തിരുവനന്തപുരത്ത് കനത്ത് മഴ: വീടുകളില്‍ വെള്ളം കയറി; ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റി

തിരുവനന്തപുരം: കനത്ത മഴയില്‍ തിരുവനന്തപുരം നഗരത്തില്‍ വെള്ളക്കെട്ട്. ശനിയാഴ്ച രാത്രി മുതല്‍ പെയ്ത ശക്തമായ മഴയിലാണ് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയത്. ചാക്ക ബൈപ്പാസിനോട് ചേര്‍ന്നുള്ള വെള്ളക്കെട്ടില്‍ നിരവധി വാഹനങ്ങള്‍ കുടുങ്ങി. വെള്ളം കയറി ചില വാഹനങ്ങള്‍ തകരാറിലായി. വാഹനങ്ങള്‍ ഇവിടെനിന്ന് മാറ്റാന്‍ കഴിയാതെ വന്നതോടെ ഗതാഗത തടസ്സമുണ്ടായി.

തേക്കുമൂട് ബണ്ട് കോളനിയില്‍ വെള്ളം കയറി. ആമയിഴഞ്ചന്‍ തോട് കരകവിഞ്ഞതോടെ പുത്തന്‍പാലത്ത് പല വീടുകളിലും വെള്ളം കയറി. ഫയര്‍ഫോഴ്സ് എത്തി 45 പേരെ ക്യാമ്പിലേക്ക് മാറ്റിയിട്ടുണ്ട്.

അതിനിടെ മതിലിടിഞ്ഞ് വീണ് പോത്തന്‍കോട് സ്വദേശിക്ക് പരിക്കേറ്റു. പോത്തന്‍കോട് കല്ലുവിള സ്വദേശി അരുണിനാണ് പരിക്കേറ്റത്. കാലിന് പരിക്കേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പുല്ലന്‍പാറയില്‍ ഒരു വീട് ഇടിഞ്ഞ് വീണു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം.

കഴിഞ്ഞ 12 മണിക്കൂറിനുള്ളില്‍ അഞ്ച് സ്റ്റേഷനുകളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ മഴയാണ് പെയ്തത്. ടെക്നോപാര്‍ക്ക് ഫെയ്സ് 3ന് സമീപം തെറ്റിയാര്‍ കരകവിഞ്ഞ് വീടുകളില്‍ വെള്ളം കയറി. മൂന്ന് കുടുംബങ്ങളെ ഫയര്‍ഫോഴ്സ് വാട്ടര്‍ ഡിങ്കിയില്‍ മാറ്റിയിട്ടുണ്ട്. കഴക്കൂട്ടം, മണക്കാട്, ഉള്ളൂര്‍, വെള്ളായണി, പോത്തന്‍കോട് ഭാഗങ്ങളില്‍ വീടുകളിലും വെള്ളം കയറി. പാറ്റൂര്‍, കണ്ണമൂല, ചാക്ക തുടങ്ങിയ തിരുവനന്തപുരത്തെ പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.

പോത്തന്‍കോട് കരൂരിലെ 7 വീടുകളിലാണ് വെള്ളം കയറിയത്. ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുണ്ട്. ശ്രീകാര്യത്തെ ഗുലാത്തി ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്റെ പിന്‍ഭാഗത്തെ മതില്‍ ഇടിഞ്ഞുവീണു. വെളുപ്പിന് 12.30ഓടെയായിരുന്നു സംഭവം. പൊലിസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി. ആളപായമില്ല. പോത്തന്‍കോട് വീടിന്റെ മതിലിടിഞ്ഞ് യുവാവിന് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ അരുണിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തെറ്റിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ സര്‍വീസ് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ടെക്നോപാര്‍ക്കിലേക്കുള്ള ഭാഗത്ത് വെള്ളക്കെട്ട് രൂപപ്പെട്ടതിനാല്‍ സര്‍വീസ് റോഡ് വഴിയുള്ള ഗതാഗതം താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

അതേസമയം കനത്ത നീരൊഴുക്കിനെ തുടര്‍ന്ന് നെയ്യാര്‍, പേപ്പാറ ഡാമുകളിലെ ഷട്ടറുകള്‍ ഉയര്‍ത്തി. നെയ്യാര്‍ ഡാമിന്റെ 4 ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. എന്നാല്‍ ഷട്ടറുകള്‍ 10 സെന്റിമീറ്റര്‍ കൂടി ഉയര്‍ത്താനാണ് സാധ്യത. പേപ്പാറ ഡാമിന്റെ ഷട്ടറുകള്‍ 10 സെ.മി ഉയര്‍ത്തി. നീരൊഴുക്ക് കൂടിയ സാഹചര്യത്തില്‍ 70 സെ.മി കൂടി ഉയര്‍ത്തും. വെള്ളായണിയില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പതിനഞ്ചോളം കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി.

സംസ്ഥാനത്തെ അതിശക്തമായ മഴ കണക്കിലെടുത്ത് ഒമ്പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കന്‍ തമിഴ്നാടിന് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതാണ് കേരളത്തിലെ ശക്തമായ മഴയ്ക്ക് കാരണം. അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതും മഴ കനക്കാന്‍ കാരണമാകും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments