National

സി.ബി.ഐ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ സി.ബി.ഐയുടെ അറസ്റ്റ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സുപ്രീം കോടതിയെ സമീപിച്ചു. അറസ്റ്റ് റദ്ദാക്കാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിനെ ചോദ്യം ചെയ്താണ് കെജ്രിവാള്‍ തിങ്കളാഴ്ച സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. മുതിര്‍ന്ന അഭിഭാഷകരായ അഭിഷേക് മനു സിങ്വിയും വിക്രം ചൗധരിയുമാണ് കെജ്രിവാളിനുവേണ്ടി ഹാജരായത്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ഇവര്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തതിനെ ചോദ്യം ചെയ്ത കെജ്രിവാളിന്റെ ഹരജി ഈമാസം അഞ്ചിന് ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഫയല്‍ ചെയ്ത കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ തിഹാര്‍ ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ ജൂണ്‍ 26നാണ് കെജ്രിവാളിനെ സി.ബി.ഐ അറസ്റ്റ് ചെയ്തത്. ഇ.ഡി കേസില്‍ ജൂലൈ 12ന് കെജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജാമ്യാപേക്ഷയെ അന്വേഷണ ഏജന്‍സി ഹൈക്കോടതിയില്‍ എതിര്‍ത്തു. കെജ്രിവാള്‍ മദ്യനയ അഴിമതിക്കേസിന്റെ സൂത്രധാരനാണെന്നും പുറത്തിറങ്ങിയാല്‍ അന്വേഷണത്തെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും സി.ബി.ഐ വാദിച്ചു. ഡല്‍ഹി മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയില്‍ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *