മന്ത്രിമാരുടെ സുരക്ഷ വീണ്ടും വര്‍ദ്ധിപ്പിക്കുന്നു: ചെലവ് 2.53 കോടി

കര്‍ഷകര്‍ നെല്ലിന്റെ വില കിട്ടാതെ ജീവനൊടുക്കിയാലും കൃഷിമന്ത്രിയുടെ സുരക്ഷ ഉറപ്പ്. റോഡുകള്‍ കുളമെങ്കിലും പൊതുമരാമത്ത് മന്ത്രിയുടെ സുരക്ഷയും ഉറപ്പ്
അങ്ങനെ മന്ത്രിമാരുടെ സുരക്ഷക്ക് ഇന്ന് ചെലവാക്കിയത് 2.53 കോടി രൂപ

തിരുവനന്തപുരം: മന്ത്രിമാരുടെ ഓഫീസിന്റെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നു. മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, വി. ശിവന്‍ കുട്ടി, വീണ ജോര്‍ജ്, ആര്‍. ബിന്ദു, ജെ. ചിഞ്ചുറാണി, പി. പ്രസാദ് എന്നിവരുടെ ഓഫീസിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിക്കുന്നത്. സെക്രട്ടേറിയറ്റ് അനക്‌സ് -2 വിലാണ് ഈ മന്ത്രിമാരുടെ ഓഫീസ് സ്ഥിതി ചെയ്യുന്നത്.

അനക്‌സ് – 2 വില്‍ ഒന്നാം നിലയിലാണ് കൃഷി മന്ത്രി പി. പ്രസാദിന്റെ ഓഫിസ്. രണ്ടാം നിലയില്‍ ശിവന്‍ കുട്ടിയുടേയും മൂന്നാം നിലയില്‍ ആര്‍. ബിന്ദുവിന്റേയും ഓഫിസ് സ്ഥിതി ചെയ്യുന്നു. ആറാം നിലയിലാണ് ജെ. ചിഞ്ചുറാണിയുടേയും മുഹമ്മദ് റിയാസിന്റേയും ഓഫിസ്.

റിയാസിന്റെ ഓഫിസിന്റെ തൊട്ട് മുകളില്‍ ഏഴാം നിലയില്‍ ആണ് വീണ ജോര്‍ജിന്റെ ഓഫിസ്. അനക്‌സ് -2 വിലെ സുരക്ഷ സംവിധാനം ശക്തിപ്പെടുത്താന്‍ പുതിയ സി.സി.റ്റി.വി സ്ഥാപിച്ചു. 2.53 കോടിയാണ് ചെലവ്. കൊച്ചിയിലെ ഇന്‍ഫോകോം എന്ന സ്ഥാപനമാണ് സി.സി.റ്റി.വി. സ്ഥാപിച്ചത്. നിര്‍മ്മാണ ചെലവായ 2.53 കോടി രൂപ കമ്പനിക്ക് അനുവദിച്ച് ഇന്ന് പൊതുഭരണ വകുപ്പില്‍ നിന്ന് ഉത്തരവിറങ്ങി.

5 ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിറ്റക്ടര്‍, 2 ഡോര്‍ ഫ്രെയിം മെറ്റല്‍ ഡിറ്റക്ടര്‍, 101 ക്യാമറകള്‍ ഉള്‍കൊള്ളുന്നതും 6 മാസത്തെ വിവര സംഭരണശേഷിയുള്ളതുമായ നിരീക്ഷണ ക്യാമറ സംവിധാനവും അനുബന്ധ ഉപകരണങ്ങളും ഉള്‍പ്പെടെ അത്യാധുനിക സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

നെല്ലിന്റെ വില കിട്ടാത്തതിനെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത ദിവസം തന്നെയാണ് മന്ത്രിമാരുടെ സുരക്ഷക്കായി നിര്‍മ്മിച്ച സി.സി.റ്റി.വിക്ക് 2.53 കോടി അനുവദിച്ചത്. ആത്മഹത്യ ചെയ്ത രാജപ്പനും മകന്‍ പ്രകാശനും ചേര്‍ന്നാണ് നെല്‍കൃഷി ചെയ്യുന്നത്. കഴിഞ്ഞ ഏപ്രിലില്‍ ഇവര്‍ കൊടുത്ത നെല്ലിന്റെ വില ഇതുവരെ കിട്ടിയില്ല.

രാജപ്പന് നെല്ല് കൊടുത്ത വകയില്‍ 1,02,047 രൂപയും മകന്‍ പ്രകാശന് 55,054 രൂപയും ആണ് കിട്ടാനുള്ളത്. പ്രകാശന്‍ കാന്‍സര്‍ ബാധിച്ച് ചികില്‍സയിലും ആണ്. കൃഷിക്ക് ഉപയോഗിക്കുന്ന കീടനാശിനി കഴിച്ച രാജപ്പനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

സംസ്ഥാനത്തെ കാര്‍ഷിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതിപക്ഷം അടിയന്തിര പ്രമേയം കൊണ്ടു വന്നപ്പോള്‍ കൃഷി ചെയത് ഔഡി കാര്‍ വാങ്ങിയ കര്‍ഷകര്‍ സംസ്ഥാനത്തുണ്ടെന്നായിരുന്നു കൃഷിമന്ത്രിയുടെ മറുപടി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്. മറ്റ് കാര്‍ഷിക വിളകളുടെ കാര്യത്തിലും ഇതേ അവസ്ഥയാണ് ഉള്ളത്.

സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കര്‍ഷകര്‍ക്ക് കൊടുക്കാനുള്ള തുകക്ക് പുറമേ സാമൂഹ്യ സുരക്ഷ പദ്ധതികള്‍ക്കൊന്നും സര്‍ക്കാര്‍ പണം കൊടുക്കുന്നില്ല. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം കൊടുത്തിട്ട് 6 മാസമായി. 16000 കോടി രൂപയാണ് കരാറുകാര്‍ക്ക് കൊടുക്കാന്‍ ഉള്ളത്. ഇതുമൂലം നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. സംഘടിത ഗ്രൂപ്പായ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും 18 ശതമാനം ഡി.എ ആണ് തടഞ്ഞ് വച്ചിരിക്കുന്നത്. ഒരു വശത്ത് അര്‍ഹതപ്പെട്ടവരുടെ ആനുകൂല്യം തടയുക മറുവശത്ത് സുരക്ഷയുടെ പേരില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കോടികള്‍ അനുവദിക്കുക എന്ന ശൈലിയിലാണ് ധനവകുപ്പിനെ ബാലഗോപാല്‍ നയിക്കുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments