത് ശ്രീനിവാസന്‍

എപ്രില്‍ മാസത്തിലെ റിലീസുകളില്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ‘വര്‍ഷങ്ങള്‍ക്കു ശേഷം’ പ്രത്യേകതകള്‍ നിറഞ്ഞതാണ്. ഒരുകാലത്ത് മോഹന്‍ലാല്‍ – ശ്രീനിവാസന്‍ ജോഡികള്‍ സ്‌ക്രീനില്‍ നിറഞ്ഞാടിയത് പോലെ ഇവരുടെ മക്കളായ പ്രണവ് മോഹന്‍ലാല്‍ – ധ്യാന്‍ ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ തുടങ്ങുന്നു അതിന്റെ പ്രത്യേകതകള്‍.

മലയാളത്തിലെ യുവ താരനിരയിലെ വലിയൊരു ഭാഗം തന്നെ ഈസിനിമയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍, ബേസില്‍ ജോസഫ്, കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജുവര്‍ഗീസ് തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്. മലയാള സിനിമയുടെ 50 വര്‍ഷങ്ങള്‍ മിന്നി മറയുന്നുണ്ട് ഈ സിനിമയില്‍.

ഇപ്പോഴിതാ ചിത്രത്തിലെ പ്രണവിന്റെ ലുക്ക് തീരുമാനിച്ചത് എങ്ങനെയെന്ന് പറയുകയാണ് വിനീത് ശ്രീനിവാസന്‍. സില്ലി മോങ്ക്‌സിന് നല്‍കിയ അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറയുന്നത്.

Vineeth Sreenivasan and Pranav Mohanlal on the location of Varshangalkku Shesham

‘വര്‍ഷങ്ങള്‍ക്ക് ശേഷത്തിലെ എല്ലാ അഭിനേതാക്കള്‍ക്കും നമ്മള്‍ റെഫറന്‍സുകള്‍ എടുത്തിട്ടുണ്ട്. ഞാന്‍ അങ്ങനെ ജൂബ ഇട്ട് കണ്ടിട്ടുള്ള ഒരാള്‍ മുരളിച്ചേട്ടനാണ്. ചമ്പക്കുളം തച്ചന്റെ ഷൂട്ടിന്റെ സമയത്ത് റെയ്ബാന്‍ ഹോട്ടലില്‍ നമ്മള്‍ താമസിക്കുമ്പോള്‍ ദൂരെനിന്ന് കവിത പാടിക്കൊണ്ട് വരുന്ന മുരളിച്ചേട്ടന്‍. ജൂബയും മുണ്ടും തോള്‍സഞ്ചിയുമായിരുന്നു അദ്ദേഹത്തിന്റെ വേഷം. എന്റെ മനസില്‍ അതായിരുന്നു പ്രണവിനെക്കുറിച്ചുള്ള ചിത്രം. കാറ്റില്‍ ആടിപ്പോവുന്ന ഒരു മനുഷ്യന്‍. എന്നിട്ട് കമലദളത്തില്‍ ലാല്‍ അങ്കിള്‍ ഇട്ടിട്ടുള്ള മാലയുണ്ടല്ലോ. അതുപോലെ ഒന്ന് കൊടുക്കാന്‍ പറ്റുമോ എന്ന് കോസ്റ്റ്യൂം ഡിസൈനറോട് ഞാന്‍ ചോദിച്ചു. മുരളിച്ചേട്ടന്റെ പേര് തന്നെയാണ് അപ്പുവിന് (പ്രണവ്) ഇട്ടിട്ടുള്ളത്. മുരളി എന്നാണ് അപ്പുവിന്റെ ക്യാരക്റ്ററിന്റെ പേര്’, വിനീത് പറയുന്നു.

പ്രണവ് മോഹന്‍ലാല്‍ നായകനായ ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം. വമ്പന്‍ ക്യാന്‍വാസില്‍ വലിയൊരു താരനിരയുമായി ഒരുക്കിയിരിക്കുന്ന ചിത്രം റംസാന്‍ – വിഷു റിലീസായി ഏപ്രില്‍ പതിനൊന്നിന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *