ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചാല്‍ മന്ത്രിസഭ പുനസംഘടനയും പിണറായിയുടെ ശൈലി മാറ്റണമെന്ന ആവശ്യവും ഉയരും; റിയാസിനെ നിലനിര്‍ത്തി കൊണ്ടുള്ള മന്ത്രിസഭ പുനസംഘടനക്ക് പിണറായി പച്ചക്കൊടി കാട്ടും
പുതുപ്പള്ളി ഉപതെഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് അവസാനിക്കുമ്പോള്‍ ചാണ്ടി ഉമ്മന്‍ ജയിക്കുമെന്ന കാര്യത്തില്‍ സിപിഎം പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദന് പോലും മറിച്ചൊരു അഭിപ്രായമില്ല. ഉമ്മന്‍ ചാണ്ടിയോടുള്ള വൈകാരികതയും അതിശക്തമായ ഭരണ വിരുദ്ധ തരംഗവും പുതുപ്പള്ളിയില്‍ ശക്തമാണ്.
ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം ലഭിക്കുമെന്നാണ് പുറത്തുവന്ന വിവിധ സര്‍വേ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഏതാനു മാസം കഴിഞ്ഞ് നടക്കുന്ന ലോകസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനല്‍ ആയിട്ടാണ് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനെ യു.ഡി.എഫ് കണ്ടത്. വ്യക്തവും ചടുലവും ആയ ഇലക്ഷന്‍ മാനേജ്‌മെന്റ് ആണ് യു.ഡി.എഫ് പുതുപ്പള്ളിയില്‍ പയറ്റിയത്.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് ഒറ്റക്കെട്ടായി പുതുപ്പള്ളിയില്‍ ഇറങ്ങി. ചെറുതും വലുതുമായ എല്ലാ യു.ഡി.എഫ് നേതാക്കളും പുതുപ്പള്ളിയില്‍ എത്തി. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ അതേ ശൈലിയിലാണ് പുതുപ്പള്ളിയിലും യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. കുടുംബ സംഗമങ്ങളുടെ നേതൃത്വം മുതിര്‍ന്ന യു.ഡി എഫ് നേതാക്കള്‍ ഏറ്റെടുത്തു.
മറുവശത്ത് എല്ലാ പഞ്ചായത്തുകളിലും പിണറായിയെ എത്തിക്കാന്‍ എല്‍ ഡി എഫും ശ്രദ്ധിച്ചു. തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഒരു മാസം ക്യാമ്പ് ചെയ്ത് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ പുതുപ്പള്ളിയില്‍ അതുണ്ടായില്ല. മുഖ്യമന്ത്രിയുടെ മരുമകന്‍ കൂടിയായ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് പുതുപ്പള്ളിയില്‍ പ്രചരണത്തിനെത്തിയത് തന്നെ ഒന്നോ രണ്ടോ ദിവസമാണ്. മന്ത്രി ശിവന്‍ കുട്ടി യു.എ.ഇ സന്ദര്‍ശനത്തിലാണ്.
ശൈലജയും ശ്രീമതിയും ചടങ്ങിനെന്ന പോലെ പ്രചരണത്തിന് എത്തി. വാസവന് തുടക്കം മുതല്‍ പിഴച്ചതോടെ ഐസക്ക് മുഴുവന്‍ സമയവും പുതുപ്പള്ളിയില്‍ തമ്പടിച്ചു പ്രചരണത്തിന് നേതൃത്വം നല്‍കി. വിലകയറ്റം രൂക്ഷമായതോടെ പ്രചരണ രംഗത്ത് എല്‍.ഡി.എഫ് പ്രതിസന്ധിയിലാണ്. മുഖ്യമന്ത്രിയുടെ പരിപാടിക്ക് പുറത്ത് നിന്ന് ആളെ എത്തിക്കുകയായിരുന്നു നേതൃത്വം. സ്ഥാനാര്‍ത്ഥിത്വം തൊട്ടേ എല്‍.ഡി.എഫിന് പിഴച്ചു.
