തിരുവനന്തപുരം: സംസ്ഥാനത്തെ പെന്‍ഷന്‍കാര്‍ കുടിശ്ശിക കിട്ടാന്‍ ഇനിയും കാത്തിരിക്കണമെന്ന് വ്യക്തമാക്കി ധനവകുപ്പ്. പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമ ആശ്വാസ കുടിശ്ശിക എന്നിവയുടെ മൂന്നും നാലും ഗഡുക്കളാണ് പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ളത്. 18 ശതമാനം ക്ഷാമ ആശ്വാസവും കുടിശ്ശികയാണ്. അര്‍ഹതപ്പെട്ട പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ ലഭിക്കാതെ മരണപ്പെട്ടത് 80,000 പെന്‍ഷന്‍കാരാണ്.
സര്‍വീസ് പെന്‍ഷന്‍കാരുടെ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികയും ക്ഷാമ ആശ്വാസവും അനുവദിക്കണമെന്നാവശ്യപ്പെട്ട് ജൂലൈ 24ന് സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്. ഹനിഫ റാവുത്തര്‍ ധനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. സെപ്റ്റംബര്‍ 13ന് ഹനിഫ റാവുത്തറിന് നല്‍കിയ മറുപടിയിലാണ് ഇനിയും കാത്തിരിക്കണം എന്ന് ധനവകുപ്പ് വ്യക്തമാക്കിയത്.
കേന്ദ്ര സര്‍ക്കാര്‍ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതും കോവിഡ്, ലോക്ഡൗണ്‍ നിയന്ത്രണങ്ങളും സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്നാണ് കത്തില്‍ സൂചിപ്പിച്ചിട്ടുള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായിട്ടാണ് കുടിശ്ശിക തടഞ്ഞുവച്ച് ഉത്തരവ് ഇറക്കിയതെന്നും മറുപടിയില്‍ വ്യക്തമാക്കുന്നു. ധനസ്ഥിതി മെച്ചപ്പെട്ടാലേ കുടിശ്ശിക വിതരണം ചെയ്യാന്‍ കഴിയുകയുള്ളുവെന്ന് ഖേദപൂര്‍വ്വം അറിയിക്കുന്നുവെന്നാണ് ധന പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ മറുപടി കത്ത്.
6 ലക്ഷം പെന്‍ഷന്‍കാരാണ് സംസ്ഥാനത്തുള്ളത്. 80 ശതമാനം പേരും തുച്ഛമായ പെന്‍ഷന്‍ ലഭിക്കുന്നവരും പലവിധ രോഗങ്ങള്‍ വേട്ടയാടപ്പെടുന്നവരുമാണ്. 2021 ലെ തെരഞ്ഞെടുപ്പിന് മുമ്പ് ഇറക്കിയ ഉത്തരവില്‍ പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക കൊടുക്കുമെന്ന് ധനമന്ത്രിയായിരുന്ന ഐസക്ക് വ്യക്തമാക്കിയിരുന്നു.
തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യനും ധനമന്ത്രിയും വാഗ്ദാനവും ഉത്തരവും മറന്നു. പെന്‍ഷന്‍കാര്‍ അര്‍ഹതപെട്ട കുടിശ്ശിക ലഭിക്കാന്‍ തെരുവുകളില്‍ സമരം ചെയ്യുമ്പോള്‍ 42 കാറുകളുടെ അകമ്പടിയോടെ മുഖ്യമന്ത്രി റോഡിലൂടെ ചീറിപായുകയാണ്. മുഖ്യമന്ത്രിക്ക് പറക്കാന്‍ ഹെലികോപ്റ്ററും എത്തി. സാമ്പത്തികപ്രതിസന്ധി മുഖ്യമന്ത്രിക്ക് ബാധകമല്ലേ എന്നാണ് പെന്‍ഷന്‍കാര്‍ ചോദിക്കുന്നത്.