
ഹൈദരാബാദിൽ ഗർഭിണിയായ ഭാര്യയെ കൊന്ന് കഷണങ്ങളാക്കി പുഴയിലെറിഞ്ഞു; ഭർത്താവ് അറസ്റ്റിൽ
ഹൈദരാബാദ്: നടുക്കുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലിലാണ് തെലങ്കാന. അഞ്ച് മാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷണങ്ങളാക്കി പുഴയിലെറിയാൻ ശ്രമിച്ച ഭർത്താവ് പിടിയിലായി. ഭാര്യയുടെ തലയും കൈകളും കാലുകളും പുഴയിലെറിഞ്ഞ ശേഷമാണ് ഇയാൾ പോലീസ് പിടിയിലായത്. മൃതദേഹത്തിന്റെ ബാക്കി ഭാഗം പ്രതിയുടെ വീട്ടിൽ നിന്ന് പോലീസ് കണ്ടെടുത്തു.
ഹൈദരാബാദിന്റെ പ്രാന്തപ്രദേശമായ മെദിപ്പള്ളിയിലെ ബാലാജി ഹിൽസിലാണ് ക്രൂരമായ കൊലപാതകം നടന്നത്. പ്രണയത്തിലായി വിവാഹിതരായ സ്വാതിയും മഹേന്ദറും വികാരാബാദ് ജില്ലയിലെ കമാറെഡ്ഡിഗുഡ സ്വദേശികളാണ്. വിവാഹശേഷം ഇവർ ബാലാജി ഹിൽസിലേക്ക് താമസം മാറിയിരുന്നു. ഒരു ടാക്സി കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മഹേന്ദർ കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് ഭാര്യ സ്വാതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം മഹേന്ദർ മൃതദേഹം കഷണങ്ങളാക്കി മുറിച്ച് ഉപേക്ഷിക്കാൻ ശ്രമിച്ചു.
കൊലപാതകത്തിനു ശേഷം മഹേന്ദർ സ്വന്തം സഹോദരിയെ വിളിച്ച് ഭാര്യയെ കാണാനില്ലെന്ന് അറിയിച്ചു. എന്നാൽ സംശയം തോന്നിയ സഹോദരി ഒരു ബന്ധുവിനെ വിവരം അറിയിക്കുകയും അവർ ചേർന്ന് മഹേന്ദറിനെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. പോലീസ് സ്റ്റേഷനിലെത്തിയപ്പോഴും ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ മഹേന്ദർ പോലീസിന്റെ ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ചു. ഭാര്യയെ കൊലപ്പെടുത്തിയതായി ഇയാൾ പോലീസിനോട് വെളിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് മൽക്കാജ്ഗിരി സോൺ ഡിസിപി പി.വി പത്മജ വിശദീകരിച്ചു. മഹേന്ദർ അറസ്റ്റിലായെന്നും കസ്റ്റഡിയിൽ ചോദ്യം ചെയ്യുകയാണെന്നും അവർ പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ തലയും കൈകാലുകളും മൂസി നദിയിൽ ഉപേക്ഷിച്ചതായി പ്രതി പോലീസിനോട് സമ്മതിച്ചു. എന്നാൽ മുങ്ങൽ വിദഗ്ദ്ധർ നദിയിൽ തിരച്ചിൽ നടത്തിയെങ്കിലും മൃതദേഹഭാഗങ്ങൾ കണ്ടെത്താൻ സാധിച്ചിട്ടില്ല. മൃതദേഹത്തിന്റെ ഉടൽഭാഗം മഹേന്ദറിന്റെ വീട്ടിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
”ഫോറൻസിക് തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. യുവതിയുടെ ഉടൽഭാഗം മാത്രമാണ് ലഭിച്ചത്. മരിച്ചത് സ്വാതിയാണെന്ന് ഉറപ്പുവരുത്താൻ ഡിഎൻഎ പരിശോധന നടത്തും,” ഓഫീസർ പറഞ്ഞു. “ബിഎൻഎസ് വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. അന്വേഷണവും വിചാരണയും അതിവേഗം പൂർത്തിയാക്കും,” അവർ കൂട്ടിച്ചേർത്തു.
മകളുടെ ഭർത്താവുമായി ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെന്നും, അതിനാൽ തങ്ങൾ പരസ്പരം സംസാരിക്കുന്നത് നിർത്തിയിരുന്നെന്നും കൊല്ലപ്പെട്ട യുവതിയുടെ പിതാവ് പറഞ്ഞു. “മകൾ നന്നായി ജീവിക്കുന്നുണ്ടെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ മഹേന്ദർ അവളെ എപ്പോഴും ഉപദ്രവിച്ചിരുന്നു. എന്റെ മകൾ അനുഭവിച്ച അതേ വേദന അവൻ അനുഭവിക്കണം,” അദ്ദേഹം പറഞ്ഞു.