ജെയ്ക്കിനെ ഇറക്കണോ എന്ന കാര്യത്തില്‍ എല്‍.ഡി. എഫ് കണ്‍ഫ്യൂഷനിലായിരുന്നു. മല്‍സരിക്കാന്‍ ജെയ്ക്കിനും താല്‍പര്യം ഇല്ലായിരുന്നു. പിണറായി നേരിട്ട് വിളിച്ച് മല്‍സരിക്കണം എന്ന് ജെയ്ക്ക് നോട് പറഞ്ഞു. അങ്ങനെയാണ് മനസില്ലാ മനസോടെ ജെയ്ക്ക് ഇറങ്ങിയതും. ഭരണ വിരുദ്ധ വികാരത്തെ നേരിടാന്‍ എല്‍.ഡി. എഫ് പ്രയോഗിച്ച ആയുധങ്ങള്‍ ഉമ്മന്‍ ചാണ്ടിയുടെ ചികില്‍സ , അച്ചു ഉമ്മനെതിരെയുള്ള സൈബര്‍ ആക്രമണം എന്നിവയായിരുന്നു. രണ്ട് വിഷയങ്ങളും എല്‍.ഡി.എഫിന് തന്നെ തിരിച്ചടിയായി.
സെപ്റ്റംബര്‍ 8 ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ അത് സംസ്ഥാന രാഷ്ട്രീയത്തില്‍ ചില മാറ്റങ്ങള്‍ക്ക് കാരണമായേക്കും എന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കണക്ക് കൂട്ടുന്നു. ചാണ്ടി ഉമ്മന് റെക്കോഡ് ഭൂരിപക്ഷം ലഭിച്ചാല്‍ പിണറായിയുടെ ശൈലി മാറ്റണം എന്ന ആവശ്യം പാര്‍ട്ടിയില്‍ ഉയരും. മന്ത്രിസഭയില്‍ പുന സംഘടന വേണമെന്ന ആവശ്യം മുതിര്‍ന്ന നേതാക്കള്‍ ഉന്നയിക്കും. ഈ രീതിയില്‍ ഭരണം പോയാല്‍ ലോക സഭയില്‍ 20 സീറ്റിലും യു.ഡി.എഫ് ജയിക്കും എന്നാണ് പിണറായി വിരുദ്ധര്‍ പറയുന്നത്.
പ്രചരണ രംഗത്ത് നിന്ന് മന്ത്രിമാര്‍ ഉണ്ടയിട്ട് നടന്നതും തോല്‍വിയുടെ ഭാരം തലയില്‍ വീഴാതിരിക്കാനായിരുന്നു. വീണ ജോര്‍ജിനെ മാറ്റി ശൈലജയെ മന്ത്രി സ്ഥാനത്ത് എത്തിച്ചുള്ള പുനസംഘടനയാണ് യെച്ചൂരിയുടെ മനസില്‍ . ബാലഗോപാലിന് ധനകാര്യം വഴങ്ങാത്തതും എല്‍.ഡി.എഫിനെ കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ബാലഗോപാലിന്റെ ബജറ്റിലെ നികുതി കൊള്ള പുതുപ്പള്ളിയില്‍ പ്രചരണ വിഷയമായി മാറിയിരുന്നു.
മകള്‍ വീണ വിജയന്റെ മാസപ്പടിയില്‍ മറുപടി പറയാതെ പ്രതിരോധത്തിലാണ് പിണറായി . അച്ചു ഉമ്മന്‍ തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കൃത്യമായി മറുപടി നല്‍കിയപ്പോഴും വീണ വിജയന്‍ മറുപടി പറയാതെ ക്ലിഫ് ഹൗസിലിരിക്കുകയാണ്. വീണയുടെ ജി.എസ് ടി തട്ടിപ്പിനെ കുറിച്ചുള്ള പരാതിയില്‍ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല. മന്ത്രിസഭ പുനസംഘടനക്ക് പാര്‍ട്ടിയില്‍ നിന്ന് സമ്മര്‍ദ്ദം ഉണ്ടായാല്‍ പൊതുമരാമത്ത് ടൂറിസം വകുപ്പിന്റെ തലപ്പത്ത് നിന്ന് റിയാസിനെ മാറ്റാതെയുള്ള പുനസംഘടനക്ക് പിണറായി സമ്മതം മൂളിയേക്കും.
പിണറായിയേയും കുടുംബത്തേയും ആകും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം ഏറ്റവും കൂടുതല്‍ സമ്മര്‍ദ്ധത്തില്‍ ആക്കുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം അഴിമതി ആരോപണങ്ങളുടെ ശരശയ്യയിലായ പിണറായിയുടെ തകര്‍ച്ചക്ക് കാരണമാകും. സരിതയെ മുന്നില്‍ നിറുത്തി ഉമ്മന്‍ ചാണ്ടിയെ ആക്രമിച്ച പിണറായിക്ക് കാലം നല്‍കുന്ന പ്രഹരമായിരിക്കും പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് ഫലം.