തിരുവനന്തപുരം: ഫോർ സ്റ്റാർ ഹോട്ടലിലെ താമസവും ചങ്ങമ്പുഴ പ്രബന്ധവും ഇംഗ്ലീഷ് വാഗ്‌ധോരണിയാലും സമീപകാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്ത കഥാപാത്രമാണ് ചിന്ത ജെറോം. ചിന്തയെ അറിയാത്ത മലയാളികൾ ഇല്ല എന്ന് നിസംശയം പറയാം.

കൊല്ലം ജില്ലക്കാരിയായ ചിന്ത ജെറോമിന് പാർട്ടി പദവികളിലെ വളർച്ച അൽഭുത വഹമായിരുന്നു. പ്രേമചന്ദ്രനെതിരെ പിണറായിയുടെ ‘പരനാറി പ്രയോഗം’ ഏറെ ചർച്ച വിഷയമായ ലോകസഭ തെരഞ്ഞെടുപ്പിലായിരുന്നു പിണറായിയുടെ ശ്രദ്ധയിൽ ചിന്ത ജെറോം പതിയുന്നത്.

പിണറായിയുടെ പ്രിയപുത്രി വീണ വിജയന്റെ സുഹൃത്‌വലയത്തിൽ കടന്നുകൂടാൻ സാധിച്ചതോടെ ചിന്ത പവർഫുൾ ആയി. 2016 ൽ പിണറായി മുഖ്യമന്ത്രിയായി. ചിന്തയെ യുവജന കമ്മീഷൻ അദ്ധ്യക്ഷയാക്കി.

ചിന്ത ജെറോമിന് 82.91 ലക്ഷം കൊടുത്തെന്ന് സജി ചെറിയാൻ

2021 ൽ പിണറായി ചരിത്ര വിജയം നേടി തുടർഭരണം പിടിച്ചു. പഴയ മന്ത്രിമാരെയെല്ലാം പുകച്ച് പുറത്ത് ചാടിച്ചു. മരുമകൻ റിയാസ് ഉൾപ്പെടെ പുതിയ മന്ത്രിമാരെ പ്രതിഷ്ടിച്ചു. യുവജന കമ്മീഷൻ അദ്ധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോം തുടരട്ടെ എന്ന പിണറായിയുടെ കൽപന കേട്ട് ശൈലജ ടീച്ചർ ഉൾപെടെ മന്ത്രികസേര പോയവരെല്ലാം പിണറായി കാണാതെ നെറ്റി ചുളിച്ചു.

സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്തയുടെ ശമ്പളം വർദ്ധിപ്പിച്ചത് വൻ വിവാദമായി. കേറിയ നാൾ മുതലുള്ള കുടിശികയും ചിന്ത ആവശ്യപ്പെട്ടു. റിയാസിന്റെ ഇടപെടലിൽ ധനമന്ത്രി ബാലഗോപാൽ ചിന്തയുടെ കുടിശിക അനുവദിച്ചു. സർക്കാർ കാറിൽ ചിന്ത കേരളം ചുറ്റി നടന്നു എന്നതല്ലാതെ യുവജന കമ്മീഷനെ കൊണ്ട് യുവജനങ്ങൾക്ക് യാതൊരു പ്രയോജനവും ഉണ്ടായില്ല.

ശമ്പളവും അലവൻസുമായി ചിന്ത കൈപറ്റിയത് ലക്ഷങ്ങൾ ആയിരുന്നു. ശമ്പളവും അലവൻസും ആയി ചിന്ത ജെറോം കൈ പറ്റിയത് 82,91,485 രൂപയെന്ന് മന്ത്രി സജി ചെറിയാൻ ഈമാസം 10ന് നിയമസഭയിൽ രേഖാ മൂലം മറുപടി നൽകി. ശമ്പളം 77,00,350 രൂപ, യാത്ര ബത്ത 1,02,106 രൂപ , സിറ്റിംഗ് ഫീസ് 31,200 രൂപ, ടെർമിനൽ സറണ്ടർ 4,29,839 രൂപ, ന്യൂസ് പേപ്പർ അലവൻസ് 27,990 രൂപ എന്നി ഇനങ്ങളിലായാണ് ചിന്തക്ക് ഖജനാവിൽ നിന്ന് പണം നൽകിയതെന്നാണ് സജി ചെറിയാന്റെ മറുപടി. ഏറെ വിവാദങ്ങൾക്ക് ഒടുവിൽ ചിന്തയെ മാറ്റാൻ പിണറായി തയ്യാറായി.

കേരള സംസ്ഥാന യുവജന കമ്മീഷനുവേണ്ടി സർക്കാർ ചെലവാക്കിയ തുകയുടെ കണക്ക്..

പകരം എം. ഷാജർ യുവജന കമ്മീഷൻ അദ്ധ്യക്ഷൻ ആയി. 3.10 ലക്ഷം രൂപ ശമ്പളമായി ഷാജറിന് ഇതുവരെ നൽകിയെന്നും സജി ചെറിയാൻ പറഞ്ഞു. ലോക സഭ സീറ്റിലേക്ക് ചിന്തയെ പരിഗണിക്കുന്നുണ്ട്. ചിന്ത രാജ്യസഭയിലേക്ക് പോകട്ടെ എന്ന അഭിപ്രായമാണ് റിയാസിനുള്ളത്.

ഐസക്കിനെ പോലുള്ളവർ രാജ്യസഭ സീറ്റ് ലക്ഷ്യമിട്ട് രംഗത്തിറങ്ങിയപ്പോൾ പിണറായി രാജ്യസഭയിലേക്ക് അയച്ചത് റഹീമിനെയായിരുന്നു. റിയാസിന്റെ ശുപാർശ പിണറായി അംഗികരിച്ചപ്പോൾ റഹീം ഡൽഹിക്ക് പറന്നു.

ഐസക്കിന് നോക്കി നിൽക്കാനേ സാധിച്ചുള്ളു. അതുകൊണ്ട് തന്നെ ഐസക്കിനെ പോലുള്ള രാജ്യസഭ മോഹികളെ തള്ളി ചിന്ത ജെറോം 2024 ലെ രാജ്യസഭ സീറ്റ് ഒപ്പിച്ച് ഡൽഹിക്ക് പറന്നാൽ അൽഭുതപെടേണ്ട.