ഖജനാവിൽ അഞ്ച് പൈസയില്ലെങ്കിലും ആർഭാടത്തിന് കുറവില്ലാത്ത ഒരു സർക്കാരാണ് കേരളത്തിലുള്ളത്. ഇതിൽ തന്നെ മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെയും പരസ്യങ്ങൾക്ക് വേണ്ടി സർക്കാർ ചെലവാക്കുന്ന തുകയും വളരെ വലുതാണ്. ഓരോ വകുപ്പും യാതൊരു നിയന്ത്രണവും ഇല്ലാതെ പരസ്യത്തിനായി ലക്ഷങ്ങൾ ആണ് ചെലവഴിക്കുന്നത്.
സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഏറ്റവും വലിയ നികുതി കൊള്ള നടന്ന ബജറ്റ് ആണ് ഈ സാമ്പത്തിക വർഷം ബാലഗോപാൽ അവതരിപ്പിച്ചത്. ഖജനാവിൽ ചില്ലി കാശില്ല എന്നാണ് ബാലഗോപാലിന്റെ ക്യാപ്‌സൂൾ.
5000 കോടി രൂപയാണ് അധിക നികുതി പ്രഖ്യാപിച്ചത്. കൂടാതെ വാട്ടർ ചാർജ്, ബസ് ചാർജ്, കറന്റ് ചാർജ് തുടങ്ങീ സകലതും വർദ്ധിപ്പിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ 1000 കോടി അധികമായി പിരിക്കാനാണ് ബാലഗോപാലിന്റെ കൽപന .
വിലകയറ്റം കൂടിയായതോടെ ജനജീവിതം താറുമാറായി. എന്നാൽ സർക്കാർ വക പരസ്യങ്ങൾ യാതൊരു നിയന്തണവും ഇല്ല. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് 2023 മെയ്, ജൂൺ മാസങ്ങളിലായി കൈരളിക്കും ദേശാഭിമാനിക്കും ഖജനാവിൽ നിന്ന് നൽകിയത് 19 ലക്ഷം രൂപയാണ്.
മെയ് 2 ന് കൈരളി ന്യൂസ് ഓൺലൈനിന്റെ ഡിജിറ്റൽ എഡിഷന് ടൂറിസം വകുപ്പ് സ്‌പോൺസർഷിപ്പ് നൽകിയത് 10 ലക്ഷം രൂപക്ക്. മെയ് 19 ന് ദേശാഭിമാനിക്ക് 8 ലക്ഷം, ജൂൺ ആറിന് ഒരുലക്ഷവും റിയാസ് നൽകി. ജനങ്ങളുടെ നികുതി പണം എടുത്ത് സാമ്പത്തിക പ്രതിസന്ധി കാലത്ത് കൈരളിക്കും ദേശാഭിമാനിക്കും കൊടുക്കുന്നതിൽ വിമർശനങ്ങൾ ഉയർന്നിരുന്നു.
എല്ലാ വകുപ്പുകളും കൈരളിക്കും ദേശാഭിമാനിക്കും ലക്ഷങ്ങൾ പരസ്യം നൽകുന്നുണ്ട് എന്നാണ് സെക്രട്ടേറിയേറ്റിൽ നിന്ന് ലഭിക്കുന്ന സൂചന. ജനങ്ങളുടെ നികുതി പണം എടുത്തല്ല പാർട്ടി ചാനലിനേയും പത്രത്തെയും വളർത്തേണ്ടത്. സർക്കാർ കൊടുത്താലും ഈ പ്രതിസന്ധി കാലത്ത് ഇതൊന്നും വേണ്ട എന്ന് പറയാനുള്ള ആർജവം കൈരളി ചെയർമാൻ മമ്മൂട്ടിയെങ്കിലും കാണിക്കേണ്ടതാണ്.