
കൊച്ചി: സംസ്ഥാനത്ത് റെക്കോർഡ് ഉയരത്തിൽ നിന്ന് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ് രേഖപ്പെടുത്തി. ഇന്ന് പവന് 320 രൂപയാണ് കുറഞ്ഞത്. 64,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 40 രൂപയാണ് കുറഞ്ഞത്. 8010 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
20ന് സ്വർണവില രേഖപ്പെടുത്തിയ സർവകാല റെക്കോർഡ് ആണ് ചൊവ്വാഴ്ച ഭേദിച്ചത്. അടുത്ത ദിവസം തന്നെ 65,000 എന്ന സൈക്കോളജിക്കൽ ലെവലും കടന്ന് സ്വർണവില കുതിക്കുമെന്ന സൂചനയ്ക്കിടെയാണ് കഴിഞ്ഞ രണ്ടുദിവസമായി വില കുറയുന്നത്.
കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്. ദിവസങ്ങൾ കൊണ്ടുതന്നെ 64,000 കടന്ന് സ്വർണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. രാജ്യാന്തര വിപണിയിലെ മാറ്റങ്ങളാണ് സ്വർണ വിലയിൽ പ്രതിഫലിക്കുന്നത്.
അമേരിക്കയിൽ ഡൊണൾഡ് ട്രംപ് അധികാരമേറ്റതിനു പിന്നാലെ ധന വിപണിയിൽ ഉണ്ടായ അനിശ്ചിതത്വം സുരക്ഷിത നിക്ഷേപം എന്ന നിലയിൽ സ്വർണത്തിന് പ്രിയം കൂട്ടിയിട്ടുണ്ട്. കൂടാതെ ഓഹരി വിപണിയിൽ ഉണ്ടാകുന്ന ചലനങ്ങളും സ്വർണവിലയെ സ്വാധീനിക്കുന്നുണ്ട്.