കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് പിടിക്കപ്പെട്ടാല്‍, ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാം. ജനപ്രാതിനിധ്യ നിയമപ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരവും ഒരു വര്‍ഷം തടവ് ശിക്ഷയും പിഴയും ലഭിക്കുന്ന കുറ്റമാണ് കള്ളവോട്ടു ചെയ്യല്‍. കള്ളവോട്ട് തെളിഞ്ഞാല്‍ ജാമൃമില്ലാ വകുപ്പ് പ്രകാരം കേസ്.

കള്ളവോട്ട് ചെയ്തുവെന്ന് തെളിഞ്ഞാല്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറാണ് പൊലീസിനോട് കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കേണ്ടത്. ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ വോട്ട് കള്ളമായി ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് പ്രധാനമായും വരിക. ഇന്ത്യന് ശിക്ഷാ നിയമത്തിലെ 171 ഡി അനുസരിച്ചാണ് കള്ളവോട്ടിന് കേസെടുക്കുന്നത്. കൂടാതെ ജനപ്രാതിനിധ്യ നിയമപ്രകാരവും കേസെടുക്കാവുന്നതാണ്.

കള്ളവോട്ട് ചെയ്യുന്നതിനായി കൃത്രിമമായി രേഖകളുണ്ടാക്കിയെന്ന് കണ്ടെത്തിയാല്‍ ഏഴ് വര്‍ഷം വരെ തടവാണ് ശിക്ഷ. വിജയിയായ സ്ഥാനാര്‍ഥിക്ക് ലഭിച്ച ഭൂരിപക്ഷത്തെക്കാള്‍ കൂടുതലുള്ള കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞാല്‍ ആ തെരഞ്ഞെടുപ്പ് റദ്ദാക്കാനുമുള്ള ചട്ടം നിലനില്‍ക്കുന്നുണ്ട്.

1950 ലെ നിയമപ്രകാരമാണു ശിക്ഷ. കള്ളവോട്ട് ചെയ്തു എന്ന് തെളിഞ്ഞാല്‍ ആദ്യനടപടി എടുക്കേണ്ടത് പ്രിസൈഡിങ് ഓഫിസറാണ്.

കലക്ടറുടെയും പ്രിസൈഡിങ് ഓഫിസറുടെയും റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ , മുഖ്യതിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് പൊലീസിനോടു കേസെടുക്കാന്‍ നിര്‍ദേശിക്കാം. ബൂത്തുകളിലെ നിരീക്ഷണത്തിന്റെ ഭാഗമായുള്ള വിഡിയോ റിക്കോഡിങ്ങും പരിശോധിക്കും.