അനിൽകുമാറിന്റെയും വാസവസന്റെയും തന്ത്രങ്ങൾ പാളി

പുതുപ്പള്ളിയിൽ ജെയ്ക് സി തോമസിനെ വിജയിപ്പിക്കാൻ സിപിഎം മെനഞ്ഞ കഥകൾ പൊളിഞ്ഞുപാളീസായി.

അങ്ങനെ ചാണ്ടി ഉമ്മനെതിരെ വാസവൻ തൊടുത്തതൊക്കെ പിഴച്ചതോടെ പുതുപ്പള്ളിയിൽ തോമസ് ഐസക്കിനെ ഇറക്കി ഭാഗ്യം പരീക്ഷിക്കാൻ പിണറായി.

ജനസദസുകളുമായി വോട്ടറുമാരുമായി നേരിട്ട് സംവദിക്കുകയാണ് ഐസക്ക് . തൃക്കാക്കരയിൽ തമ്പടിച്ച് പ്രവർത്തിച്ചിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഇതുവരെ പുതുപ്പള്ളിയിൽ എത്തിയിട്ടില്ല.

ഈ വ്യാഴാഴ്ച പുതുപ്പള്ളിയിലും അയർക്കുന്നത്തും മുഖ്യമന്ത്രിയുടെ പൊതുപരിപാടി ഐസക്ക് സംഘടിപ്പിച്ചിട്ടുണ്ട്. വീണയുടെ മാസപ്പടിയിൽ മിണ്ടണ്ട എന്നാണ് ഐസക്കിന്റെ ഉപദേശം.

കോട്ടയം ജില്ലക്കാരനായ മന്ത്രി വി.എൻ. വാസവനായിരുന്നു പുതുപള്ളിയിൽ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയാൻ പിണറായി ദൗത്യം ഏൽപിച്ചത്. വാസവന്റേയും അനിൽകുമാറിന്റേയും തന്ത്രങ്ങൾ തുടക്കത്തിലേ പിഴച്ചതോടെയാണ് ഐസക്കിനെ പിണറായി കളത്തിലിറക്കിയത്.

മോഹിച്ച രാജ്യസഭ സീറ്റ് റഹീം തട്ടി കൊണ്ട് പോയതിൽ ഖിന്നനായിരുന്നു ഐസക്ക് . മൂന്നാറിലേക്ക് ഐസക്ക് ക്ഷണിച്ചെന്ന സ്വപ്നയുടെ വെളിപ്പെടുത്തലോടെ പല പൊതുപരിപാടികളിൽ നിന്നും ഐസക്ക് അപ്രത്യക്ഷനായി.

സൗകര്യങ്ങളില്ലാത്ത മൂന്നാറിലേക്ക് സ്വപ്നയെ ക്ഷണിക്കുമോ എന്ന ഐസക്കിന്റെ പ്രതികരണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാനനഷ്ടത്തിന് കേസ് കൊടുക്കാൻ സ്വപ്ന വെല്ലുവിളിച്ചെങ്കിലും ഐസക്ക് മുങ്ങി.

പിണറായിയുടെ വിളിയെത്തിയതോടെ വർദ്ധിത വീര്യത്തോടെ ഐസക്ക് പുതുപ്പള്ളിയിൽ നിറയുകയാണ്. എൽ.ഡി.എഫ് സെഞ്ച്വറി അടിക്കും എന്ന ഡയലോഗ് അടിച്ചാണ് പുതുപ്പള്ളിയിൽ ഐസക്ക് രംഗപ്രവേശനം ചെയ്തത്.

പിണറായി സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക , വോട്ട് ഒഴുകും എന്നായിരുന്നു ഐസക്കിന്റെ സ്റ്റഡി ക്ലാസ്.

ഉമ്മൻ ചാണ്ടിയെ വികസന വിരുദ്ധനാക്കി ചിത്രീകരിക്കുന്ന രീതിയിലേക്ക് തെരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുകയാണ് ഐസക്ക്. വനിത നേതാക്കൾ മുഴുവൻ ഐസക്കിന്റെ നിർദ്ദേശപ്രകാരം പുതുപ്പള്ളിയിൽ എത്തിയിട്ടുണ്ട്.

