ജയ്പുർ: രാജസ്ഥാനിൽ വമ്പൻ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വീണ്ടും അധികാരത്തിലെത്തിയാൽ ഗൃഹലക്ഷ്മി പദ്ധതിപ്രകാരം കുടുംബനാഥയ്ക്ക് വർഷത്തിൽ 10,000 രൂപയും ഒന്നരകോടി കുടുംബങ്ങൾക്ക് 500 രൂപയ്ക്ക് പാചകവാതക സിലിണ്ടറും നൽകുമെന്ന് മുഖ്യമന്ത്രി അശോക് ഗഹ്ലോത് പറഞ്ഞു. രാജസ്ഥാനിലെ ജുൻജുനുവിൽ വെച്ച് നടന്ന റാലിയിൽ സംസാരിക്കവെയായിരുന്നു അശോക് ഗഹ്ലോതിന്റെ പ്രഖ്യാപനം.

കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയാണ് രാജസ്ഥാനിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്‌. നേരത്തെ കോൺഗ്രസിന് വൻ വിജയം നേടിക്കൊടുത്ത കർണാടക, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ പ്രചാരണത്തിന്‌ മുന്നിൽ നിന്ന് പ്രവർത്തിച്ചത് പ്രിയങ്കാ ഗാന്ധിയായിരുന്നു. രാജസ്ഥാനിൽ വിവിധയിടങ്ങളിൽ പൊതുയോഗങ്ങളിലും റാലികളിലും പ്രിയങ്കാ ഗാന്ധി പങ്കെടുക്കുന്നുണ്ട്. ജുൻജുനുവിലെ റാലിയിലും പ്രിയങ്കാ ഗാന്ധി ജനങ്ങളെ അഭിസംബോധന ചെയ്തു.