രജനികാന്ത് നായകനായ ജയിലര്‍ സിനിമയുടെ വമ്പന്‍ വിജയത്തിന്റെ ആഘോഷത്തിലാണ് തമിഴ് സിനിമാലോകം. മലയാളിയായ നടന്‍ വിനായകനാണ് വില്ലന്‍ വേഷം ചെയ്തിരിക്കുന്നത്.
വര്‍മന്‍ എന്ന കഥാപാത്രം ഇത്രത്തോളം ഹിറ്റാകുമെന്ന് സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ലെന്നും രജനികാന്ത് എന്ന മനുഷ്യന്റെ പിന്തുണ കൊണ്ട് മാത്രമാണ് ഇത്രയും നന്നായി ആ വേഷം ചെയ്യാനായതെന്നും വിനായകന്‍ പറയുന്നു. സണ്‍ പിക്‌ചേഴ്‌സ് ആണ് വിനായകന്‍ ചിത്രത്തെക്കുറിച്ചും തന്റെ കഥാപാത്രത്തെക്കുറിച്ചും സംസാരിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
‘മനസ്സിലായോ, നാന്‍ താന്‍ വര്‍മന്‍’ എന്ന ചിത്രത്തിലെ ഹിറ്റായ ഡയലോഗ് പറഞ്ഞു കൊണ്ടാണ് വിനായകന്‍ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവച്ചു തുടങ്ങിയത്.
”ജയിലറില്‍ വിളിക്കുന്ന സമയത്ത് ഞാന്‍ വീട്ടില്‍ ഇല്ല, ഒരു കാട്ടിലായിരുന്നു. അവിടെ റേഞ്ചുമില്ല, പത്ത് പതിനഞ്ച് ദിവസം അവിടെയായിരുന്നു. ഫോണ്‍ എല്ലാം ഓഫായിരുന്നു. തിരിച്ച് വന്ന് നോക്കിയപ്പോള്‍ ഒരുപാട് മിസ് കോള്‍. മാനേജര്‍ വിളിച്ച് കാര്യം പറഞ്ഞു. തിരിച്ചു വിളിച്ചപ്പോഴാണ് രജനി സാറിന്റെ കൂടെ ഒരു പടം ചെയ്യുന്നതിനെ പറ്റി പ്രൊഡക്ഷനില്‍ നിന്നും പറയുന്നത്. നെല്‍സണ്‍ ആണ് സംവിധാനം എന്നും പറഞ്ഞു. കൂടുതല്‍ ഒന്നും എനിക്ക് ആലോചിക്കേണ്ടി വന്നില്ല. രജനി സാറിന്റെ പടം അല്ലേ. നെല്‍സണെയും എനിക്ക് അറിയാം. നെല്‍സണ്‍ ആദ്യം ഒരു ഐഡിയ പറഞ്ഞു. ഞാനാണ് പ്രധാന വില്ലന്‍ എന്നും പറഞ്ഞു തന്നു. അതായിരുന്നു സിനിമയിലേക്കുള്ള ആദ്യചുവടു വയ്പ്പ്.
രജനി സാറിനൊപ്പം അഭിനയിച്ച അനുഭവം വാക്കുകളില്‍ പറയാന്‍ കഴിയില്ല. ഒന്ന് കാണാന്‍ പോലും സാധിക്കാതിരുന്ന അദ്ദേഹത്തോടൊപ്പം അഭിനയിക്കുക, ചേര്‍ത്തണച്ച് എനര്‍ജി തന്നത് മറക്കാന്‍ പറ്റില്ല. വര്‍മന്‍ ഇത്രയും ലെവലില്‍ എത്താന്‍ കാരണം രജനികാന്ത് ആണ്.
എന്റെ വേഷത്തെ കുറിച്ച് മാത്രമാണ് നെല്‍സണ്‍ സര്‍ പറഞ്ഞത്. ഞാന്‍ പല സിനിമകളിലും സ്‌ക്രിപ്റ്റ് കേള്‍ക്കാറില്ല. പലകാരണങ്ങളാലും സ്‌ക്രിപ്റ്റ് മാറാം. വീട്ടില്‍ നിന്നും പുറത്തു പോകാന്‍ സാധിക്കാത്ത രീതിയില്‍ വര്‍മന്‍ ഹിറ്റായി. സ്വപ്നത്തില്‍ പോലും യോസിക്കലേ സാര്‍.. ചിത്രത്തിലെ എല്ലാ രം?ഗങ്ങളും പ്രധാനപ്പെട്ടവയാണ്. വളരെ സന്തോഷത്തോടെയാണ് ഒരോന്നും ചെയ്തത്. നെല്‍സണോട് ഒരുപാട് നന്ദി. രജനി സാറിനെ ഒരിക്കലും മറക്കില്ല. കലാനിധി മാരന്‍ സാറിനും ഒരുപാട് നന്ദി.” വിനായകന്‍ പറഞ്ഞു.