FinanceNews

കേരളം ഈ വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി; 5000 കോടി ചോദിച്ചപ്പോള്‍ 3000 കോടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: കേരളം ഈ സാമ്പത്തിക വര്‍ഷത്തെ കടമെടുപ്പ് തുടങ്ങി. സംസ്ഥാനത്തിന് 3000 കോടി രൂപ കടമെടുക്കാന്‍ അനുമതി നല്‍കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. 5000 കോടി രൂപയായിരുന്നു കേരളം ആവശ്യപ്പെട്ടത്. എന്നാല്‍ അത് അംഗീകരിക്കപ്പെട്ടില്ല.

നടപ്പുവര്‍ഷം കേരളത്തിന് 37,500 കോടി രൂപ കടമെടുക്കാം. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവര്‍ എടുത്ത കടം കേന്ദ്രം ഇതില്‍ നിന്ന് കുറയ്ക്കും. 12000 കോടിയോളം വെട്ടി കുറയ്ക്കും എന്നാണ് റിപ്പോര്‍ട്ട്. ഫലത്തില്‍ 25500 കോടി രൂപയാണ് കേരളത്തിന് നടപ്പ് വര്‍ഷം കടമെടുക്കാന്‍ സാധിക്കുക.

ശമ്പളവും പെന്‍ഷനും വരെ മുടങ്ങും. ക്ഷേമ പെന്‍ഷന്‍ അവകാശമല്ല എന്ന നിലപാട് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ച് കഴിഞ്ഞു. പണം ഉണ്ടാകുമ്പോള്‍ പെന്‍ഷന്‍ തരും എന്നാണ് സര്‍ക്കാര്‍ നിലപാട്. 2023 നവംബര്‍ വരെയുള്ള ക്ഷേമ പെന്‍ഷന്‍ മാത്രമാണ് കൊടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ക്ഷേമപെന്‍ഷന്‍ നിലവില്‍ നാല് മാസം കുടിശികയാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ക്ഷേമ പെന്‍ഷന്‍ കുടിശിക പത്ത് മാസമായി ഉയരുമെന്നാണ് ധനവകുപ്പില്‍ നിന്ന് ലഭിക്കുന്ന സൂചന. വകുപ്പുകള്‍ക്കുള്ള ഫണ്ട് വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതിലൂടെ ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ‘ചില കടുത്ത പ്രയോഗങ്ങള്‍’ ബാലഗോപാല്‍ വക ഉണ്ടാകും. പ്ലാന്‍ ബി പുറത്തെടുക്കാനുള്ള ഹോം വര്‍ക്കിലാണ് ബാലഗോപാല്‍.

നേരത്തേ സംസ്ഥാനത്തിന് 5000 കോടിരൂപ നല്‍കാമെന്ന കേന്ദ്ര നിര്‍ദ്ദേശം കേരളം തള്ളിയിരുന്നു. അയ്യായിരം പോര പതിനായിരം കിട്ടിയേ പറ്റൂ എന്നായിരുന്നു കേരളത്തിന്റെ നിലപാട്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളത്തിന് അധിക വായ്പ എടുക്കുന്നത് സംബന്ധിച്ച നിലപാട് സുപ്രീം കോടതിയില്‍ വ്യക്തമാക്കിയപ്പോഴാണ് 5000 കോടി നല്‍കാമെന്നും അത് അടുത്ത വര്‍ഷത്തെ പരിധിയില്‍ കുറവുചെയ്യുമെന്നും കേന്ദ്രം അറിയിച്ചത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേരളം വഴികണ്ടെത്തണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *