3 എസ്‌ഐ ഉള്‍പ്പെടെ 45 പോലിസുകാരെ ക്ലിഫ് ഹൗസില്‍ അധികമായി നിയോഗിച്ചു; പിണറായിയുടെ സുരക്ഷക്ക് പ്രതിമാസം 2 കോടി രൂപ

പിണറായി വിജയന്റെ സുരക്ഷാ ഭടന്‍മാരുടെ എണ്ണം എടുത്താലറിയാം എത്ര അഴിമതി ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കെതിരെയുള്ളതെന്ന്. ഓരോ ആരോപണങ്ങള്‍ ഉയര്‍ന്ന് വിവാദമാകുമ്പോഴും മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് സര്‍ക്കാര്‍. മകള്‍ വീണ വിജയന്‍ കരിമണല്‍ കര്‍ത്തയില്‍ നിന്ന് കോടികള്‍ മാസപ്പടി വാങ്ങിയെന്ന റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയും മുഖ്യമന്ത്രിയുടെ സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന്റെ സുരക്ഷയാണ് വര്‍ദ്ധിപ്പിച്ചത്. വരും ദിവസങ്ങളില്‍ വീണ വിജയനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത് വരുമെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കര്‍ത്തായുടെ കമ്പനിയില്‍ നിന്ന് മാത്രമല്ല മറ്റ് കമ്പനികളിലും വീണ വിജയന് മാസപ്പടി കിട്ടിയിട്ടുണ്ടെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.

ക്ലിഫ്ഹൗസ് കേന്ദ്രീകരിച്ച് നിരവധി സമരങ്ങള്‍ വരുംദിവസം ഉണ്ടാകുമെന്നും ഇന്റലിജന്‍സ് പ്രതീക്ഷിക്കുന്നു. ഇസഡ് പ്ലസ് സുരക്ഷ സംവിധാനമാണ് മുഖ്യമന്ത്രിക്കുള്ളത്. സുരക്ഷ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 45 പോലീസുകാരെ കൂടി കഴിഞ്ഞ ദിവസം മുതല്‍ നിയോഗിച്ചു.

കെ.എ.പി മൂന്നാം ബറ്റാലിയനില്‍ നിന്ന് 3 എസ്.ഐ മാരേയും പോലിസുകാരേയും അടക്കം 45 പേരെയാണ് അധികമായി നിയോഗിച്ചത്. 35 ലക്ഷം രൂപയാണ് ഇവര്‍ക്ക് ഒരു മാസം ശമ്പളവും അലവന്‍സും കൊടുക്കാന്‍ വേണ്ടത്.
ക്ലിഫ് ഹൗസില്‍ ആര്‍.ആര്‍.ആര്‍.എഫ് ബറ്റാലിയനിലെ 45 പോലീസുകാരും 5 ഇന്‍സ്‌പെക്ടര്‍മാരും 24 മണിക്കൂര്‍ ഡ്യൂട്ടിയിലുണ്ട്. ഇവര്‍ക്ക് പുറമേ 15 കമാന്‍ഡോകളും 15 പേരടങ്ങുന്ന സ്ഥിരം സ്‌ട്രൈക്കര്‍ ഫോഴ്‌സും ഉണ്ട്. 28 കമാന്‍ഡോകളടക്കം 40 പോലിസുകാര്‍ മുഖ്യമന്ത്രിക്കൊപ്പം സദാ സമയവും ഉണ്ടാകും.

മുന്നിലെ വാഹനത്തില്‍ 5 പേര്‍. രണ്ട് കമാന്‍ഡോ വാഹനത്തില്‍ 10പേര്‍. ദ്രുത പരിശോധനസംഘത്തില്‍ 8 പേര്‍. സ്‌ട്രൈക്കര്‍ ഫോഴ്‌സ്, ബോംബ്, ഡോഗ് സ്‌ക്വാഡ്, ആംബുലന്‍സ് കൂടാതെ പൈലറ്റും രണ്ട് എസ്‌കോര്‍ട്ട് കാറും, സ്‌പെയര്‍ കാറും പുറമെയുണ്ട്. മുഖ്യമന്ത്രിയുടെ പരിപാടികളില്‍ ദ്രുതകര്‍മ സേനയേയും എഐഎസ്എഫിനേയും നിയോഗിക്കുന്നുണ്ട്.

മുഖ്യമന്ത്രിയുടെ സുരക്ഷക്ക് മാത്രം പ്രതിമാസം ഏകദേശം 2 കോടി രൂപ ചെലവാകുമെന്നാണ് ധനവൃത്തങ്ങളില്‍ നിന്നുള്ള സൂചന. സുരക്ഷയുടെ ഭാഗമായി ക്ലിഫ് ഹൗസിന്റെ മതിലിന്റെ ഉയരം വര്‍ദ്ധിപ്പിച്ചത് വിവാദമായി മാറിയിരുന്നു. മതിലിന് മുകളില്‍ വലിയ നെറ്റും സ്ഥാപിച്ചിട്ടുണ്ട്.

മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ഔദ്യോഗിക വസതിയും ക്ലിഫ് ഹൗസ് കോമ്പൗണ്ടിലാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ സമയത്ത് പിണറായിയുടെ സുരക്ഷക്ക് കൂടുതല്‍ പോലീസുകാരെ നിയമിച്ചത് ചര്‍ച്ചയായി മാറിയിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ സുരക്ഷക്ക് എത്ര ചെലവ് വരുമെന്ന് നിയസഭയില്‍ പ്രതിപക്ഷം ചോദ്യം ഉന്നയിച്ചിരുന്നു. സുരക്ഷയുടെ ചെലവ് പറഞ്ഞാല്‍ അത് തന്റെ സുരക്ഷയെ ബാധിക്കുമെന്നായിരുന്നു പിണറായിയുടെ നിയമസഭ മറുപടി.