നികുതി വെട്ടിപ്പ് തടഞ്ഞ് ബില്‍ വാങ്ങല്‍ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ലക്കി ബില്‍ സ്‌കീം തികഞ്ഞ പരാജയം. നികുതിപ്പണമായി എത്തേണ്ട കോടികള്‍ ഖജനാവിലേക്ക് എത്താതിരുന്നപ്പോള്‍ നികുതി എത്തിക്കാന്‍ ഏര്‍പ്പാടാക്കിയ സ്‌കീമിന് ചെലവാക്കിയത് കോടിക്കണക്കിന് രൂപയാണ്.
ആപ്പ് രൂപീകരിക്കാന്‍ 32.5 ലക്ഷവും പദ്ധതിയുടെ പരസ്യം നല്‍കുന്നതിന് രണ്ടുകോടിയിലേറെയും തുക ചെലവിട്ടിട്ടും ഇങ്ങനൊരു സ്‌കീമിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രിയുടെ തന്നെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഈ സ്‌കീമില്‍ പങ്കെടുക്കുന്നവര്‍ക്ക് നല്‍കാന്‍ അഞ്ചുകോടി രൂപയാണ് ബജറ്റില്‍ മാറ്റിവെച്ചത്. എന്നാല്‍ സമ്മാനം ലഭിച്ചവര്‍ക്ക് പണം കൊടുക്കാന്‍ ട്രഷറിയില്‍ പണമില്ലെന്ന മറുപടി ഏറെ വിവാദമായിരുന്നു.
‘ബില്‍ ചോദിച്ച് വാങ്ങൂ, സമ്മാനം നേടൂ.. നികുതി നമുക്കും നാടിനും’ എന്ന പ്രചാരണ വാക്യവുമായി കേരള ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെയാണ് സംസ്ഥാന ജിഎസ്ടി വകുപ്പ് ഖജനാവില്‍ നിന്നും 32.5 ലക്ഷം രൂപ മുടക്കി ഉപഭോക്താക്കള്‍ക്ക് ബില്ല് അപ് ലോഡ് ചെയ്യുമ്പോള്‍ സമ്മാനം ലഭിക്കുന്ന ലക്കി ബില്‍ ആപ്പ് നിര്‍മ്മിച്ചത്.
ഏറെ കൊട്ടിഘോഷിച്ച് മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള താരങ്ങളെ ഉപയോഗിച്ച് പരസ്യത്തിനും പ്രചരണത്തിനും പിആര്‍ വര്‍ക്കിനും 2.74 കോടി ചിലവിട്ട ആപ്‌ളിക്കേഷന്‍ 2023 മാര്‍ച്ച് വരെ ഉപയോഗിക്കുന്നവരുടെ എണ്ണം 1.10 ലക്ഷം മാത്രം. ആകെ ശേഖരിച്ചതാകട്ടെ 11 ലക്ഷം ബില്ലുകള്‍ മാത്രവും.
കേരളത്തിലെ 5 ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍/പൊതുമേഖലാ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും മാത്രം ഉപയോഗിച്ചിരുന്നെങ്കില്‍ പോലും കുറഞ്ഞത് 10 ലക്ഷം പേരെങ്കിലും ആപ്‌ളിക്കേഷന്‍ ഉപയോഗിച്ചിരുന്നേനെ. സാങ്കേതികമായി നിരവധി പോരായ്മകളുള്ള ആപ്പായിരുന്നു ലക്കി ബില്‍ ആപ്.
ലാന്‍ഡ് സ്‌കേപ്, പിഡിഎഫ് ഫോര്‍മാറ്റ് ബില്ലുകള്‍ അപ് ലോഡ് ചെയ്യുവാന്‍ സംവിധാനമില്ല. കൂടാതെ സര്‍വ്വ സാധാരണമായ സൂപ്പര്‍ മാര്‍ക്കറ്റ് കളില്‍ നിന്നുള്ള നീളം കൂടിയ ബില്ലുകള്‍ അപ് ലോഡ് ചെയ്യുവാന്‍ നിര്‍വ്വാഹമില്ല. അപ്‌ലോഡ് ചെയ്ത ബില്ലുകള്‍ അപഗ്രഥിച്ച് നികുതി വെട്ടിപ്പ് നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള ഡാറ്റാ അനലറ്റിക്കല്‍ വിങ്ങ് നിലവിലില്ലാത്തതും അപ് ലോഡ് ചെയ്യപ്പെടുന്ന ബില്ലുകള്‍ അതാത് മേഖലയിലെ ഇന്റലിജന്‍സ് വിങ്ങിന് കൈമാറുവാനോ യാതൊരു വിധ സംവിധാനങ്ങളും വകുപ്പിന്റെ പക്കല്‍ ഇല്ല.
പി.ആര്‍ വര്‍ക്കിലും പരസ്യങ്ങള്‍ക്കും മറ്റുമായി ചില വഴിച്ച കോടിക്കണക്കിന് രൂപാ പൊതു ഖജനാവിന് നഷ്ടമായതല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല എന്ന് കണക്കുകളില്‍ നിന്ന് വ്യക്തം. ഇതിലേക്കായി നല്‍കി വരുന്ന സമ്മാനങ്ങള്‍ക്കുള്ള ചിലവാകട്ടെ സംസ്ഥാനത്തിന് അധിക ബാധ്യതയും. അങ്ങനെ ജനങ്ങളെ നികുതി അടയ്ക്കാന്‍ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ കോടികള്‍ ചെലവാക്കിയ ഒരു ആപ്പ് വെള്ളാനയായി മഴ നനയുന്ന കാഴ്ച്ചയാണ് കാണുന്നത്.