തിരുവനന്തപുരം: മന്ത്രിയുടെ സ്വകാര്യ പാചകക്കാരന് നാല് വര്‍ഷം ജോലി ചെയ്ത് വിരമിച്ചപ്പോള്‍ കിട്ടിയത് 2.33 ലക്ഷവും 3350 രൂപ പ്രതിമാസ പെന്‍ഷനും ; മുന്‍ മന്ത്രി ഇ. ചന്ദ്രശേഖരന്റെ കുക്കാണ് ആ ഭാഗ്യവാന്‍

മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 4 വര്‍ഷം കുക്കായി ജോലി ചെയ്താല്‍ 3350 രൂപ പ്രതിമാസ പെന്‍ഷന്‍ കിട്ടും. പെന്‍ഷനോടൊപ്പം കാലാകാലങ്ങളിലെ ഡി.എയും ലഭിക്കും. മുന്‍ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ കുക്ക് കെ.വി. ശാന്തകുമാറിനാണ് 4 വര്‍ഷം ജോലി ചെയ്തതിന് 3350 രൂപ പെന്‍ഷന്‍ അനുവദിച്ചത്.

പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ അനുവദിക്കുന്ന ചട്ടപ്രകാരമാണ് ശാന്തകുമാറിന് പെന്‍ഷന്‍ അനുവദിച്ചത്. ഈ മാസം 4 ന് പൊതുഭരണ വകുപ്പില്‍ നിന്ന് ഇതു സംബന്ധിച്ച ഉത്തരവിറങ്ങി. പെന്‍ഷന്‍ കൂടാതെ 55,000 രൂപ ഗ്രാറ്റുവിറ്റിയും 1,78,488 രൂപ പെന്‍ഷന്‍ കമ്യൂട്ടേഷനും ശാന്തകുമാറിന് ലഭിച്ചു.

4 വര്‍ഷം ജോലി ചെയ്തതിന് 4 മാസത്തെ ശമ്പളവും ശാന്തകുമാറിന് ലഭിക്കും. പേഴ്‌സണല്‍ സ്റ്റാഫിന് പെന്‍ഷന്‍ നല്‍കാന്‍ ഒരു വര്‍ഷം ചെലവഴിക്കുന്നത് 6 കോടി രൂപയാണ്. 1500 പേരാണ് നിലവില്‍ പേഴ്‌സണല്‍ സ്റ്റാഫ് പെന്‍ഷന്‍ വാങ്ങുന്നത്.

2013 ഏപ്രിലിനു ശേഷം സര്‍ക്കാര്‍ സര്‍വിസില്‍ കയറിയവര്‍ക്ക് പങ്കാളിത്ത പെന്‍ഷന്‍ ആണ് ലഭിക്കുന്നത്. മറ്റ് യാതൊരു ആനുകൂല്യവും ഇവര്‍ക്കില്ല. എന്നാല്‍ പേഴ്‌സണല്‍ സ്റ്റാഫിന് പഴയ പെന്‍ഷന്‍ രീതിയാണ് ഉള്ളത്. ഗ്രാറ്റുവിറ്റി, കമ്യൂട്ടേഷന്‍, ടെര്‍മിനല്‍ സറണ്ടര്‍ തുടങ്ങി എല്ലാ ആനുകൂല്യങ്ങളും പേഴ്‌സണല്‍ സ്റ്റാഫിന് ലഭിക്കും.