ടി.എൻ സീമ , ശ്രീമതി ടീച്ചർ, ശൈലജ ടീച്ചർ, ചിന്ത ജെറോം, സുജാത എന്നിവരടങ്ങുന്ന വനിത നേതാക്കളും പുതുപ്പള്ളിയിൽ സജീവമായി കഴിഞ്ഞു. വികസന പ്രവർത്തനങ്ങളുടെ പുസ്തകം തയ്യാറാക്കാനുള്ള ചുമതല ഐസക്ക് ഏൽപിച്ചിരിക്കുന്നത് കിഫ്ബി തലവൻ കെ എം. എബ്രഹാമിനെയാണ്. മനോരമ കുടുംബാംഗമാണ് എബ്രഹാം.

മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കൂടിയായ എബ്രഹാം ഉമ്മൻ ചാണ്ടിയുടെ അതിവിശ്വസ്തനായ ഉദ്യോഗസ്ഥൻ കൂടിയായിരുന്നു. അക്കാലത്ത് കൊല്ലത്തെ കശുവണ്ടി തൊഴിലാളികൾക്ക് സർക്കാർ സഹായം നിഷേധിച്ച കുപ്രസിദ്ധിയും എബ്രഹാമിനുണ്ടായിരുന്നു.

ധനകാര്യ സെക്രട്ടറിയായിരുന്ന എബ്രഹാം പറഞ്ഞതിനപ്പുറം ഉമ്മൻ ചാണ്ടി ചലിച്ചിരുന്നില്ല. കശുവണ്ടി തൊഴിലാളികൾ ഇടഞ്ഞതോടെ അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് യു.ഡി.എഫ് വട്ട പൂജ്യമായി. എല്ലാ സീറ്റും എൽ.ഡി.എഫ് വിജയിച്ചു. എബ്രഹാം ഐസക്കിന്റെ കിങ്കരനായി മാറി. കിഫ്ബി തലവനായി എൽ.ഡി.എഫ് പ്രതിഷ്ടിച്ചു.

ഉമ്മൻ ചാണ്ടിയെ ചതിച്ച എബ്രഹാമിന് യൂദാസ് പരിവേഷമാണ് പിന്നിട് യു.ഡി.എഫ് നൽകിയത്. തായ് ക്വോണ്ട ചാമ്പ്യൻ കൂടിയായ എബ്രഹാം എന്നും ഐസക്കിന്റെ വിശ്വസ്തൻ ആണ് . 3.50 ലക്ഷം രൂപ മാസശമ്പളം കിട്ടുന്ന എബ്രഹാം ഐസക്കിനു വേണ്ടി പുതുപ്പള്ളിയിൽ തന്ത്രങ്ങൾ ഒരുക്കുകയാണ്.

മാസപ്പടിയിലും അഴിമതിയിലും കുരുങ്ങി കിടക്കുന്ന എൽ.ഡി എഫ് പുതുപ്പള്ളിയിൽ കിതക്കുമ്പോഴും ആത്മവിശ്വാസത്തിലാണ് ഐസക്കും എബ്രഹാമും. പുതുപ്പള്ളിയിൽ ജെയ്ക്ക് ചരിത്രം കുറിച്ചാൽ പാർട്ടി സെക്രട്ടറി പദവിയിലേക്ക് ഐസക്ക് ഉയർത്തപ്പെടാൻ സാധ്യതയുണ്ട്.

പാർട്ടി സെക്രട്ടറി ഗോവിന്ദൻ പൂർണ്ണ പരാജയമാണെന്ന വിലയിരുത്തലാണ് പിണറായി കേന്ദ്രങ്ങൾക്ക് ഉള്ളത്. ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിച്ചാൽ ഐസക്കിന്റെ കഥ കഴിയും. മറിച്ചാണെങ്കിൽ ഐസക്കിന്റെ ഉയിർത്തെഴുന്നേൽപ്പിന് പുതുപ്പള്ളി സാക്ഷ്യം വഹിക്കും.