
വിജയാഘോഷങ്ങള്‍ക്കിടെ ഹൃദയാഘാതം, 34കാരനായ ക്രിക്കറ്റ് താരം മരിച്ചു
ബെംഗളൂരു: കര്‍ണാടകയില്‍ നിന്നുള്ള ക്രിക്കറ്റ് താരം ഹൊയ്‌സാല കെ ഹൃദയാഘാതം മൂലം മരിച്ചു. വ്യാഴാഴ്ച്ച ഏയ്ജീസ് സൗത് സോണ്‍ ടൂര്‍ണമെന്റ് മാച്ച് കഴിഞ്ഞതിനു തൊട്ടുപിന്നാലെയാണ് ഗ്രൌണ്ടില്‍വെച്ച് ഹൊയ്‌സാലയ്ക്ക് ഹൃദയാഘാതമുണ്ടായത്. 34 വയസ്സായിരുന്നു. ( Karnataka cricketer Hoysala K dies of heart attack )
ബെംഗളൂരുവിലെ ആര്‍.എസ്.ഐ ക്രിക്കറ്റ് മൈതാനത്ത് തമിഴ്‌നാടിനെതിരായി കര്‍ണാടക കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സംഭവം. കര്‍ണാടകയുടെ വിജയത്തിനുശേഷം ടീമംഗങ്ങള്‍ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ഹൊയ്‌സാല കടുത്ത നെഞ്ചുവേദനമൂലം അബോധാവസ്ഥയിലായത്. മൈതാനത്തുവച്ചുതന്നെ മറ്റു ടീമംഗങ്ങള്‍ പ്രാഥമികശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തുടര്‍ന്ന് ബെംഗളൂരുവിലെ ബൗറിങ് ആശുപത്രിയിലേക്ക് എത്തിക്കുമ്പോള്‍ തന്നെ മരണം സംഭവിക്കുകയായിരുന്നു. കര്‍ണാടക ടീമില്‍ അണ്ടര്‍ 25 വിഭാഗത്തെ പ്രതിനിധീകരിച്ചു കളിച്ചിരുന്നയാളാണ് ഹൊയ്‌സാല. കര്‍ണാടക പ്രീമിയര്‍ ലീഗിലും കളിച്ചിട്ടുണ്ട്.
ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട്. മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചശേഷമായിരുന്നു ഹോയ്‌സലയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. മത്സരത്തില്‍ 13 പന്തില്‍ 13 റണ്‍സെടുത്ത ഹോയ്‌സല ഒരു വിക്കറ്റുമെടുത്ത് നിര്‍ണായക പ്രകടനം നടത്തിയിരുന്നു.
തമിഴ്‌നാട് ഓപ്പണറായ പ്രവീണ്‍ കുമാറിന്റെ വിക്കറ്റാണ് ഹോയ്‌സല വീഴ്ത്തിയത്. ആവേശകരമായ മത്സരം ഒരു റണ്ണിനായിരുന്നു കര്‍മാടക ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 173 റണ്‍സടിച്ചപ്പോള്‍ തമിഴ്‌നാടിന് 171 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.