തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ സംസ്ഥാനം ഭരണ സ്തംഭനത്തിലേക്ക്. സാമ്പത്തിക പ്രതിസന്ധി കൂടുതൽ ഗുരുതരാവസ്ഥയിലേക്കു നീങ്ങിയതോടെ ട്രഷറി നിയന്ത്രണം കടുപ്പിച്ച് സർക്കാർ.
ദൈനംദിന ചെലവുകളുടെ ബില്ലുകൾക്കുള്ള നിയന്ത്രണം 10 ലക്ഷത്തിൽനിന്ന് 5ലക്ഷം രൂപയാക്കി. 5 ലക്ഷത്തിനു മേൽ തുകയുടെ പ്രധാന ബില്ലുകൾ പാസാകണമെങ്കിൽ ധനവകുപ്പിന്റെ പ്രത്യേക അനുമതി തേടണം.
ശമ്പളം, പെൻഷൻ തുടങ്ങി അടിയന്തരവും പ്രധാനപ്പെട്ടതുമായ ചുരുക്കം ചെലവുകൾ ഒഴികെ എല്ലാ ബില്ലുകൾക്കും നിയന്ത്രണം ബാധകമാകും. നിയന്ത്രണം ലംഘിച്ച് ബിൽ പാസാക്കിയാൽ കർശന നടപടിയെടുക്കുമെന്നു ട്രഷറിക്കു ധനവകുപ്പ് മുന്നറിയിപ്പു നൽകി.
ധനവകുപ്പിന്റെ അനുമതിക്ക് വരുന്ന ബില്ലുകൾ പണം ഇല്ലാത്തത് കൊണ്ട് തിരിച്ചയക്കുകയാണ്. സാമ്പത്തികം മെച്ചപ്പെടുന്ന മുറക്ക് ഫയൽ സമർപ്പിക്കുക എന്ന ഒറ്റവരിയിൽ സെക്രട്ടറിയേറ്റിൽ ഫയലുകൾ തീർപ്പാക്കുകയാണ്. സാമൂഹ്യ സുരക്ഷ പദ്ധതികൾക്ക് പോലും പണം കണ്ടെത്താൻ സാധിക്കുന്നില്ല. 153.33 കോടി രൂപ ബജറ്റിൽ പ്രഖ്യാപിച്ച കേരള സോഷ്യൽ സെക്യൂരിറ്റി മിഷന് നൽകിയത് 9 കോടി രൂപ മാത്രം.
ആശ്വാസ കിരണം പദ്ധതിക്ക് 54 കോടി ബജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഇതുവരെ നയാ പൈസ കൊടുത്തിട്ടില്ല. മറ്റ് സാമുഹ്യ സുര ക്ഷ പദ്ധതികളുടെ അവസ്ഥയും തഥൈവ. സാമൂഹ്യ സുരക്ഷ പദ്ധതികളിലൂടെ ജനങ്ങളുടെ കണ്ണിരൊപ്പിയ മുഖ്യമന്ത്രിയായിരുന്നു ഉമ്മൻ ചാണ്ടി.
ഉമ്മൻ ചാണ്ടിയുടെ മരണത്തെ തുടർന്ന് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോൾ സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ഇപ്പോഴത്തെ അവസ്ഥ പരമദയനിയമാണ് എന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. സർക്കാരിന്റെ ധൂർത്തും നികുതി പിരിവിലെ കെടുകാര്യസ്ഥതയും സാമ്പത്തിക സ്ഥിതി രൂക്ഷമാക്കി.